ബോക്‌സോഫീസ് കുതിപ്പിന് പിന്നാലെ 'പഠാന്‍' ഒ.ടി.ടിയിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പഠാന്‍ പോസ്റ്റര്‍ | photo: facebook/shahrukh khan
പഠാന്‍ പോസ്റ്റര്‍ | photo: facebook/shahrukh khan

തിയേറ്ററില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' ഒ.ടി.ടിയിലേയ്ക്ക്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആയിരം കോടിയിലധികം രൂപയാണ് 'പഠാന്‍' ബോക്‌സോഫീസില്‍ നിന്നും നേടിയത്. 

മാര്‍ച്ച് 22-ന് ചിത്രം ഒ.ടി.ടിയില്‍ റിലീസാകും. ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്. ഹിന്ദി, തെലുഗു, തമിഴ് ഭാഷകളില്‍ ചിത്രം ലഭ്യമാകും. 

നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് പഠാനിലൂടെ ഷാരൂഖ് ഖാന്‍ ഗംഭീരമാക്കിയിരുന്നു. ജനുവരി 25-ന് റിലീസായ ചിത്രം ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ ഉള്‍പ്പടെ ഒട്ടനവധി റെക്കോഡുകള്‍ നേടിയിരുന്നു.

ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍  സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. 2018-ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ നായകനായി വേഷമിട്ടത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Content Highlights: shahrukh khan movie pathan ott release announced