സൽമാൻ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാൻ ആശുപത്രിയിൽ, ICUവിൽ നിരീക്ഷണത്തിൽ

#മൂവി ഡെസ്ക്
സലിം ഖാൻ | ഫോട്ടോ: PTI
സലിം ഖാൻ | ഫോട്ടോ: PTI

മുംബൈ: ബോളിവുഡിലെ മുതിർന്ന തിരക്കഥാകൃത്തും നടൻ സൽമാൻ ഖാന്റെ പിതാവുമായ സലിം ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സലിം ഖാനെ ചികിത്സിക്കുന്ന ഡോ. ജലീൽ പാർക്കർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്.

സലിം ഖാന്റെ കുടുംബ ഡോക്ടറായ ഡോ. സന്ദീപ് ചോപ്രയാണ് രാവിലെ 8:30 ഓടെ സലിം ഖാനെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തിച്ചതെന്ന് പ്രസ്താവനയിൽ പറഞ്ഞു. ന്യൂറോളജിസ്റ്റ് ഡോ. വിനയ് ചവാൻ, കാർഡിയോളജിസ്റ്റ് ഡോ. അജിത് മേനോൻ, ന്യൂറോ സർജൻ ഡോ. നിതിൻ ഡാംഗെ, ഡോ. ബിനീത് അഹലുവാലിയ എന്നിവരുൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം സലിം ഖാനെ പരിശോധിച്ചതായും പ്രസ്താവനയിൽ അറിയിച്ചു.

സലിം ഖാൻ നിലവിൽ സുഖമായിരിക്കുന്നുവെന്നും നിരീക്ഷണത്തിലാണെന്നും ഡോ. പാർക്കർ വ്യക്തമാക്കി. കുടുംബത്തിന്റെ അനുമതിയോടെ ബുധനാഴ്ച രാവിലെ 11 മണിക്ക് ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്നും, രോഗിയുടെ സ്വകാര്യത സംരക്ഷിക്കുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. സൽമാൻ ഖാൻ, അദ്ദേഹത്തിന്റെ മാതാവ് സൽമാ ഖാൻ, മറ്റു കുടുംബാംഗങ്ങൾ എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. നടൻ സഞ്ജയ് ദത്ത്, ഗാനരചയിതാവ് ജാവേദ് അക്തർ എന്നിവർ സലിം ഖാനെ സന്ദർശിച്ചു.

ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ തിരക്കഥാകൃത്തുക്കളിൽ ഒരാളായാണ് സലിം ഖാൻ അറിയപ്പെടുന്നത്. ജാവേദ് അക്തറിനൊപ്പം ചേർന്ന് സലിം-ജാവേദ് എന്ന പേരിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ രചിച്ചു. ഷോലെ, ദീവാർ, സഞ്ജീർ, ഡോൺ തുടങ്ങിയ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ പലതും ഇവരുടെ കൂട്ടുകെട്ടിൽ പിറന്നതാണ്.

Content Highlights: Veteran screenwriter Salim Khan admitted to Lilavati Hospital, Mumbai, and moved to ICU. Father of Salman Khan, known for iconic films. Updates expected.