മകനെ ആദ്യം സൂപ്പർതാരമാക്കി, പിന്നെ മുഖ്യമന്ത്രിയും; ആനന്ദക്കണ്ണീരണിഞ്ഞ് എസ്.എ. ചന്ദ്രശേഖർ

#പ്രശാന്ത് കാനത്തൂർ
എസ്.എ. ചന്ദ്രശേഖർ, വിജയ് | ഫോട്ടോ: ANI, PTI
എസ്.എ. ചന്ദ്രശേഖർ, വിജയ് | ഫോട്ടോ: ANI, PTI

ചെന്നൈ: തമിഴകമുഖ്യമന്ത്രി വിജയ്‌യെ പൊതുസമൂഹവുമായി അടുപ്പിക്കുന്നതിൽ അച്ഛൻ എസ്.എ. ചന്ദ്രശേഖർ വഹിച്ച പങ്ക് വലുതാണ്. ആദ്യം സിനിമ. പിന്നീട് ആരാധകസംഘടന. പിന്നാലെ തമിഴക വെട്രി കഴകം(ടി.വി.കെ.) എന്ന പാർട്ടി. ഒടുവിലിതാ ഇപ്പോൾ മുഖ്യമന്ത്രിപദവിയും. മകനെക്കുറിച്ച് അച്ഛൻ വലിയ കോട്ടകൾ കെട്ടിയിരുന്നു. ഒരു സാധാരണക്കാരനായ അച്ഛന്റെ അസാധാരണസ്വപ്നങ്ങൾ. എന്നാൽ, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അദ്ദേഹം മകന്റെ കൈപിടിച്ച് എന്നും ഒപ്പംനിന്നു. രജനീകാന്തിനെപ്പോലെ വിജയ്‌യെ സൂപ്പർ താരമാക്കുകയായിരുന്നു ആദ്യ സ്വപ്നം. വർഷങ്ങൾക്കുമുൻപുതന്നെ വിജയ് അതുനേടി. താരപദവിയിൽനിന്ന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദവിയിൽ എത്തിക്കുകയായിരുന്നു മറ്റൊരു സ്വപ്നം. അതും വിജയിച്ചു.

ഞായറാഴ്ച ചെന്നൈയിലെ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വിജയ് സത്യപ്രതിജ്ഞചെയ്യുമ്പോൾ വേദിയുടെ മുന്നിലിരുന്ന് ചന്ദ്രശേഖർ പൊട്ടിക്കരയുന്നുണ്ടായിരുന്നു. വാത്‌സല്യത്തിന്റെയും അഭിമാനത്തിന്റെയും ആനന്ദക്കണ്ണീരായിരുന്നു അത്. അന്തർമുഖനായ മകനെ പൊതുസമൂഹത്തിനുമുന്നിൽ കരുത്തുറ്റ വ്യക്തിയായി മാറ്റാൻ സാധിച്ചതിന്റെ വിജയംകൂടി അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. 1984-ൽ ചന്ദ്രശേഖർ സംവിധാനംചെയ്ത ‘വെട്രി’ എന്ന ചിത്രത്തിൽ ബാലതാരമായാണ് വിജയ്‌യുടെ അരങ്ങേറ്റം. 1992-ൽ അദ്ദേഹംതന്നെ സംവിധാനംചെയ്ത ‘നാളൈയ തീർപ്പ്’ എന്ന ചിത്രത്തിൽ പതിനെട്ടാം വയസ്സിൽ വിജയ് നായകനായി. അവിടെനിന്ന്‌ വിജയ്‌യുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നു.

1945 ജൂലായ് രണ്ടിന് രാമേശ്വരം തങ്കച്ചിമഠത്തിൽ ജനിച്ച എസ്.എ. ചന്ദ്രശേഖർ സ്ഥിരോത്സാഹത്തിലൂടെയാണ് സിനിമയിൽ സ്വന്തം വഴികൾ പാകിയത്. അതേ വഴികളായിരുന്നു മകനും കാട്ടിക്കൊടുത്തത്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എഴുപതിലധികം ചിത്രങ്ങൾ സംവിധാനംചെയ്ത അദ്ദേഹം വിജയ്‌യെ സൂപ്പർസ്റ്റാർ പദവിയിലെത്തിക്കാൻമാത്രം അഞ്ചുസിനിമകളൊരുക്കി വിജയത്തിലെത്തിച്ചു. 2009-ൽ ‘വിജയ് മക്കൾ ഇയക്കം’ എന്ന ആരാധകസംഘടന രൂപവത്കരിച്ചതിനുപിന്നിലും അതിനെ വാർഡുതലത്തിൽ വ്യാപിപ്പിക്കാൻ അദൃശ്യശക്തിയായതും ചന്ദ്രശേഖറായിരുന്നു. 2011 നിയമസഭാതിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യ്ക്ക്‌ വിജയ് മക്കൾ ഇയക്കം പിന്തുണ നൽകിയതോടെ രാഷ്ട്രീയരംഗത്തേക്കും കാലെടുത്തുവെച്ചു.

സംഘടനയുടെ പ്രവർത്തനം പൊതുമധ്യത്തിലെത്തിക്കാൻ ചന്ദ്രശേഖർ മുന്നിലുണ്ടായിരുന്നു. എന്നാൽ, 2020-ൽ വിജയ്‌യെ അറിയിക്കാതെ അദ്ദേഹം ആരാധക സംഘടനയെ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ രാഷ്ട്രീയപ്പാർട്ടിയായി രജിസ്റ്റർചെയ്യാൻ നീക്കംനടത്തി. ചന്ദ്രശേഖർ ജനറൽ സെക്രട്ടറിയായും ഭാര്യ ശോഭ ട്രഷററും മറ്റൊരു ബന്ധു പത്മനാഭനെ പ്രസിഡന്റുമാക്കി. എന്നാൽ, പാർട്ടിയെ പൂർണമായി തള്ളി വിജയ് പരസ്യപ്രസ്താവനയിറക്കി. തന്റെ പേരോ ചിത്രമോ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അച്ഛനും അമ്മയ്ക്കും എതിരേ വിജയ് ഹൈക്കോടതിയിലെത്തി. അതോടെ അച്ഛനും മകനും തമ്മിൽ അകൽച്ച തുടങ്ങി.

സ്വന്തം ഭാര്യപോലും ചന്ദ്രശേഖറിനെ കുറ്റക്കാരനായി മുദ്രകുത്തി. ഇതേത്തുടർന്ന് ആരാധക സംഘടനയെ പാർട്ടിയാക്കുന്നതിനുള്ള നീക്കം അദ്ദേഹം ഉപേക്ഷിച്ചു. എന്നാൽ, 2023 ആയപ്പോൾ അച്ഛനും മകനും തമ്മിൽ അടുത്തു. ഒരു വർഷത്തിനകംതന്നെ വിജയ് ടി.വി.കെ. പാർട്ടി രൂപവത്കരിച്ചു.

നിയമസഭാതിരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിച്ച് ടി.വി.കെ. വൻവിജയം നേടിയപ്പോൾ ചന്ദ്രശേഖർ വീണ്ടും മാധ്യമങ്ങളുടെ മുന്നിലെത്തി മകനുവേണ്ടി അഭിമാനത്തോടെ സംസാരിച്ചു. കോൺഗ്രസ് ടി.വി.കെ.യുമായി കൈകോർക്കണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവെച്ചവരിൽ ഒരാൾ ചന്ദ്രശേഖറായിരുന്നു. അതും സാർഥകമായി.

പിന്നണി ഗായികയും കഥാകൃത്തും നിർമാതാവുമാണ് വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ. വിജയ്‌യുടെ ജീവിതത്തിലെ കരുത്തും തണലുമായിരുന്നു അമ്മ ശോഭയും.

Content Highlights: S.A. Chandrasekhar's pivotal role in Vijay's transition from cinema to politics., The formation and success of the Tamizhaga Vetri Kazhagam (TVK) party in 2026., Historical context of their relationship, including past conflicts and reconciliation., The 2026 electoral success of TVK and the role of familial support.