ഋഷഭ് ഷെട്ടി പറഞ്ഞിട്ടും അനുസരിച്ചില്ല?, കാന്താരയിലെ രംഗം വേദിയില്‍ അനുകരിച്ച് രണ്‍വീര്‍, രൂക്ഷ വിമര്‍ശനം

വേദിയിലിരിക്കുന്ന ഋഷഭ് ഷെട്ടി/  കാന്താരയിലെ രംഗം അവതരിപ്പിക്കുന്ന രൺവീര്‍ സിങ്ങ് | Photo:X
വേദിയിലിരിക്കുന്ന ഋഷഭ് ഷെട്ടി/ കാന്താരയിലെ രംഗം അവതരിപ്പിക്കുന്ന രൺവീര്‍ സിങ്ങ് | Photo:X

ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങിനിടെ നടന്‍ രണ്‍വീര്‍ സിങ്ങിന്റെ പ്രവൃത്തി വിവാദത്തില്‍. കാന്താരയേയും ഋഷഭ് ഷെട്ടിയേയും കുറിച്ചുള്ള രണ്‍വീറിന്റെ പരാമര്‍ശവും കാന്താരയിലെ അവസാന ഭാഗം രണ്‍വീര്‍ വേദിയില്‍ അനുകരിച്ചതുമാണ് വിവാദങ്ങള്‍ക്ക് കാരണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും രണ്‍വീറിനെ വിമര്‍ശിച്ച് ഒട്ടേറെപ്പേര്‍ പ്രതികരിക്കുകയും ചെയ്തു.

കാന്താരയിലെ ഋഷഭിന്റെ പ്രകടനത്തെ അഭിനന്ദിച്ച ശേഷമാണ് രണ്‍വീര്‍ അതിലെ രംഗം അനുകരിച്ചത്. എന്നാല്‍ ദൈവത്തെ 'പെണ്‍പ്രേതം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതാണ് വിവാദമായത്. 'ഞാന്‍ കാന്താര 1 തിയേറ്ററില്‍ പോയി കണ്ടു. ഋഷഭ്, നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. പ്രത്യേകിച്ച് സ്ത്രീ പ്രേതം നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന രംഗം അതിശയകരമായിരുന്നു.'-ഇതായിരുന്നു രണ്‍വീറിന്റെ വാക്കുകള്‍.

എന്നാല്‍ രണ്‍വീര്‍ വേദിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ദൈവത്തെ അനുകരിക്കരുതെന്ന് ഋഷഭ് ഷെട്ടി രണ്‍വീറിനോട് ആവശ്യപ്പെട്ടിരുന്നു എന്ന് ബാംഗ്ലൂര്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 'രജനികാന്ത്, ഋഷഭ് ഷെട്ടി എന്നിവരുള്‍പ്പെടെയുള്ള അതിഥികളെ അഭിവാദ്യം ചെയ്യാന്‍ രണ്‍വീര്‍ വേദിയില്‍ നിന്ന് താഴെയിറങ്ങി. ഋഷഭിനെ കണ്ട നിമിഷം, അദ്ദേഹം ആവേശഭരിതനാകുകയും ദൈവത്തെ അനുകരിക്കാന്‍ തുടങ്ങുകയും ചെയ്തു. വിനയത്തോടെയാണെങ്കിലും അത് നിര്‍ത്താന്‍ ഋഷഭ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.' എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ സൗമ്യമായ മുന്നറിയിപ്പ് അവഗണിച്ച് രണ്‍വീര്‍ വേദിയിലേക്ക് മടങ്ങുകയും ആ നിമിഷം വീണ്ടും പുനരാവിഷ്‌കരിക്കുകയും ചെയ്തു. 'അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി തെറ്റായിരുന്നില്ല. പക്ഷേ ദൈവത്തെ 'പെണ്‍പ്രേതം' എന്ന് വിശേഷിപ്പിച്ചതും ഷൂസ് ധരിച്ചുകൊണ്ട് ആ പ്രകടനം നടത്തിയതും പലരെയും ഞെട്ടിച്ചു. ഋഷഭ് ഷെട്ടി ശാന്തനായി നിലകൊള്ളുകയും അത്രയും വലിയ ഒരു വേദിയില്‍ വെച്ച് പ്രശ്‌നം വഷളാക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.' റിപ്പോര്‍ട്ടില്‍ പറയുന്നു. വേദിയില്‍ ആ രംഗം പുനരാവിഷ്‌കരിച്ചശേഷം കാന്താര 3-യില്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് രണ്‍വീര്‍ സദസിനോട് ചോദിക്കുന്നുമുണ്ട്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രണ്‍വീറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. വിവേകമില്ലായ്മ, അറിവില്ലായ്മ, അനാദരവ് എന്നിങ്ങനെയാണ് ആളുകള്‍ പ്രതികരിച്ചത്. എന്ത് പറയണമെന്നതിനെ കുറിച്ച് അടിസ്ഥാനപരമായ ധാരണയില്ലാത്തത് എന്തുകൊണ്ടാണെന്നും ചിലര്‍ ചോദിക്കുന്നു. ദക്ഷിണേന്ത്യയിലെ ആളുകളുടെ ദേവതയെ ‘പെണ്‍പ്രേതം’ എന്ന് പരാമര്‍ശിക്കുന്നത് അങ്ങേയറ്റം അനാദരവാണെന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.

Content Highlights: rishab shetty asked ranveer singh not to imitate kantaras scene