‘ഊളംപാറ എന്നൊരു മാനസികാരോഗ്യകേന്ദ്രമില്ല, ആ രണ്ടുപേർ ശരിക്കുമുണ്ടെങ്കിൽ കാലുപിടിച്ച് മാപ്പുപറയാം’

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് തനിക്കെതിരേ പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സലിംകുമാർ. പരാമർശത്തിൽനിന്ന് താൻ പിന്നോട്ടില്ലെന്ന് സലിംകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞ കഥയെ സംബന്ധിച്ച് താൻ പ്രസംഗത്തിൽ സൂചിപ്പിച്ച രണ്ടുപേരുടെ യഥാർഥ അഡ്രസ് മുഖ്യമന്ത്രി നൽകിയാൽ താൻ കാലുപിടിച്ചുമാപ്പുപറയാമെന്നും സലിംകുമാർ പരിഹസിച്ചു. ഭിന്നശേഷി അവകാശങ്ങൾക്കായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് ആണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് പരാതിനൽകിയത്.
'പരാതിയെക്കുറിച്ച് ഞാൻ എന്ത് പറയാനാണ്, തിരഞ്ഞെടുപ്പ് കമ്മിഷനാണത് തീരുമാനിക്കേണ്ടത്. പരാമർശത്തിൽനിന്ന് പിന്തിരിയാനുള്ള ഒരു തീരുമാനവുമില്ല. ഊളംപാറ എന്ന് പറയുന്ന മാനസികകേന്ദ്രമില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് കേസുകൊടുക്കുന്നത്? ഞാൻ പ്രസംഗത്തിൽ പറഞ്ഞ രണ്ടുവ്യക്തികൾ ശരിക്കുമുണ്ടെങ്കിൽ, മുഖ്യമന്ത്രി അവരുടെ അഡ്രസ് പറഞ്ഞാൽ മാപ്പുപറഞ്ഞേക്കാം. ഇരുവരുടേയും അഡ്രസ് പറഞ്ഞാൽ കാലുപിടിച്ച് മാപ്പുപറഞ്ഞേക്കാം. ഇല്ലാത്തൊരു കഥയ്ക്ക് ഞാനൊരു ട്രോളുണ്ടാക്കി എന്നുമാത്രമേയുള്ളൂ', സലിംകുമാർ പറഞ്ഞു.
'മുഖ്യമന്ത്രിയോട് ഒന്നേ പറയാനുള്ളൂ, പുലിമടയിൽക്കൊണ്ടുപോയി തലവെക്കരുത്. പണ്ട് സതീശൻ തോമസ് ഐസക്കിനെ വെല്ലുവിളിച്ചത് അറിയാമല്ലോ? അന്ന് വി.ഡി. സതീശൻ മൂക്കുകൊണ്ട് ധൃതരാഷ്ട്രർ എന്നെഴുതിച്ചു. ഇനി ഇദ്ദേഹം ചെന്നാൽ മൂക്കുകൊണ്ട് ഋത്വിക് റോഷൻ എന്നെഴുതിക്കും. ദയവുചെയ്തുപോകരുത്, നമ്മുടെ മുഖ്യമന്ത്രിയാണ്. പോകരുതെന്നാണ് എന്റെ അഭ്യർഥന. ആക്രമണത്തെ ഞാൻ ഭയക്കുന്നില്ല. പേടിപ്പിച്ച് വീട്ടിൽ കയറ്റിയിരുത്താൻ നോക്കിയതാണ്. അത് നടക്കില്ല. ഇത് കണ്ണൂരല്ല, കൊച്ചിയാണ്- എറണാകുളമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിൽനടന്ന തിരഞ്ഞെടുപ്പ് യോഗത്തിലെ പരാമർശത്തിനെതിരെയായിരുന്നു പരാതി. രാഷ്ട്രീയനേട്ടത്തിനായുള്ള ഇത്തരം വിവേചന പ്രയോഗങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിന് വഴിവെക്കും. പ്രമുഖ വ്യക്തികളുടെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകളുണ്ടാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രസ്താവന 2016-ലെ ഭിന്നശേഷി നിയമത്തിന്റെയും 2017-ലെ മാനസികാരോഗ്യ നിയമത്തിന്റെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഭിന്നശേഷിക്കാരെ അപമാനിക്കുന്ന പ്രസ്താവനകൾ പാടില്ലെന്ന് 2023-ൽ തിരഞ്ഞെടുപ്പു കമ്മിഷൻ മാർഗനിർദേശം നൽകിയിരുന്നതാണെന്നും സംഘടന പരാതിയിൽ ചൂണ്ടിക്കാട്ടി.
പറവൂരിലെ പ്രസംഗത്തിൽ സലിംകുമാറിന്റെ വാക്കുകൾ:
അഞ്ചാറു മാസം മുമ്പ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടു. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകൻ അമേരിക്കയിൽനിന്ന് വന്നിട്ട് കേരളം കണ്ടപ്പോൾ ആ പയ്യൻ പറഞ്ഞു, 'കേരളം ഇത് എന്തൊരു മാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും' എന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോൾ എനിക്ക് സംശയം, ഈ പയ്യൻ ആരായിരിക്കും, ഇപ്പോൾ എവിടെ ഉണ്ടാവുമെന്ന്. അങ്ങനെ ഞാൻ പയ്യനെ അന്വേഷിച്ചു ചെന്നു. എനിക്ക് പയ്യനെ കാണാൻ പറ്റി, നമ്മുടെ ഊളംപാറയിലുള്ള മാനസിക ആശുപത്രിയിലായിരുന്നു. ഞാൻ അച്ഛനോട് ചോദിച്ചു, എന്താ ഇവിടെ കൊണ്ടുവന്നതെന്ന്. അല്ല സലീമേ, ഈ കേരളം കണ്ടിട്ട് അമേരിക്ക എന്ന് പറയണമെങ്കിൽ, അപ്പോൾതന്നെ അവന് കുഴപ്പമുണ്ടെന്ന് മനസ്സിലായി. അതിന്റെ പേരിലാണ് ഇവിടെ ഇപ്പോൾ കൊണ്ടുവന്നതെന്ന് അച്ഛൻ പറഞ്ഞു.
പിന്നെ വേറെ ഒരു വാർത്ത വന്നത്, മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. പി. രാജീവ് അദ്ദേഹത്തോട് ചെന്നുപറഞ്ഞു, കേരളത്തിൽ പണം മുടക്കാൻ ഒരു വ്യവസായി വന്നിട്ടുണ്ടെന്ന്. മുഖ്യമന്ത്രി വിചാരിച്ചു വളരെ നിസ്സാര പൈസ മുടക്കാൻവേണ്ടിയായിരിക്കുമെന്ന്. വ്യവസായിക്ക് പേരില്ലകേട്ടോ, പേര് പറയില്ല. പയ്യനും പേരും അഡ്രസും ഒന്നുമില്ല, വ്യവസായിക്കും പേരും അഡ്രസ്സും ഒന്നുമില്ല. എത്ര രൂപയാണ് മുടക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൂന്നു ലക്ഷം കോടിയാണെന്ന് പറഞ്ഞു. അപ്പോൾ മുഖ്യമന്ത്രി ഞെട്ടി. ഞെട്ടിയിട്ട് ചോദിച്ചു, 'എന്താണ് കേരളത്തിന് മൂന്നു ലക്ഷം കോടി മുടക്കുന്നതെന്ന്'. വ്യവസായ സൗഹൃദം, ലോകത്ത് ഇത്രയുമുള്ള സ്ഥലം വേറയില്ല. ആന്തൂർ സാജനെ പോലുള്ളവരൊക്കെ എങ്ങനെയാണ് നിങ്ങൾ സഹായിച്ചത്.
ഇത് കേട്ടപ്പോൾ ഞാൻ വീണ്ടും അയാളെ അന്വേഷിച്ചു വന്നു. നമ്മുടെ പയ്യൻ കിടന്നില്ലേ, അതിന്റെ ഇപ്പുറത്തെ കട്ടിലിൽ. ഡോക്ടർ പറയുവാണ്, മൂലമറ്റത്തുള്ള പവർ ഷോക്ക് കൊടുത്തിട്ട് തീർന്നില്ല, ഇനി കഠിനംകുളത്തെ താപനിലയത്തിൽനിന്ന് വൈദ്യുതി വന്നാൽ ഇയാളുടെ ഭ്രാന്ത് മാറ്റാമെന്ന്.
Content Highlights: Salim Kumar refuses to retract his controversial election campaign remarks. The actor challenges the CM to provide addresses for the individuals mentioned in his speech. The controversy stems from comments regarding mental health institutions and economic claims. Legal complaints cite Mental Healthcare Act and Election Commission guidelines. Salim Kumar claims his speech was satirical and denies any intent to insult