'അനിമൽ' ചെയ്തയാളെ ശ്രീരാമനായി കാണാനാവില്ല; അതൃപ്തി പ്രകടിപ്പിച്ച് രാമാനന്ദ സാഗറിന്റെ കൊച്ചുമകൻ

#മൂവി ഡെസ്ക്
ശിവ് സാഗർ, രാമായണം എന്ന ചിത്രത്തിൽ രൺബീർ കപൂർ | ഫോട്ടോ: Facebook, Screengrab
ശിവ് സാഗർ, രാമായണം എന്ന ചിത്രത്തിൽ രൺബീർ കപൂർ | ഫോട്ടോ: Facebook, Screengrab

'രാമായണം' സിനിമയിൽ രൺബീർ കപൂറിനെ ശ്രീരാമനായി തിരഞ്ഞെടുത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഇതിഹാസ പരമ്പരയായ രാമായണം നിർമ്മിച്ച രാമാനന്ദ് സാഗറിന്റെ ചെറുമകൻ ശിവ് സാഗർ. രൺബീർ കപൂർ തന്റെ മുൻകാല വേഷങ്ങളുടെ വലിയൊരു സ്വാധീനവുമായാണ് ഈ ചിത്രത്തിലേക്ക് എത്തുന്നതെന്ന് ശിവ് സാഗർ അഭിപ്രായപ്പെട്ടു. 'അനിമൽ' എന്ന ചിത്രത്തിലെ ക്രൂരനായ കഥാപാത്രത്തിന് ശേഷം അദ്ദേഹത്തെ രാമനായി ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് ശിവ് സാഗർ പറയുന്നത്. നിതേഷ് തിവാരിയാണ് രാമായണം എന്ന ചിത്രത്തിന്റെ സംവിധായകൻ.

1987-ലെ പ്രശസ്തമായ ദൂരദർശൻ ഷോയായ 'രാമായണവും' അതിന്റെ തുടർച്ചയായ 'ലവ്-കുശും' നിർമ്മിച്ച ഇതിഹാസ ചലച്ചിത്രകാരൻ രാമാനന്ദ് സാഗറിന്റെ പേരക്കുട്ടിയാണ് ശിവ് സാഗർ. വ്യക്തിപരമായി രൺബീറിനോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം മികച്ച ഒരു നടനാണെന്നും ശിവ് സാഗർ പറഞ്ഞു. എന്നാൽ, ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു പുതിയ മുഖമായിരുന്നു ആവശ്യമായിരുന്നത്. മുൻകാല ചരിത്രമോ വേഷങ്ങളുടെ സ്വാധീനമോ ഇല്ലാത്ത പുതിയ മുഖങ്ങളെയാണ് സാധാരണയായി ടെലിവിഷൻ പരമ്പരകളിൽ തങ്ങൾ ഇത്തരം വേഷങ്ങളിലേക്ക് തിരഞ്ഞെടുക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"നാം രൺബീറിനെ വ്യത്യസ്ത വേഷങ്ങളിൽ കണ്ടിട്ടുണ്ട്; അദ്ദേഹം വളരെ നല്ലൊരു നടനാണ്. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തിനോട് വിരോധമൊന്നുമില്ല. മാർക്കറ്റിംഗ് പ്രയോജനം ലഭിക്കാനായിരിക്കും അവർ അദ്ദേഹത്തെ ഈ പ്രോജക്റ്റിലേക്ക് എടുത്തതെന്ന് ഞാൻ കരുതുന്നു, ഒരുപക്ഷേ രൺബീറിനെ എടുത്തില്ലെങ്കിൽ സിനിമ അത്രത്തോളം മാർക്കറ്റ് ചെയ്യപ്പെടില്ലായിരിക്കാം, അതിനാൽ അതും ചിന്തിക്കേണ്ട കാര്യമാണ്. എന്നാൽ ഇത്തരം കഥാപാത്രങ്ങൾക്ക് ഒരു പുതിയ മുഖത്തെ എടുക്കുന്നതാണ് നല്ലതെന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു," അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ചിത്രത്തിലെ മറ്റ് താരങ്ങളെ ശിവ് സാഗർ പ്രശംസിച്ചു. രാവണനായി അഭിനയിക്കുന്ന യഷിന്റെയും സീതയായി എത്തുന്ന സായ് പല്ലവിയുടെയും ലുക്കുകൾ വളരെ മികച്ചതാണെന്നും അവർക്ക് രൺബീറിനെപ്പോലെ മുൻകാല വേഷങ്ങളുടെ വലിയ ഭാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, പഴയ രാമായണ പരമ്പരയിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി വേഷമിടുന്നുണ്ട്. രൺബീറിന്റെ കാര്യത്തിൽ തനിക്ക് അതൃപ്തിയുണ്ടെങ്കിലും അന്തിമമായി 'ജനങ്ങളാണ് രാജാവ്'. സിനിമ ഇറങ്ങുമ്പോൾ പ്രേക്ഷകർ അദ്ദേഹത്തെ സ്വീകരിച്ചാൽ തന്റെ അഭിപ്രായത്തിന് പ്രാധാന്യമില്ലെന്നും ശിവ് സാഗർ കൂട്ടിച്ചേർത്തു.

നമിത് മൽഹോത്ര നിർമ്മിച്ച് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന 'രാമായണ'ത്തിൽ രവി ദുബെ, സണ്ണി ഡിയോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗം ഈ നവംബറിലും രണ്ടാം ഭാഗം 2027 ലെ ദീപാവലിക്കാലത്തുമാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. എ.ആർ. റഹ്മാൻ, ഹാൻസ് സിമ്മർ എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: Shiv Sagar, grandson of legendary Ramayan creator Ramanand Sagar, voiced strong objection to casting Ranbir Kapoor as Lord Rama in Nitesh Tiwari's upcoming epic, stating that the actor's past roles like Animal carry too much baggage for the revered character.