'അമരനി'ൽ മുറിമലയാളം മതിയെന്ന് പറഞ്ഞത് സംവിധായകൻ- ട്രോളുകളോട് പ്രതികരിച്ച് സായ് പല്ലവി

ശിവകാർത്തികേയൻ നായകനായ 'അമരൻ' റിലീസിന് പിന്നാലെ തനിക്ക് നേരിടേണ്ടിവന്ന ട്രോളുകളോട് പ്രതികരിച്ച് നടി സായ് പല്ലവി. ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മലയാളം സംസാരശൈലിക്കെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നത്. ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി. കൊച്ചിയിൽ ധനുഷും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ 'ഓം: ഓപ്പറേഷൻ മോൾ' പ്രീ- റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു സായ് പല്ലവി. 'അമരൻ' ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് 'ഓം' സംവിധാനം ചെയ്തിരിക്കുന്നത്.
'സംവിധായകൻ ഇന്നിവിടെ എത്താതെ രക്ഷപ്പെട്ടു', എന്ന മുഖവുരയോടെയാണ് സായ് പല്ലവി ട്രോളുകളോട് പ്രതികരിച്ചത്. 'എനിക്ക് മലയാളം സംസാരിക്കാൻ അറിയാം. 'അമരനി'ൽ ശരിയായ മലയാളം സംസാരിക്കാമെന്ന് ഞാൻ സംവിധായകനോട് പറഞ്ഞിരുന്നു. 'ഇത് തമിഴ് ചിത്രമാണ്, കഥാപാത്രത്തിന്റെ വേദന ആളുകൾക്ക് മനസിലാവണം. അതിനാൽ മുറിമലയാളത്തിൽ സംസാരിച്ചാൽ മതി', എന്ന് സംവിധായകനാണ് പറഞ്ഞത്. ചിത്രത്തിലെ മലയാളം മോശമായതിന് കുറ്റപ്പെടുത്തേണ്ടത് സംവിധായകനെയാണ്, എന്നെയല്ല', എന്നായിരുന്നു സായ് പല്ലവിയുടെ വാക്കുകൾ.
സിനിമാ അരങ്ങേറ്റം മലയാളത്തിലൂടെയായതിൽ തനിക്ക് സന്തോഷമുണ്ടെന്ന് നടി പറഞ്ഞു. 'എയർപോട്ടിലിറങ്ങി വരുമ്പോൾ ആലുവയിൽ 'പ്രേമം' ഷൂട്ട് ചെയ്തത് ഓർമവന്നു. മലയാളത്തിൽ തുടങ്ങാൻ സാധിച്ചതിൽ നന്ദിയുള്ളവളാണ്', അവർ വ്യക്തമാക്കി.
'മെറിൻ ജോസഫ് ഐ.പി.എസ്. മാമിന്റെ ലുക്കാണ് 'ഓമി'ൽ സ്വീകരിച്ചിരിക്കുന്നത്. മാമിന്റെ യഥാർഥ ജീവിതവുമായി ചിത്രത്തിന് ബന്ധമില്ല. എന്നാൽ, ഈ പ്രായത്തിൽ ഒരു പോലീസുകാരിയായ വ്യക്തി എങ്ങനെയാണ് പെരുമാറുന്നത് എന്നറിയാൻ ഷൂട്ടിങ്ങിന് മുൻപ് ഞാൻ അവരുടെ കൂടെ സമയം ചെലവഴിച്ചിരുന്നു. അവരുടെ നിർദേശങ്ങൾ കഥാപാത്രമാവുമ്പോൾ ഉപയോഗിച്ചിരുന്നു. മമ്മൂക്കയ്ക്കൊപ്പം കുറച്ചു സീനുകളെ ഉണ്ടായിരുന്നുള്ളൂ. കേട്ടതിൽനിന്നെല്ലാം വ്യത്യസ്തമായി, സെറ്റിൽ ഒരു കുട്ടിയെപ്പോലെയായിരുന്നു അദ്ദേഹം', അവർ കൂട്ടിച്ചേർത്തു.
ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഓം' വെള്ളിയാഴ്ച തിയേറ്ററിലെത്തും. രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ, 'ജയിലർ 2'-നൊപ്പമായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇത്തവണ, ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം 'എ.ഒ.ടി'ക്കൊപ്പമാണ് 'ഓം' തിയേറ്ററിലെത്തുന്നത്.
Content Highlights: Sai Pallavi responded for the first time to trolls criticizing her broken Malayalam in Sivakarthikeyan's Amaran during the Om: Operation Mole pre-release event in Kochi. She revealed that director Rajkumar Periasamy specifically asked her to speak broken Malayalam so Tamil audiences could better connect with the character's pain. Discussing her police role in Om, Sai Pallavi shared that she modeled her look after IPS officer Merin Joseph and spent time with her to prepare for the character. She also recalled shooting Premam in Aluva and described working with co-star Mammootty on set as a joyful experience. Directed by Rajkumar Periasamy, Om stars Dhanush, Mammootty, Sai Pallavi, and Sreeleela, and releases in theatres this Friday alongside Dulquer Salmaan's Telugu film AOT.