എന്റെ സിനിമകളൊന്നും മക്കൾ കണ്ടിട്ടില്ല, വീട്ടിലെ മികച്ച കുക്ക് അജിത്ത്- ശാലിനി

ചുരുങ്ങിയകാലംകൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടി ശാലിനി. ബേബി ശാലിനിയായി തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപിടി ചിത്രങ്ങളുടെ ഭാഗമായ ശാലിനി നായികയായെത്തിയപ്പോഴും പ്രേക്ഷകർ ഇരുകൈയുംനീട്ടി സ്വീകരിച്ചു. തമിഴ്നടൻ അജിത്ത് കുമാറുമായുള്ള പ്രണയ വിവാഹത്തിനുപിന്നാലെ താരം സിനിമാലോകത്തുനിന്നും വിട്ടുനിന്നു. ഇപ്പോഴിതാ ജെഎഫ്ഡബ്ലു പുരസ്കാരവേദിയിലെത്തിയ ശാലിനിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ സിനിമകളൊന്നും മക്കൾ കണ്ടിട്ടില്ലെന്നും വീട്ടിലെ മികച്ച കുക്ക് അജിത്ത് കുമാറാണെന്നും ശാലിനി പറഞ്ഞു.
തന്റെ ഒരു സിനിമപോലും മക്കൾ കണ്ടിട്ടില്ല. ഓരോസമയവും കാണാമെന്ന് പറയും, എന്തെങ്കിലും കാര്യംകൊണ്ട് അത് നടക്കാതെപോവും. അടുത്തിടെ മകൾ അലൈപായുതേ എന്ന സിനിമ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. മനോഹരമായ സിനിമയാണതെന്ന് അവളുടെ സുഹൃത്ത് പറഞ്ഞിട്ടാണ് അമ്മയ്ക്കൊപ്പം ഒരുമിച്ചുകാണാം എന്നുപറഞ്ഞത്. പക്ഷേ അതും നടന്നില്ല. - ശാലിനി പറയുന്നു.
പുരസ്കാരവേദിയിലേക്ക് വരുന്ന കാര്യം മകനോട് പറഞ്ഞപ്പോൾ അവൻ തന്റെ സുഹൃത്തുക്കളോട് അതേക്കുറിച്ച് ആവേശത്തോടെ പറഞ്ഞെന്നും ശാലിനി പറയുന്നു. മകന്റെ ഇഷ്ടപ്പെട്ട ഫുട്ബോൾതാരം റൊണാൾഡീഞ്ഞോ ആണ്, അദ്ദേഹം ബാലൺദ്യോർ പുരസ്കാരം സമ്മാനിക്കുന്നതുപോലെ അമ്മയും ഒരാൾക്ക് സമ്മാനിക്കാൻ പോവുകയാണെന്നു പറഞ്ഞു. ഇത്ര താൽപര്യത്തോടെ സംസാരിച്ചതുകൊണ്ട്, നിനക്ക് അമ്മയുടെ ഒരു സിനിമ കണ്ടുകൂടെ എന്നു ചോദിച്ചപ്പോൾ, പിന്നെ കാണാം അമ്മേ എന്നുപറയുകയായിരുന്നുവെന്നും ശാലിനി പറയുന്നു.
അജിത്ത് വളരെ മനോഹരമായി പാചകം ചെയ്യുമെന്നും ശാലിനി പറയുന്നു. നിരവധി തവണ വീട്ടിൽ ബിരിയാണി തയ്യാറാക്കിയിട്ടുണ്ട്. അഞ്ചോ, ആറോ പേരടങ്ങുന്ന കുടുംബത്തിന് മാത്രമല്ല നൂറുപേർക്കുവരെ അദ്ദേഹത്തിന് പാചകം ചെയ്തുകൊടുക്കാനറിയും. പാചകം അത്രയേറെ ഇഷ്ടമുള്ളയാളാണ്. വീട്ടിൽ ആരെങ്കിലും വന്നാൽ ആദ്യം ചോദിക്കുക, ഭക്ഷണം കഴിച്ചോയെന്നാവും. മറ്റുള്ളവർക്കുവേണ്ടി ഭക്ഷണം തയ്യാറാക്കിക്കൊടുക്കാൻ അത്രയേറെ ഇഷ്ടപ്പെടുന്നയാളാണ് അജിത്ത് എന്നും ശാലിനി കൂട്ടിച്ചേർത്തു.
പുരസ്കാരവേദിയിൽ അജിത്തും വിജയുമായുള്ള ബന്ധത്തേക്കുറിച്ച് ശാലിനി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരുടേയും ആരാധകർ രണ്ട് ചേരികളായിതിരിഞ്ഞ് വാക്തർക്കങ്ങളിൽ ഏർപ്പെടാറുണ്ടെങ്കിലും വിജയും അജിത്തും നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നാണ് ശാലിനി പറഞ്ഞത്. പരസ്പരം വിജയങ്ങളിൽ സന്തോഷിക്കുന്നവരാണ് ഇരുവരുമെന്നും ശാലിനി കൂട്ടിച്ചേർത്തിരുന്നു.
Content Highlights: Actress Shalini reveals her children haven`t watched her films. She also shares that Ajith Kumar is the best cook at home and his love for cooking.