ഞങ്ങൾക്കും കുടുംബമുണ്ട്, നന്നായി ഉറങ്ങേണ്ടതുണ്ട്, ഓഫീസുകളിലെ ജോലിസമയക്രമം സിനിമയിലും അനുവദിക്കണം -രശ്മിക മന്ദാന

രശ്മിക മന്ദാന | ഫോട്ടോ: AFP
രശ്മിക മന്ദാന | ഫോട്ടോ: AFP

ടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹനിശ്ചയവും ഥാമ എന്ന പുതിയ ചിത്രത്തിന്റെ റിലീസുമെല്ലാമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് നടി രശ്മിക മന്ദാന. നടി ദീപിക പദുക്കോണിന്റെ 8 മണിക്കൂർ ഷിഫ്റ്റ് എന്ന ആവശ്യവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് രശ്മിക. അടുത്തിടെ ഒരു അഭിമുഖത്തിൽ ആവശ്യത്തിനുമാത്രം ജോലി ചെയ്യുന്നതിന്റെ പ്രാധാന്യം അവർ വിശദീകരിച്ചു. 8 മണിക്കൂർ പൂർണ്ണമായി ഉറങ്ങിയിട്ട് മാസങ്ങളായെന്ന് അടുത്തിടെ രശ്മിക മന്ദാന പറഞ്ഞിരുന്നു. നിലവിൽ തൻ്റെ അടുത്ത ചിത്രമായ 'ദി ഗേൾഫ്രണ്ട്' എന്ന സിനിമയുടെ തിരക്കിലാണ് രശ്മിക.

അമിതമായി ജോലി ചെയ്യുന്നതിനെ മഹത്വവൽക്കരിക്കുന്നത് നല്ലതല്ലെന്നാണ് താൻ കരുതുന്നതെന്ന് രശ്മിക അഭിമുഖത്തിൽ പറഞ്ഞു. തനിക്ക് അമിതമായി ജോലി ചെയ്യേണ്ടിവരാറുണ്ടെന്നും അതൊട്ടും അഭികാമ്യമല്ലെന്നും അവർ വ്യക്തമാക്കി. അങ്ങനെ ഒരിക്കലും ചെയ്യരുത്. നിങ്ങൾക്ക് സൗകര്യപ്രദമായത് ചെയ്യുക, നിങ്ങൾക്ക് ശരിയായത് ചെയ്യുക. 8 മണിക്കൂർ ഉറക്കം നേടുക. ഉറക്കം 9-10 മണിക്കൂർ ആയാലും കുഴപ്പമില്ല, കാരണം ഭാവിയിൽ അത് നിങ്ങളെ രക്ഷിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
 

"ജോലി സമയത്തേക്കുറിച്ച് ആളുകൾ പറയുന്ന ഒരുപാട് സംഭാഷണങ്ങൾ ഞാൻ അടുത്തിടെ കേട്ടിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന് കഴിയുന്നതിലും ചെയ്യേണ്ടതിലും കൂടുതൽ ജോലി ഞാൻ ഏറ്റെടുക്കാറുണ്ട്. എൻ്റെ ടീമംഗങ്ങളോട് എനിക്കൊരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് പറയുന്ന ഒരാളുമല്ല ഞാൻ. അവർ ബുദ്ധിമുട്ടുകയാണെന്നും 'ഇല്ല, ഞങ്ങൾക്ക് ഈ ലൊക്കേഷൻ ഇത്രയും സമയം വരെയേ ഉള്ളൂ, ഈ സമയത്തിനുള്ളിൽ ഇത്രയും ഷൂട്ട് ചെയ്യണം' എന്നൊക്കെ പറയുകയാണെങ്കിൽ, എനിക്കത് മനസ്സിലാകും, ഞാൻ സമ്മതിക്കും. സിനിമയിൽ ഇത് മിക്കവാറും എല്ലാ ദിവസവും സംഭവിക്കുന്നതാണ്. അതാണ് എൻ്റെ ടീമുകളോടുള്ള എൻ്റെ സ്നേഹവും ബഹുമാനവും." രശ്മിക പറഞ്ഞു.

"എനിക്ക് സ്വയം തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ, ഞാൻ പറയും ദയവായി ഞങ്ങളെപ്പോലുള്ള അഭിനേതാക്കളെക്കൊണ്ട് അമിതജോലി ചെയ്യിക്കരുതെന്ന്. കാരണം ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. അഭിനേതാക്കൾ മാത്രമല്ല. സംവിധായകർ, ലൈറ്റ്മാൻ, സംഗീതജ്ഞർ, എല്ലാവർക്കും, നിങ്ങൾക്കറിയാമല്ലോ ഓഫീസ് സമയം 9 മുതൽ 6 വരെ അല്ലെങ്കിൽ 9 മുതൽ 5 വരെ അല്ലെങ്കിൽ 9 മുതൽ 4 വരെ എന്നതുപോലെ, ഞങ്ങൾക്ക് അത് അനുവദിക്കുക. കാരണം എനിക്കും ഒരു കുടുംബ ജീവിതമുണ്ട്, എനിക്കും ഉറങ്ങേണ്ടതുണ്ട്, എനിക്കും വ്യായാമം ചെയ്യണം. അതുകൊണ്ട്, ചെറുപ്പത്തിൽ നല്ലരീതിയിൽ വ്യായാമം ചെയ്തിരുന്നെങ്കിൽ എന്ന് പിന്നീട് ഞാൻ ഖേദിക്കാതിരിക്കാനാണ് ഇത് പറയുന്നത്. ഞാൻ ഇപ്പോഴും എൻ്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് ഒന്നും പറയാൻ കഴിയില്ല, കാരണം ഞാൻ സ്വയം വളരെയധികം ഭാരം ഏറ്റെടുക്കുന്നുണ്ട്." രശ്മിക കൂട്ടിച്ചേർത്തു.

അടുത്തിടെ, നിർമ്മാതാവ് ശ്രീനിവാസ കുമാർ രശ്മികയുടെ തൊഴിൽ രീതിയെ പ്രശംസിച്ചിരുന്നു, അവർ ഒരിക്കലും ജോലി സമയത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. അതിനിടെയാണ് 8 മണിക്കൂർ ഷിഫ്റ്റുമായി ബന്ധപ്പെട്ട രശ്മികയും അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്' എന്ന സിനിമയ്ക്കായി ദീപിക പദുകോൺ 8 മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടുവെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ ജോലി സമയത്തെക്കുറിച്ചുള്ള വിവാദ ചർച്ചകൾക്കിടയിലാണ് രശ്മികയുടെ പ്രസ്താവനയും വന്നത്.

Content Highlights: Rashmika Mandanna shares her honest thoughts on overworking and the importance of work-life balance, advising against glorifying intense work schedules.