വോട്ടർ പട്ടികയിൽ പേരില്ല; മഹാരാഷ്ട്ര കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ ധുരന്ധർ നടി

#Movie Desk
സൗമ്യാ ടണ്ഠന്‍ | Photo: instagram.com/saumyas_world_
സൗമ്യാ ടണ്ഠന്‍ | Photo: instagram.com/saumyas_world_

ഗോള കളക്ഷൻ 1300 കോടി രൂപയും കടന്ന് ബോക്‌സ് ഓഫീസിൽ തരംഗമായി മാറിയ ബോളിവുഡ് ചിത്രമാണ് ധുരന്ധർ. രൺവീർ സിങ് നായകനായെത്തിയ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ നടിയാണ് സൗമ്യാ ടണ്ഠൻ. ഉൽഫത് ജഹാൻ എന്ന കഥാപാത്രമായാണ് സൗമ്യ ധുരന്ധറിൽ വേഷമിട്ടത്. ഇപ്പോഴിതാ മഹാരാഷ്ട്ര മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതിരുന്നതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് സൗമ്യ.

ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിലേക്ക് (ബിഎംഎസ്) നടന്ന തിരഞ്ഞെടുപ്പിലാണ് സൗമ്യാ ടണ്ഠന് തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതിരുന്നത്. പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുമ്പ് വിവരങ്ങൾ ഓൺലൈനായി പരിശോധിച്ചിരുന്നെങ്കിലും ബൂത്തിലെത്തിയപ്പോൾ വോട്ടർപട്ടികയിൽ പേരില്ല എന്ന് ഉദ്യോഗസ്ഥർ പറയുകയായിരുന്നു.

'ഓൺലൈനിൽ പരിശോധിച്ച ശേഷമാണ് ഞാൻ വോട്ട് ചെയ്യാനായി പോയത്. അവിടെ താഴെയായി ഹെൽപ്പ് ഡെസ്‌ക് ഉണ്ടായിരുന്നു. അവിടെയുള്ളവരാണ് എനിക്ക് ബൂത്തിലേക്കുള്ള വഴികാട്ടിയത്. ഓൺലൈൻ വിവരങ്ങൾ ഞാൻ സ്‌ക്രീൻഷോട്ടെടുക്കുക പോലും ചെയ്തിരുന്നു. എന്നാൽ ഞാൻ അവിടെയെത്തിയപ്പോൾ അവർ എന്നോട് മറ്റൊരു സ്ഥലത്തേക്ക് പോകാൻ പറഞ്ഞു. ഓൺലൈനിലെ എന്റെ വിവരങ്ങൾ മറ്റൊരിടമാണ് കാണിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് അവർ ഇക്കാര്യം പറഞ്ഞത്.' -വാർത്താ ഏജൻസിയായ എഎൻഐയോട് സൗമ്യാ ടണ്ഠൻ പറഞ്ഞു.

'രാവിലെ സൈറ്റിൽ കണ്ടത് പ്രകാരം ഡാൽമിയാ കോളേജിലായിരുന്നു എന്റെ ബൂത്ത്. എന്തുകൊണ്ടാണ് ഈ ആശയക്കുഴപ്പമുണ്ടായതെന്ന് എനിക്കറിയില്ല. എന്റെ പേര് ഓൺലൈനിൽ പരിശോധിച്ചശേഷം അവരെന്നോട് മറ്റൊരിടത്തേക്ക് പോകാൻ പറഞ്ഞു.' -സൗമ്യ തുടർന്നു. വോട്ട് ചെയ്യുകയെന്നത് തന്റെ അവകാശവും കടമയുമാണെന്നും തനിക്ക് വോട്ട് ചെയ്‌തേ തീരൂവെന്നും പറഞ്ഞ താരം, തന്റെ പേര് വോട്ടർപട്ടികയിലുണ്ടോ എന്ന് പോലും സംശയമാണെന്നും കൂട്ടിച്ചേർത്തു.

Content Highlights: Dhurandhar actress Saumya Tandon was unable to cast her vote in the 2026 Maharashtra local body elections after her name was missing from the voter list. Despite checking her details online and skipping her film shoot, she faced significant confusion at multiple polling booths in Mumbai.