ഇപ്പോൾ പഴയ രൂപമില്ല, അൺഫിറ്റാണ്, അതുകാണിക്കാനാണ് അന്ന് പരസ്യമായി ഷർട്ടൂരിയത് -സൽമാൻ ഖാൻ

#മൂവി ഡെസ്ക്
സൽമാൻ ഖാൻ | ഫോട്ടോ: Getty Images
സൽമാൻ ഖാൻ | ഫോട്ടോ: Getty Images

റിയാലിറ്റി ഷോയായ ബിഗ് ബോസ് 20-ന്റെ വേദിയിൽ വെച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ഷർട്ട് അഴിച്ചുമാറ്റിയ സംഭവം പ്രേക്ഷകരെയും ആരാധകരെയും ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. ഓൺലൈനിൽ ബോളിവുഡ് താരങ്ങൾക്ക് നേരിടേണ്ടി വരുന്ന 'ബോഡി ഷെയ്മിംഗിനും' സൈബർ അധിക്ഷേപങ്ങൾക്കും മറുപടി നൽകുന്നതിൻ്റെ ഭാഗമായാണ് അദ്ദേഹം മേക്കപ്പ് മാറ്റുകയും ഷർട്ട് അഴിക്കുകയും ചെയ്തത്. തനിക്ക് ഇപ്പോൾ സിക്സ് പാക്ക് ബോഡി ഇല്ലെന്നും താൻ പൂർണ്ണമായി ഫിറ്റല്ലെന്ന് കാണിക്കാനാണ് അപ്രകാരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ സംപ്രേഷണം ചെയ്ത 'വീക്കെൻഡ് കാ വാർ' എപ്പിസോഡിലാണ് സൽമാൻ ഖാൻ ഈ വൈറൽ സംഭവത്തെക്കുറിച്ച് വ്യക്തത വരുത്തി. താൻ ശരീരം പ്രദർശിപ്പിക്കാനോ സിക്സ് പാക്ക് കാണിക്കാനോ അല്ല ഷർട്ട് അഴിച്ചതെന്ന് സൽമാൻ വ്യക്തമാക്കി. അടുത്ത സിനിമയ്ക്കായി ശരീരസൗന്ദര്യം വീണ്ടെടുക്കാൻ ഇനിയും ഒന്നോ രണ്ടോ മാസം സമയമെടുക്കുമെന്നും നിലവിലെ ഫിറ്റ്നസ് യാത്ര പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. തന്നെ ഫിറ്റല്ലാത്ത അവസ്ഥയിലാണ് കാണിച്ചതെങ്കിലും ആരാധകർക്ക് അത് ഇഷ്ടപ്പെട്ടതിൽ തനിക്ക് അത്ഭുതം തോന്നിയതായി സൽമാൻ തമാശയോടെ പറഞ്ഞു.

"ഞാൻ എന്റെ ഷർട്ട് ഊരിയത് ഇപ്പോൾ എനിക്ക് സിക്സ്-പാക്ക് ഇല്ലെന്ന് കാണിക്കാനാണ്. എന്തുകൊണ്ടെന്നെനിക്കറിയില്ല, ആളുകൾക്ക് എന്റെ ശരീരം കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. പക്ഷേ എനിക്കിപ്പോൾ ആ രൂപമില്ല. ഞാൻ ആരോഗ്യവാനായതുകൊണ്ടല്ല ശരീരം കാണിക്കാൻ തീരുമാനിച്ചത്. പഴയ ആരോഗ്യം ഇല്ലാതിരുന്നപ്പോഴാണ് അങ്ങനെ ചെയ്തത്." സൽമാൻ ഖാന്റെ വാക്കുകൾ. സൽമാൻ്റെ ഈ തുറന്നുപറച്ചിലിനെയും ധൈര്യത്തെയും വേദിയിലുണ്ടായിരുന്ന മത്സരാർത്ഥികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്ട്രീം ചെയ്ത ബിഗ് ബോസ് വീക്കെൻഡ് വാർ എപ്പിസോഡിലാണ് സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിങ്ങിനും അധിക്ഷേപങ്ങൾക്കുമെതിരെ സൽമാൻ ഖാൻ തുറന്നടിച്ചത്. അംബാനി കുടുംബത്തിന്റെ ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുത്ത നടി കത്രീന കൈഫിന്റെ രൂപത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങളുയർന്ന സമയംകൂടിയായിരുന്നു ഇത്.

താൻ നേരിടുന്ന പ്രായത്തെച്ചൊല്ലിയുള്ള അധിക്ഷേപങ്ങളെക്കുറിച്ച് സൽമാൻ ഖാൻ തുറന്നുപറഞ്ഞു. തനിക്ക് ഇപ്പോൾ 60 വയസ്സായെന്നും പതിറ്റാണ്ടുകൾക്ക് മുൻപ് 'മേം നെ പ്യാർ കിയ' എന്ന ചിത്രത്തിൽ കണ്ടതുപോലെ എപ്പോഴും കാണപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ട്രോളർമാർക്ക് മറുപടിയായി വേദിയിൽ വെച്ച് തന്റെ തൊപ്പിയും ജാക്കറ്റും ടി-ഷർട്ടും അഴിച്ച്, മേക്കപ്പ് തുടച്ചുമാറ്റി "ഭായ് തടിച്ചു, ഭായിയെ ട്രോൾ ചെയ്യൂ" എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിന് മുമ്പ് സ്വന്തം ആരോഗ്യത്തിലും മാതാപിതാക്കളുടെ ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം വിമർശകരോട് ആവശ്യപ്പെടുകയും ചെയ്തു.

Content Highlights: On Bigg Boss 20, Bollywood superstar Salman Khan addressed his viral shirtless moment, explaining that he took off his shirt not to flex a six-pack, but to show his ongoing fitness journey while calling out online body-shaming and trolls.