എസ്. രമേശൻനായർ പുരസ്‌കാരം സിബി മലയിലിനും ശോഭന രവീന്ദ്രനും

#Movie Desk
സിബി മലയിൽ, ശോഭന രവീന്ദ്രൻ | ഫോട്ടോ: മധുരാജ്, ആർക്കൈവ്സ് \ മാതൃഭൂമി
സിബി മലയിൽ, ശോഭന രവീന്ദ്രൻ | ഫോട്ടോ: മധുരാജ്, ആർക്കൈവ്സ് \ മാതൃഭൂമി

കാഞ്ഞങ്ങാട്: എസ്. രമേശൻ നായർ സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയ എസ്. രമേശൻനായർ സ്മൃതി പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകൻ സിബി മലയിലും എഴുത്തുകാരി ശോഭന രവീന്ദ്രനും (സംഗീത സംവിധായകൻ രവീന്ദ്രൻമാസ്റ്ററുടെ പത്‌നി) അർഹരായതായി ട്രസറ്റ് ഭാരവാഹികൾ അറിയിച്ചു. സിബി മലയിലിന് ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്.

രവീന്ദ്ര സംഗീതം-കേൾക്കാത്ത രാഗങ്ങളുടെ രചയിതാവായ ശോഭന രവീന്ദ്രന് സാഹിത്യരചനയ്ക്കുള്ളതാണ് പുരസ്‌കാരം. കാൽ ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ഈ മാസം ഏഴാം തീയതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാഞ്ഞങ്ങാട് എമിറേറ്റ്‌സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്‌കാര സമർപ്പണം നടത്തും.

പത്രസമ്മേളനത്തിൽ ട്രസറ്റ് ചെയർമാൻ സുകുമാരൻ പെരിയച്ചൂർ, ജനറൽ സെക്രട്ടറി എസ്.പി.ഷാജി, അജയകുമാർ നെല്ലിക്കാട് എന്നിവർ പങ്കെടുത്തു.

Content Highlights: S Rameshan Nair Award for Director Siby Malayil and Shobhana Raveendran