ഡോൺ 3-ൽ നിന്ന് രൺവീർ സിങ്ങിനെ പുറത്താക്കിയതാണെന്ന് റിപ്പോർട്ട്; കാരണം ഇത്

#Movie Desk
രൺവീർ സിങ് | Photo: AFP
രൺവീർ സിങ് | Photo: AFP

ഡോൺ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ നിന്ന് ബോളിവുഡ് താരം രൺവീർ സിങ് പിന്മാറിയെന്ന വാർത്തയിൽ ട്വിസ്റ്റ്. രൺവീർ സ്വയം പിന്മാറിയതല്ല, മറിച്ച് താരത്തെ ചിത്രത്തിൽ നിന്ന് പുറത്താക്കിയതാണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. 'ധുരന്ധർ' എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ രൺവീർ ഡോൺ 3-ൽ നിന്ന് പിന്മാറിയെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്.

ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രൺവീർ പിന്മാറിയെന്ന തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. താരത്തിന്റെ അന്യായമായ ആവശ്യങ്ങൾ കാരണം നിർമാതാക്കൾ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

'മൂന്ന് വലിയ പരാജയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഫർഹാൻ അക്തറും നിർമാതാവ് റിതേഷ് സിധ്വാനിയും രൺവീർ സിങ്ങിന് ഡോൺ 3-ലെ വേഷം വാഗ്ദാനം ചെയ്തു. രൺവീറിന് താരമൂല്യമില്ലെന്ന് കണ്ട് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി തന്റെ പുതിയ ചിത്രമായ ബൈജു ബാവ്ര താത്കാലികമായി വേണ്ടെന്ന് വെച്ചിരുന്നു. അപ്പോൾ പോലും റിതേഷും ഫർഹാനും രൺവീറിനെ ചേർത്തുപിടിച്ചു.' -സിനിമയുമായി അടുത്ത ബന്ധമുള്ള ഒരാൾ പറഞ്ഞു.

'മറ്റുള്ളവരെല്ലാം തള്ളിക്കളഞ്ഞപ്പോഴും രൺവീറിൽ വിശ്വാസമർപ്പിച്ച ഏക സംവിധായകൻ ഫർഹാനായിരുന്നു. ധുരന്ധർ തിയേറ്ററുകളിലെത്തുന്നതിന് മുമ്പുള്ള കാര്യമാണ് ഇത്. ഹിറ്റായ ഫ്രാഞ്ചൈസാണ് ഡോൺ. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ഇതിഹാസം രചിച്ചയിടത്തേക്കാണ് രൺവീറിന് ചുവടുവെക്കാൻ അവസരം ലഭിച്ചത്. ഏതൊരു അഭിനേതാവിന്റേയും സ്വപ്‌നവേഷം. ഉള്ളടക്കവുമായി ബന്ധപ്പെട്ട കാരണങ്ങളല്ല രൺവീറിന്റെ പുറത്താകലിന് കാരണം. അയാൾ സ്വയം പുറത്തുപോയതല്ല, മറിച്ച് അയാൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കാരണമാണ് പുറത്തുപോകേണ്ടിവന്നത്.' -അദ്ദേഹം തുടർന്ന് പറഞ്ഞു.

തുടർച്ചയായി ഗ്യാങ്സ്റ്റർ ചിത്രങ്ങൾ ചെയ്യുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് 'ഡോൺ 3'യിൽ നിന്ന് രൺവീർ സിങ് പിന്മാറിയതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. 'ധുരന്ധർ' പൂർത്തിയായ ശേഷം രൺവീർ 'ഡോൺ 3'-യിൽ ജോയിൻ ചെയ്യുമെന്നായിരുന്നു നേരത്തെ ധാരണ.

Content Highlights: Ranveer Singh didn't quit Don 3, he was fired, claim sources