ഇന്ത്യന്‍ 2 സെറ്റിലെ അപകടം; ശങ്കര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

-
-

ചെന്നൈ: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ സംവിധായകന്‍ ശങ്കര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.   സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. സെറ്റില്‍ ഒരുക്കിയിരുന്ന ടെന്റിന് മേല്‍ ക്രെയിന്‍ വീണു. ക്രെയിനിനടയില്‍പ്പെട്ട മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു.

ടെന്റിനുള്ളില്‍ അവര്‍ക്കൊപ്പം ശങ്കറും ഇരുന്നിരുന്നു. ടെന്റിന് മുകളില്‍ കെട്ടിയിരുന്ന തുണിയുടെ ഭാഗമാണ് ശങ്കറിന് മേല്‍ വീണത്. അദ്ദേഹം ഇരുന്നിടത്ത് നിന്ന് തെന്നിമാറിയത് കൊണ്ട് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ശങ്കറിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 

അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സംഭവസമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

Content Highlights: Shankar had a miraculous escape at Indian 2 accident, Kamal Haasan Movie 

Content Highlights: