അമിത് ഷായെ കണ്ട് സായ് പല്ലവിയും രൺബീർ കപൂറും; 'രാമായണ'യെ പ്രശംസിച്ച് ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: 'രാമായണ' സിനിമയുടെ അണിയറപ്രവർത്തകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചു. നിർമാതാവ് നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി, താരങ്ങളായ രൺബീർ കപൂർ, സായ് പല്ലവി എന്നിവരാണ് ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
നമിത് മൽഹോത്ര അമിത് ഷായ്ക്ക് പൂച്ചെണ്ട് കൈമാറി. നിതേഷ് തിവാരി ഷാൾ അണിയിച്ച് ആദരിച്ചു. 'വേൾഡ് ഓഫ് രാമായണ'യുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. 'രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള തിയേറ്ററുകളിലും ചിത്രത്തിന് വലിയ സ്നേഹം ലഭിച്ചുകൊണ്ടിരിക്കെ, ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ സാധിച്ചതിൽ 'രാമായണ' ടീം അഭിമാനിക്കുന്നു,' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തെയും അണിയറ പ്രവർത്തകരെയും ആഭ്യന്തരമന്ത്രിയും പ്രശംസിച്ചു.
കൂടിക്കാഴ്ചയിൽ പിങ്ക് സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞുള്ള സായ് പല്ലവിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. നേർത്ത പച്ച ബോർഡറുള്ള ഫ്ളെമിംഗോ പിങ്ക് സാരിയാണ് താരം ധരിച്ചിരുന്നത്. സ്വർണവളകൾ, ടെമ്പിൾ ജ്വല്ലറി ശൈലിയിലുള്ള മാല, കമ്മലുകൾ എന്നിവയും അണിഞ്ഞിരുന്നു. ലളിതമായ മേക്കപ്പും ന്യൂഡ്-പിങ്ക് ലിപ്സ്റ്റിക്കുമായിരുന്നു വേഷവിധാനത്തിന് മാറ്റുകൂട്ടിയത്. ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂർ ബന്ദ്ഗലയും പാന്റ്സും ബ്രൗൺ ഷൂസും ധരിച്ചാണ് എത്തിയത്. ചുവന്ന പോക്കറ്റ് സ്ക്വയറും കണ്ണടയും വാച്ചും താരം ധരിച്ചിരുന്നു.
നവംബർ അഞ്ചിന് റിലീസ് ചെയ്ത 'രാമായണ: പാർട്ട് വൺ' ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുകയാണ്. 21 ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 1,755.60 കോടി രൂപയിലെത്തി. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 1,000 കോടി രൂപയിലേക്ക് അടുക്കുകയാണ്.
സീതയായി സായ് പല്ലവിയും ശ്രീരാമനായി രൺബീർ കപൂറും വേഷമിടുന്ന ചിത്രത്തിൽ രവി ദുബെ (ലക്ഷ്മണൻ), സണ്ണി ഡിയോൾ (ഹനുമാൻ), യഷ് (രാവണൻ), കാജൽ അഗർവാൾ (മണ്ഡോദരി), രാകുൽ പ്രീത് സിങ് (ശൂർപ്പണഖ) എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് പദ്ധതി.
Content Highlights: Sai Pallavi, Ranbir Kapoor, director Nitesh Tiwari, and producer Namit Malhotra met Union Home Minister Amit Shah in Delhi, where he praised Ramayana and its team. Sai Pallavi drew attention in a flamingo pink saree with a green border and temple-style jewelry, while Ranbir Kapoor wore a bandhgala and trousers. Released on November 5, Ramayana: Part One has earned Rs 1,755.60 crore in global gross in 21 days and is nearing Rs 1,000 crore net in India. The ensemble cast features Sai Pallavi as Sita, Ranbir Kapoor as Rama, Ravi Dubey as Lakshmana, Sunny Deol as Hanuman, and Yash as Ravana, with Part Two slated for Diwali 2028.