ആർഎസ്എസ് പരിപാടിയിൽ സൽമാൻ ഖാൻ: അദ്ദേഹം ഇന്ത്യൻ പൗരനാണെന്ന് ഏക്നാഥ് ഷിന്ദേ

#മൂവി ഡെസ്ക്
സൽമാൻ ഖാൻ, ഏക്നാഥ് ഷിൻഡേ | ഫോട്ടോ: PTI
സൽമാൻ ഖാൻ, ഏക്നാഥ് ഷിൻഡേ | ഫോട്ടോ: PTI

മുംബൈയിൽ ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷച്ചടങ്ങിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ പങ്കെടുത്തത് ചർച്ചയാകുന്നു. ചടങ്ങിൽ പങ്കെടുത്ത സൽമാനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വിമർശകർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ. സൽമാൻ ഖാൻ ഒരു ഇന്ത്യൻ പൗരനാണെന്നും ഹൈന്ദവ ആചാരങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ഷിൻഡെ വ്യക്തമാക്കി. താരങ്ങളുടെ സാന്നിധ്യം രാഷ്ട്രീയവൽക്കരിക്കരുതെന്നും ഷിൻഡെ ആവശ്യപ്പെട്ടു.

ആർഎസ്എസ്എസിന്റെ ശതാബ്ദി ആഘോഷച്ചടങ്ങായ'100 ഇയേഴ്സ് ഓഫ് സംഘ് ജേർണി: ന്യൂ ഹൊറൈസൺസി'ന്റെ ഭാഗമായി ശനിയാഴ്ച നടന്ന മുംബൈ വ്യാഖ്യാനമാല എന്ന പരിപാടിയിലാണ് സൽമാൻ ഖാൻ പങ്കെടുത്തത്. ഇതിനെതിരെ ഉയർന്ന വിമർശനങ്ങളെ ഏക്നാഥ് ഷിൻഡേ തള്ളിക്കളഞ്ഞു. സൽമാൻ ഖാൻ ഒരു ഇന്ത്യൻ പൗരനാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ഷിൻഡെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

"സൽമാൻ ഖാൻ ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തോ ഇല്ലയോ എന്നത് എന്തുതരം ചോദ്യമാണ്? സൽമാൻ ഖാൻ ഒരു ഇന്ത്യൻ പൗരനാണ്. അദ്ദേഹത്തിന്റെ വീട്ടിൽ ഗണപതിയുടെ വിഗ്രഹമുണ്ട്. അദ്ദേഹം നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെ. സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിലൂടെ പൊതുവ്യക്തികളെ രാഷ്ട്രീയ കഥകളിൽ ഒതുക്കരുത്." ഷിൻഡെ പറഞ്ഞു.

ഈ പരിപാടിയിൽ സൽമാൻ ഖാനെ കൂടാതെ ബോളിവുഡിലെ പ്രമുഖ താരങ്ങളായ രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരും പങ്കെടുത്തിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ അക്ഷയ് കുമാർ, കരൺ ജോഹർ, അനന്യ പാണ്ഡെ, ശിൽപ ഷെട്ടി, രവീണ ഠണ്ടൻ, ജാക്കി ഷ്രോഫ് തുടങ്ങിയവരും പങ്കെടുത്തു. സുഭാഷ് ഘായ്, നിതേഷ് തിവാരി, തുടങ്ങിയ പ്രമുഖ സിനിമാ നിർമാതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. താരങ്ങൾ സദസ്സിൽ ഇരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Content Highlights: Salman Khan attended RSS event, sparking debate. Maharashtra Dy CM defends, calling it about citizenship. Bollywood stars like Ranbir, Akshay also present. Explore the controversy.