പണം കവരുന്ന നർത്തകി, സംഘർഷകാലത്തെ നഴ്സുമാർ; കാൻ കൈയടിച്ച ജീവിതങ്ങൾ

പാരീസ്: കാൻ ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പാം ദെ ഓർ പുരസ്കാരം യു.എസ്. സംവിധായകൻ സീൻ ബേക്കറിന്റെ 'അനോറ' സ്വന്തമാക്കി. ധനികനിൽനിന്ന് സ്വർണം സമ്പാദിക്കുന്ന നർത്തകിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മൈക്കി മാഡിസണാണ് നർത്തകിയായി ചിത്രത്തിൽ വേഷമിടുന്നത്.
ഇന്ത്യൻ സിനിമയ്ക്കും അഭിമാനിക്കാനുള്ള മുഹൂർത്തങ്ങൾ കാനിലുണ്ടായി. പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് 77-ാം കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ഗ്രാൻഡ് പ്രി’ പുരസ്കാരം ലഭിച്ചു. ആദ്യമായാണ് ഇന്ത്യൻ സംവിധായികയ്ക്ക് ഗ്രാൻഡ് പ്രി ലഭിക്കുന്നത്. 80 ശതമാനവും മലയാളഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച കാനിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. കാണികൾ എഴുന്നേറ്റുനിന്ന് എട്ടുമിനിറ്റ് കൈയടിച്ചു. പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്‌സുമാരുടെ മുംബൈ ജീവിതത്തിലെ സംഘർഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.’ മുംബൈയിലും രത്നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായൽ കപാഡിയയാണ്.
ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലനിയുടെ മകളാണ് പായൽ. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യൻ കമ്പനികളായ ചോക്ക് ആൻഡ് ചീസും അനദർ ബെർത്തും ചേർന്നാണ് ചിത്രം നിർമിച്ചത്.
അൺ സേർട്ടൻ റിഗാഡ് വിഭാഗത്തിൽ അനസൂയ മികച്ച നടി
കാൻ ചലച്ചിത്രോത്സവത്തിൽ നവഭാവുകത്വത്തിനും പുതുവഴികൾക്കും പുതുരാജ്യങ്ങൾക്കും പ്രാധാന്യംനൽകുന്ന ‘അൺ സേർട്ടൻ റിഗാഡ്’ വിഭാഗത്തിലെ മികച്ച നടിയായി കൊൽക്കത്തക്കാരി അനസൂയ സെൻഗുപ്ത. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ അഭിനേതാവാണ് അനസൂയ.
ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാന്റിൻ ബൊജനോവ് സംവിധാനം ചെയ്ത ‘ദ ഷെയിംലെസ്’ എന്ന ഹിന്ദി ഭാഷാ ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
രണ്ടു ലൈംഗികത്തൊഴിലാളികൾ നേരിടുന്ന ചൂഷണവും ദുരിതങ്ങളും അനാവരണം ചെയ്യുന്ന സിനിമയാണ് ‘ദ ഷെയിംലെസ്.’ ഈ മാസം 17-നാണ് ചിത്രം കാനിൽ പ്രദർശിപ്പിച്ചത്. ക്വീർ സമൂഹത്തിനും മറ്റു പാർശ്വവത്കൃത സമൂഹങ്ങൾക്കും പുരസ്കാരം സമർപ്പിക്കുന്നതായി അനസൂയ പറഞ്ഞു.
പിയർ അജെന്യൂ പുരസ്കാരം സന്തോഷ് ശിവന്
കാൻ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള പിയർ അജെന്യൂ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ഛായാഗ്രാഹകൻ സന്തോഷ് ശിവന് നടി പ്രീതി സിന്റ വെള്ളിയാഴ്ച സമ്മാനിച്ചു. ഛായാഗ്രഹണരംഗത്തെ അനുപമമായ സംഭാവനയ്ക്ക് 2013 മുതൽ നൽകുന്ന പുരസ്കാരമാണിത്. ഇതു ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് സന്തോഷ് ശിവൻ. ഛായാഗ്രഹണരംഗത്തെ ഇതിഹാസങ്ങളായ എഡ്വേഡ് ലാച്മാൻ, ആഗ്നസ് ഗൊദാർദ്, റോജർ ഡീകിൻസ് തുടങ്ങിയവർക്കാണ് മുമ്പ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. സൂം ലെൻസുകളുടെ നിർമാതാക്കളായ അജെന്യൂ കാൻ ചലച്ചിത്രോത്സവവുമായി സഹകരിച്ചു നൽകുന്ന പുരസ്കാരമാണിത്.
ചടങ്ങിൽ തന്റെ ചലച്ചിത്രയാത്രയെക്കുറിച്ചുപറഞ്ഞ സന്തോഷ് ശിവൻ, ‘രാഖ്’ (1989) എന്ന ആമിർഖാൻ ചിത്രത്തിൽ അജെന്യൂ ലെൻസുകൾ ഉപയോഗിച്ചത് ഓർമിച്ചു.
1980-കളിൽ ചലച്ചിത്ര രംഗത്തെത്തിയ അദ്ദേഹം 55 ഫീച്ചർ സിനിമകളുടെയുംം ഒട്ടേറെ ഡോക്യുമെന്ററികളുടെയും ഛായാഗ്രാഹകനാണ്. മലയാളചിത്രം ‘ഉറുമി’യുൾപ്പെടെ (2011) ഏതാനും സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
Content Highlights: Sean Baker’s Anora wins Palme d’Or at Cannes 2024