'തിരക്കഥ തിരുത്താൻ സർക്കാർ സമ്മർദം ചെലുത്തിയെന്നത് അസംബന്ധം'; റിപ്പോർട്ടുകൾ തള്ളി സൽമാൻ ഖാൻ

തന്റെ പുതിയ ചിത്രമായ 'മാതൃഭൂമി'യുടെ തിരക്കഥയിൽ 'ചൈനാവിരുദ്ധ' ഉള്ളടക്കമുള്ളതിനാൽ അത് മാറ്റിയെഴുതാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി ബോളിവുഡ് താരം സൽമാൻ ഖാൻ. ഇത്തരം പ്രചാരണം ശുദ്ധ അസംബന്ധമാണെന്ന് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ താരം വ്യക്തമാക്കി.
രണ്ട് രാജ്യങ്ങളിലെ സൈനികരുടെ കഥയാണ് ചിത്രം പറയുന്നത്. ഇതിൽ വില്ലൻ സ്വഭാവമുള്ള കഥാപാത്രങ്ങളില്ല. സാഹചര്യങ്ങളാണ് വില്ലനാവുന്നത്. സൈനികരെ സംബന്ധിച്ച് രാജ്യത്തിനാണ് പ്രഥമ പരിഗണന. പ്രയാസകരമായ ഒരു സാഹചര്യത്തിൽ അകപ്പെടുന്ന ഇരുവിഭാഗവും പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഒരു ബയോപിക് അല്ലെന്നും യഥാർഥ ജീവിതങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബാറ്റിൽ ഓഫ് ഗാൽവൻ' എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതിയുണ്ടായ പശ്ചാത്തലത്തിൽ, 2020-ലെ ഗാൽവൻ സംഘർഷത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഉള്ളടക്കത്തിൽ അധികൃതർ മാറ്റങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അപൂർവ ലാഖിയ സംവിധാനം ചെയ്ത ചിത്രം സൽമാൻ ഖാൻ ഫിലിംസാണ് നിർമിക്കുന്നത്. മാധ്യമപ്രവർത്തകരായ ശിവ് അരൂരും രാഹുൽ സിങ്ങും എഴുതിയ 'ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ് 3' എന്ന പുസ്തകത്തിലെ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയെന്നാണ് റിപ്പോർട്ട്. ഡിസംബർ നാലിനാണ് 'മാതൃഭൂമി' തിയേറ്ററുകളിൽ എത്തുന്നത്.
Content Highlights: Salman Khan refuted reports claiming government pressure to alter anti-China elements in his film 'Maatrubhumi'. Speaking at the trailer launch, the actor clarified that the movie features no villainous characters and focuses on soldiers' duty. Clarified that the film is not a traditional biopic, but a story inspired by real-life events. Originally titled 'Battle of Galwan', the film was initially based on a chapter from 'India's Most Fearless 3' by Shiv Aroor and Rahul Singh. Directed by Apoorva Lakhia and produced under Salman Khan Films, 'Maatrubhumi' releases in theaters on December 4.