വിജയ്‌യെ ഒരു നേതാവായി കാണാനാകില്ല, വിമർശിക്കേണ്ടതിനെ വിമർശിക്കുകതന്നെ ചെയ്യും- ശരത്കുമാർ

നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്‌ക്കെതിരെ കടുത്ത വിമർശനവുമായി നടനും ബിജെപി നേതാവുമായ ശരത്കുമാർ രംഗത്ത്. വിജയ് ഒരു യഥാർത്ഥ നേതാവല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേർന്നതിന് ശേഷം തനിക്കും തന്നെ പിന്തുണക്കുന്നവർക്കും അർഹമായ സ്ഥാനമാനങ്ങൾ ലഭിക്കാത്തതിലുള്ള അതൃപ്തിയും ശരത്കുമാർ പ്രകടിപ്പിച്ചു. ശരത്കുമാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ടാണ് ശരത്കുമാർ പ്രധാനമായും വിജയ്‌യെ വിമർശിച്ചത്. വിജയ് ഒരിക്കലും ഒരു നേതാവല്ലെന്ന് ശരത്കുമാർ പറഞ്ഞു. കരൂർ ദുരന്തത്തിൽ 41 പേർ മരിച്ചതിന് ശേഷം, അവരെ നേരിട്ട് കാണാതെ, അവരെ തന്നെ കാണാൻ വിളിച്ചുവരുത്തിയതിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്. 1996-ലെ തിരഞ്ഞെടുപ്പിൽ താൻ എങ്ങനെയാണോ പ്രചാരണം നടത്തിയത്, അതുപോലെ തന്നെ വരും തിരഞ്ഞെടുപ്പിലും തുടരും. വിമർശിക്കേണ്ട കാര്യങ്ങളെ വിമർശിക്കുകതന്നെ ചെയ്യുമെന്നും ശരത്കുമാർ പറഞ്ഞു.
അതേസമയം, ബിജെപിയിൽ ചേർന്നതിന് ശേഷം തനിക്കും തന്റെ പിന്തുണക്കാർക്കും അർഹമായ സ്ഥാനമാനങ്ങൾ ലഭിക്കാത്തതിലുള്ള അതൃപ്തിയും ശരത്കുമാർ പങ്കുവെച്ചു. ബിജെപി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് തന്റെ അനുയായികൾ പരാതിപ്പെടുന്നുണ്ടെന്നും, ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങൾക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കായി കഠിനാധ്വാനം ചെയ്തിട്ടും കൃത്യമായ ചുമതലകൾ നൽകാത്തതിലുള്ള വേദന അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രകടിപ്പിച്ചു.
തന്റെ പാർട്ടിയായിരുന്ന സമത്വ മക്കൾ കക്ഷിയിലെ ഭാരവാഹികളിൽ നിന്നുള്ള സമ്മർദ്ദവും ശരത്കുമാർ സൂചിപ്പിച്ചു. തിരുച്ചിറപ്പള്ളിയിൽ നടന്ന ബിജെപി യോഗത്തിന്റെ വേദിയിൽ തന്റെ ചിത്രം പോലും വെക്കാതിരുന്നത് പ്രവർത്തകരെ നിരാശരാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താനോ തന്റെ ഭാര്യയോ മത്സരിക്കാനില്ലെന്ന് ശരത്കുമാർ പ്രഖ്യാപിച്ചു.
മുൻപ് 'വാരിസ്' എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചവരാണ് വിജയ്‌യും ശരത്കുമാറും എന്നത് ശ്രദ്ധേയമാണ്. സിനിമയിൽ മികച്ച ബന്ധം പുലർത്തിയിരുന്നവർ ഇപ്പോൾ രാഷ്ട്രീയത്തിൽ പരസ്പരം പോരടിക്കുന്നത് തമിഴ്നാട് രാഷ്ട്രീയത്തെ കൂടുതൽ ചൂടുപിടിപ്പിക്കുകയാണ്.
Content Highlights: Actor and BJP leader Sarathkumar has publicly criticized TVK leader Vijay’s leadership qualities while simultaneously expressing his grievance against the BJP leadership for not providing deserved positions to him and his supporters.