'എല്ലാം തുടങ്ങിയത് ഇവിടെനിന്ന്'; വൈറലായി ഷറഫുദ്ദീന്റെ റാസല്‍ഖൈമ പോസ്റ്റ്, ആഘോഷമാക്കി ആരാധകര്‍

ഷറഫുദ്ദീൻ പോസ്റ്റ് ചെയ്ത ചിത്രം
ഷറഫുദ്ദീൻ പോസ്റ്റ് ചെയ്ത ചിത്രം

പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ നടനായും നിർമാതാവായും ബോക്‌സ്ഓഫീസില്‍ ഗംഭീര പ്രകടനം നടത്തുകയാണ് നടന്‍ ഷറഫുദ്ദീന്‍. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പെറ്റ് ഡിറ്റക്ടീവ് നിറഞ്ഞ സദസ്സിലാണ് ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയയിലെ ഷറഫുദ്ദീന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഷറഫുദ്ദീനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം പ്രേക്ഷകര്‍ ഓര്‍ക്കുക പ്രേമം എന്ന ചിത്രത്തിലെ ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രമാണ്. 'റാസല്‍ഖൈമയിലെ വലിയ വീട്ടില്‍ ആ രാജകുമാരന്‍ ഒറ്റയ്ക്കായിരുന്നു' എന്ന ഡയലോഗില്‍ പ്രേമത്തിലെ മേരി വീണില്ലെങ്കിലും പ്രേക്ഷകരാകെ അന്ന് വീണു. തന്നെ 'പ്രശസ്തനാക്കിയ' റാസല്‍ഖൈമയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഷറഫുദ്ദീന്‍ പങ്കുവെച്ചത്. 'എല്ലാം തുടങ്ങിയത് ഇവിടെനിന്നാണ്' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്.

നിമിഷങ്ങള്‍ക്കകം ഷറഫുദ്ദീന്റെ പോസ്റ്റ് വൈറലായി.

കമന്റ് ബോക്‌സില്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരുടെ ആഘോഷമാണ് നടക്കുന്നത്. 'ഒടുവില്‍ ഹോം ടൗണില്‍ എത്തി അല്ലേ' എന്നാണ് ഒരു കമന്റ്. 'വലിയ വീട് എവിടെ' എന്ന് മറ്റൊരാള്‍. ജലം അതിന്റെ നാഥനെ കണ്ടെത്തി, ഇവിടെ വെച്ചാണ് ആ ബാല്യം പകച്ചുപോയത്, ഇപ്പോഴാണ് എത്തിയത്... എന്നിങ്ങനെ പോകുന്നു ആരാധകരുടെ രസകരമായ കമന്റുകള്‍. കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് 'ആ വലിയ വീട്' എവിടെ എന്നായിരുന്നു.

Content Highlights: Sharaf U Dheen's Viral Post from Ras Al Khaimah, the 'Home Town' of His Iconic Character 'Girirajan Kozhi' in Premam movie