ബോക്‌സ് ഓഫീസില്‍ വിജയമായി സലാര്‍; ഇതുവരെ ചിത്രം നേടിയത് ...

പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമാണ് സലാര്‍. റിലീസ് ദിനത്തില്‍ 178.7 കോടി രൂപയാണ് സലാര്‍ നേടിയത്. ആദ്യദിന വരുമാനത്തില്‍ വിജയ്‌യുടെ ലിയോ, ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ തുടങ്ങിയ ചിത്രങ്ങളുടെ റെക്കോഡും സലാര്‍ മറികടന്നു.
വെള്ളിയാഴ്ച 3.67 കോടിയാണ് സലാര്‍ നേടിയത്. റിലീസ് ചെയ്ത് മൂന്നാമത്തെ വെള്ളിയാഴ്ചയിലെത്തുമ്പോള്‍ സമീപകാല ഹിറ്റുകളെക്കാള്‍ സലാര്‍ നേടിയ വരുമാനം കുറവാണെന്ന് ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നിക് പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. ഷാരൂഖ് ഖാന്റെ ജവാന്‍, അനിമല്‍, സണ്ണി ഡിയോളിന്റെ ഗദാര്‍ 2, പത്താന്‍ രജനികാന്തിന്റെ ജയിലര്‍ എന്നീ ചിത്രങ്ങള്‍ യഥാക്രമം 7.6 കോടി, 8.3 കോടി, 7.1 കോടി, 5.9 കോടി, 3.95 കോടി എന്നിങ്ങനെയാണ് വരുമാനം നേടിയത്.
അതേ സമയം ആഗോള ബോക്‌സ് ഓഫീസില്‍ സലാര്‍ 700 കോടി കവിഞ്ഞു. ഇന്ത്യയില്‍ നിന്ന് മാത്രം 400 കോടിയോളം വരുമാനം നേടി.
കെജിഎഫ് എന്ന സൂപ്പര്‍ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസായ ചിത്രത്തില്‍ വര്‍ധരാജ് മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. സൗഹൃദകഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗമായ സലാര്‍ പാര്‍ട്ട് 1- സീസ്ഫയറാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിന്‍ഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഭുവന്‍ ഗൗഡയാണ് ഛായാഗ്രഹണം. രവി ബസ്രുര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് നിര്‍മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചത്.
Content Highlights: Salaar Box Office Collection, Prabhas, prithviraj sukumaran, prasanth neel