ഷൂട്ടൗട്ട് അറ്റ് വഡാല സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു, മരണം ബാത്റൂമിൽ തലയടിച്ച് വീണതിനുപിന്നാലെ

#മൂവി ഡെസ്ക്
സംവിധായകൻ സഞ്ജയ് ​ഗുപ്ത | Photo: X
സംവിധായകൻ സഞ്ജയ് ​ഗുപ്ത | Photo: X

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര സംവിധായകൻ സഞ്ജയ് ഗുപ്ത(59) മുംബൈയിലെ വസതിയിൽ അന്തരിച്ചു. 'കാണ്ടേ', 'ഷൂട്ട്ഔട്ട് അറ്റ് വഡാല', 'ജസ്ബ', 'കാബിൽ' തുടങ്ങിയ പ്രശസ്തമായ ആക്ഷൻ, ക്രൈം ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. വീട്ടിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് വെർസോവ പോലീസ് അറിയിച്ചു.

സഞ്ജയ് ഗുപ്തയുടെ മരണവാർത്ത കുടുംബാംഗങ്ങളും സഹപ്രവർത്തകനായ മിലാപ് സവേരിയും ചലച്ചിത്ര നിർമ്മാതാവ് അശോക് പണ്ഡിറ്റും സ്ഥിരീകരിച്ചു. മികച്ച ഒരു കഥാകൃത്തും ഊർജ്ജസ്വലനായ ചലച്ചിത്രകാരനുമായിരുന്നു സഞ്ജയ് ഗുപ്തയെന്നും അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്നും അശോക് പണ്ഡിറ്റ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. അനു ലേഖിയാണ് സഞ്ജയ് ഗുപ്തയുടെ ഭാര്യ. നേരത്തെ വിവാഹമോചനം നേടിയ ഇരുവരും പിന്നീട് വീണ്ടും വിവാഹിതരാകുകയായിരുന്നു.

1994-ൽ പുറത്തിറങ്ങിയ 'ആതിഷ്: ഫീൽ ദി ഫയർ' എന്ന ചിത്രത്തിലൂടെയാണ് തന്റെ 22-ാം വയസ്സിൽ സഞ്ജയ് ഗുപ്ത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2002-ൽ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, ലക്കി അലി, മഹേഷ് മഞ്ജരേക്കർ തുടങ്ങിയവർ അണിനിരന്ന കാണ്ടേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഈ ചിത്രത്തിലൂടെ ബോളിവുഡ് ഗ്യാങ്സ്റ്റർ-ത്രില്ലർ സിനിമകളിൽ അദ്ദേഹം സ്വന്തമായ സ്ഥാനം നേടിയെടുത്തു.

തന്റെ 25 വർഷത്തെ ചലച്ചിത്ര ജീവിതത്തെ ജയപരാജയങ്ങൾ നിറഞ്ഞ ഒന്നായാണ് സഞ്ജയ് ഗുപ്ത വിശേഷിപ്പിച്ചത്. നടൻ സഞ്ജയ് ദത്തുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ചലച്ചിത്ര മേഖലയിലുള്ള ഭൂരിഭാഗം ആളുകളും പ്രവർത്തിക്കാൻ മടിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് നാലുവർഷത്തോളം സിനിമയിൽനിന്ന് മാറിനിൽക്കേണ്ടി വന്നു. സിനിമ ഉപേക്ഷിക്കാൻപോലും വിചാരിച്ച അദ്ദേഹം ഖണ്ടാലയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്നു. എന്നാൽ മകന്റെ ജനനത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്താൻ തീരുമാനിച്ച അദ്ദേഹം നിർമ്മാതാവ് ഏക്താ കപൂർ, അഭിനേതാക്കളായ അനിൽ കപൂർ, ജോൺ എബ്രഹാം എന്നിവരുടെ പിന്തുണയോടെ വീണ്ടും സജീവമായി.

2013-ൽ പുറത്തിറങ്ങിയ ഷൂട്ട്ഔട്ട് അറ്റ് വഡാല എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹം തുടർന്ന് ജസ്ബ (2015), കാബിൽ (2017) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. പിന്നീട് മുംബൈ സാഗ, വിസ്ഫോട്, ദ മിറാൻഡ ബ്രദേഴ്സ് എന്നീ സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് ബോളിവുഡ് ക്രൈം-ത്രില്ലർ സിനിമകളിൽ തന്റേതായ മുദ്ര പതിപ്പിച്ചാണ് സഞ്ജയ് ഗുപ്ത വിടവാങ്ങിയത്.

Content Highlights: Renowned Bollywood filmmaker Sanjay Gupta, best known for directing hit action and crime thrillers like Kaante, Shootout at Wadala, and Kaabil, has passed away at the age of 59 at his Mumbai residence following a fatal fall and head injury.