അഭിനയിക്കാൻ പോയാൽ കൈത്തണ്ട മുറിക്കുമെന്ന് അമ്മ പറഞ്ഞു; അനുഭവം പങ്കുവെച്ച് സയാനി

#Movies Desk
സയാനി ഗുപ്ത| Photo: instagram.com/sayanigupta/?hl=en
സയാനി ഗുപ്ത| Photo: instagram.com/sayanigupta/?hl=en

ബോളിവുഡ‍് ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന സഹനടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് സയാനി ഗുപ്ത. കരുത്താർന്ന കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള സയാനിയുടെ അഭിനയമോഹത്തിന് അമ്മയിൽ നിന്ന് തീരെ പിന്തുണ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. ഒരുഘട്ടത്തിൽ താൻ തുടർന്ന് അഭിനയിച്ചാൽ കൈത്തണ്ട മുറിക്കുമെന്നുപോലും അമ്മ പറയുകയുണ്ടായെന്നും സയാനി പറയുന്നു. 

ഇരുപത്തിയൊന്നാം വയസ്സിൽ ഉയർന്ന ശമ്പളമുള്ള കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് സയാനി സിനിമാലോകത്തെത്തുന്നത്. അമ്മ എതിർപ്പറിയിച്ചിരുന്നെങ്കിലും എന്നും നടിയാകുക എന്നതായിരുന്നു തന്റെ സ്വപ്നമെന്ന് സയാനി പറയുന്നു. പുണെയിലെ എഫ്ടിഐഐ( Film and Television Institute of India )യിൽ അപേക്ഷിക്കുന്നതും ആ ആഗ്രഹം പൂർത്തിയാക്കാനാണ്. എന്നാൽ നല്ല ശമ്പളമുള്ള ജോലിവിട്ട് സിനിമാമേഖലയിലേക്ക് താൻ കടക്കുന്നതിനെ അമ്മയ്ക്ക് അംഗീകരിക്കാനേ കഴിഞ്ഞിരുന്നില്ലെന്നാണ് സയാനി പറയുന്നത്.

നീ അഭിനയിക്കാൻ പോവുകയാണെങ്കിൽ ഞാൻ എന്റെ കൈത്തണ്ട മുറിക്കും- എന്നാണ് അമ്മ പറഞ്ഞത്. എന്നാൽ തന്റെ സ്വപ്നങ്ങളെ പിന്തുണച്ചിരുന്നയാളാണ് അച്ഛൻ. അദ്ദേഹം സൗഹൃദപരമായാണ് നിന്നിരുന്നത്. എഫ്ടിഐഐയിൽ അഡ്മിഷൻ എടുത്തപ്പോൾ ഒരുമാസത്തേക്ക് അമ്മ സംസാരിക്കാതിരുന്നുവെന്നും സയാനി പറയുന്നു.

തിയേറ്റർ റിഹേഴ്സലുകൾക്കുപോലും പോകാൻ അനുവദിക്കാതെ അമ്മ എന്നെ മുറിയിൽ പൂട്ടിയിടുമായിരുന്നു. അഭിനേതാക്കൾ പ്രോസ്റ്റിറ്റ്യൂട്ടുകൾ ആണെന്നാണ് അമ്മ പറഞ്ഞിരുന്നത്. അതായിരുന്നു അഭിനയിക്കുന്നവരേക്കുറിച്ച് അമ്മയ്ക്കുള്ള കാഴ്ചപ്പാട്- സയാനി പറയുന്നു.

എന്നാൽ എഫ്ടിഐഐ ക്യാംപസിൽ ഒരിക്കൽ വന്നതോടെ അമ്മയുടെ കാഴ്ചപ്പാടിൽ മാറ്റംവന്നുവെന്നും സയാനി പറയുന്നു.

2012-ൽ സെക്കന്റ് മാര്യേജ് ഡോട്ട് കോം എന്ന ചിത്രത്തിലൂടെയാണ് സയാനിയുടെ സിനിമാ അരങ്ങേറ്റം. ഫാൻ, ജോളി എൽഎൽബി, ആർട്ടിക്കിൾ 15 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ സഹതാരത്തിന്റെ വേഷം ചെയ്തു. ഫോർ മോർ ഷോട്ട്സ് പ്ലീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Content Highlights: Actress Sayani Gupta reveals her mother`s extreme opposition to her acting dreams, including threats of self-harm