‘ട്രോളന്മാരെ സമ്മതിക്കണം, അപാരമായ ക്രിയേറ്റിവിറ്റിയാണ് അവരുടേത്’; ട്രോളുകളുടെ സ്വന്തം സലിം

കൊച്ചി: “ഒരു സിനിമ തരുന്നതിനേക്കാളും കൂടുതൽ ചിരിയൊക്കെ ചിലപ്പോൾ ഒരൊറ്റ ട്രോൾ തരാറുണ്ട്.” സലിംകുമാർ ഒരിക്കൽ പറഞ്ഞ വാചകത്തിൽ മലയാളികളുടെ ട്രോളുകളിൽ നിറഞ്ഞ താരത്തിന്റെ മനസ്സുണ്ടായിരുന്നു. മലയാളത്തിലെ ട്രോളന്മാർ ഏറ്റവും കൂടുതൽ ആഘോഷിച്ച താരങ്ങളിൽ ഒരാൾ സലിംകുമാർ തന്നെയാണ്.
എന്തുകൊണ്ടാണ് ട്രോളർമാർക്ക് സലിമിനെ ഇത്രയ്ക്ക് ഇഷ്ടമായതെന്ന് ചോദിച്ചാൽ അതിന് സലിം പറയുന്നൊരു മറുപടിയുണ്ട്. “എന്നെ എന്തിനാണ് ട്രോളർമാർ ഇങ്ങനെ ഏറ്റെടുത്തതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ട്രോളർമാരോട് തന്നെ അതിനെ കുറിച്ച് ഞാൻ ചോദിച്ചിട്ടുമുണ്ട്. നമ്മളൊരു ഡയലോഗ് പറയുമ്പോൾ അതിന്റെ ഭാവം കൃത്യമായി മുഖത്തു വരണം. അത് നന്നായി വരുന്നതുകൊണ്ടാണ് എന്റെ ചിത്രങ്ങൾ ട്രോളുകളിൽ കൂടുതലായി ഉപയോഗിക്കുന്നതെന്നാണ് അവർ പറഞ്ഞത്. സത്യത്തിൽ ഞാൻ എന്ന നടന് കിട്ടുന്ന വലിയ അവാർഡ് തന്നെയല്ലേ ആ വാക്കുകൾ. ആദ്യം എന്റെ ചിത്രങ്ങൾ വെച്ചുള്ള ട്രോളുകൾ വാട്‌സാപ്പിലൊക്കെ വരുമ്പോൾ സന്തോഷവും കൗതുകവുമൊക്കെ തോന്നുമായിരുന്നു. ഇപ്പോഴും അതിന് കുറവൊന്നുമില്ല.” സലിം താൻ നായകനായ ട്രോൾനയം പ്രഖ്യാപിച്ചു.
ട്രോളർമാരെ അങ്ങേയറ്റം അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്ത ഒരു കലാകാരനായിരുന്നു സലിം. “നമ്മുടെ ട്രോളന്മാരെ സമ്മതിക്കണം. അവർക്ക് ഈ ട്രോൾ ഇറക്കിയതുകൊണ്ട് അഞ്ച് പൈസയുടെ ലാഭമില്ല, പക്ഷേ, അപാരമായ ക്രിയേറ്റിവിറ്റിയാണ് അവരുടേത്.” സലിമിന്റെ വാക്കുകളിൽ ഒരു കലാകാരന്റെ മനസ്സുണ്ടായിരുന്നു.
കൈയിൽ നിന്നിടുന്ന ഡയലോഗുകൾ ഹിറ്റാക്കാൻ കഴിയുന്ന മാന്ത്രികതയും സലിം കുമാറിനുണ്ടായിരുന്നു. “ഡബ്ബിങ് സമയത്ത് ചിലപ്പോൾ വെറുതെ കൈയിൽ നിന്നെടുത്തിടുന്ന ഡയലോഗുകളുണ്ടാകും. ആ സമയത്ത് നാവിൽ വരുന്ന ചിരിയായിരിക്കാം അത്. അതിൽ പലതും പിന്നീട് സൂപ്പർ ഹിറ്റാവുന്നതു കണ്ട് ഞാൻ അമ്പരന്നിട്ടുണ്ട്. ശശി എന്ന പേര് കോമഡിയായത് ‘ചതിക്കാത്ത ചന്തു’ എന്ന സിനിമയോടെയാണ്.
‘ഈ രാജാവിന്റെ പേരെന്താണ്?’ എന്ന് ചോദിക്കുമ്പോൾ ‘ശശി, തിരുവിതാംകൂർ രാജാവ്’ എന്നൊക്കെ അപ്പോൾ കൈയിൽ നിന്ന് എടുത്തിട്ടതാണ്. അതുപോലെ, ‘നരൻ’ എന്ന ചിത്രത്തിൽ വഞ്ചിയിൽ പോവുമ്പോൾ ‘വിൻഡോ സീറ്റിലിരിക്കാം’ എന്നു പറയുന്ന ഡയലോഗും പെട്ടെന്ന് കൈയിൽ നിന്നിട്ടതാണ്. വഞ്ചിയിൽ എന്ത് വിൻഡോ സീറ്റ്, എന്നാൽ വിൻഡോ സീറ്റിനോടുള്ള മലയാളികളുടെ ഇഷ്ടം ഒക്കെയോർത്ത് വെറുതേ ഡബ്ബിങ് സമയത്ത് പറഞ്ഞതാണ് അത്. പക്ഷേ, സിനിമ ഇറങ്ങിയപ്പോൾ ആ ഡയലോഗും ചിരി ഹിറ്റായി.” സലിം ഓർത്തെടുത്ത വാക്കുകളിൽ നിറയെ ചിരിമഴയായിരുന്നു.
Content Highlights: Salim Kumar acknowledges trolls as a creative force in modern cinema., The actor explains his unique ability to deliver spontaneous, improvised dialogues during dubbing., Iconic scenes like 'Shashi' from Chathikkatha Chanthu and 'Window seat' from Naran were improvised., Salim Kumar views the frequent use of his expressions in memes as a genuine award for his acting.