നിവിൻ പോളി നവീൻ പോളിയായി; നാക്കുപിഴ, പിന്നാലെ തന്നെ തിരുത്താൻ സദസ്സിനോട് ആവശ്യപ്പെട്ട് ചെന്നിത്തല

അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന വിജിലൻസ് വകുപ്പ് ആരംഭിച്ച പ്രൊജക്ട് സീറോ ഉദ്ഘാടന പരിപാടിക്കിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാക്കുപിഴ. നടൻ നിവിൻ പോളിയുടെ പേര് പറയുന്നതിനിടയിലാണ് അബദ്ധം പിണഞ്ഞത്. നിവിൻ പോളിയെ നവീൻ പോളി എന്നായിരുന്നു മന്ത്രി വിശേഷിപ്പിച്ചത്. പിന്നാലെ തെറ്റ് സ്വയം തിരിച്ചറിഞ്ഞ മന്ത്രി, സദസ്സിനോട് തന്നെ തിരുത്താൻ ആവശ്യപ്പെട്ടു.
പ്രസംഗത്തിന്റെ തുടക്കത്തിൽ വേദിയിലുള്ളവരെ പേരെടുത്ത് അഭിസംബോധന ചെയ്യുകയായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിവിൻ പോളിയുടെ പേര് പറയും മുമ്പ് താരത്തിന്റെ സിനിമ ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ വിശേഷണത്തിനായി മന്ത്രി പരാമർശിച്ചു. 'എല്ലാവരും കാത്തിരിക്കുന്ന, നമുക്ക് ഏറ്റവും പ്രിയപ്പെട്ട ശ്രദ്ധാകേന്ദ്രമായ, മലയാള ചലച്ചിത്രത്തിലെ യുവത്വത്തിന്റെ പ്രതീകം ആക്ഷൻ ഹീറോ നവീൻ പോളി,' എന്നായിരുന്നു മന്ത്രി നടനെ പരിചയപ്പെടുത്തിയത്.
അബദ്ധം തിരിച്ചറിയാതെ മന്ത്രി പ്രസംഗം തുടർന്നു. പ്രസംഗത്തിനായി എഴുതി തയ്യാറാക്കിയ കുറിപ്പ് അദ്ദേഹം കരുതിയിരുന്നു. പൂർണമായും കുറിപ്പിൽ നോക്കിയായിരുന്നില്ല പ്രസംഗം.
'മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യ തൂഫാൻ വാരിയറായി ജനകീയ പോരാട്ടത്തെ നയിച്ചു', എന്ന് പറഞ്ഞതിന് പിന്നാലെ നിവിൻ പോളിയുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു മന്ത്രി. 'ഇവിടെ യൂത്ത് ഐക്കണായ ആക്ഷൻ ഹീറോ', എന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം, കുറിപ്പിൽ നോക്കിയശേഷം 'ഞാൻ പറഞ്ഞത് തെറ്റിപ്പോയി', എന്ന് പറഞ്ഞു. തെറ്റ് സ്വയം തിരിച്ചറിഞ്ഞ് അദ്ദേഹം, തന്നെ തിരുത്താൻ സദസ്സിനോട് ആവശ്യപ്പെടുകയായിരുന്നു.
'ഞാൻ പറഞ്ഞത് തെറ്റിപ്പോയി. നിങ്ങൾക്ക് തന്നെ പേരുപറയാം. ആരാണ് ആക്ഷൻ ഹീറോ', എന്ന് പറഞ്ഞശേഷം 'പറയൂ ആരാണ് ആക്ഷൻ ഹീറോ?', എന്ന് സദസ്സിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു. സദസ്സിന് മറുപടി നൽകിയപ്പോൾ, ഉറക്കെ പറയാൻ അദ്ദേഹം നിർദേശിച്ചു. സദസ്സിൽനിന്ന് വീണ്ടും നിവിൻ പോളി എന്ന് ശബ്ദമുയർന്നപ്പോൾ, നിവിൻ പോളിയാണ് ആക്ഷൻ ഹീറോ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ സിനിമകളിൽ നിവിൻ പോളിയുടെ കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കുമെതിരായ പോരാട്ടമാണ് നടത്തുന്നത്. അത് സിനിമയിലാണെങ്കിൽ, ഇപ്പോൾ ജീവിതത്തിലും സമൂഹത്തിലും അഴിമതിക്കെതിരായ വലിയ പോരാട്ടത്തിന് എത്തിച്ചേർന്നിരിക്കുകയാണ് അദ്ദേഹം', ചെന്നിത്തല കൂട്ടിച്ചേർത്തു. തുടർന്ന് ചെന്നിത്തല നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ആയി പ്രഖ്യാപിച്ചു.
Content Highlights: Ramesh Chennithala made a slip of the tongue by addressing actor Nivin Pauly as "Naveen Pauly" during the Vigilance Department's Project Zero launch. While introducing the actor as the youth icon and star of Action Hero Biju, Chennithala mistakenly used the wrong first name. Upon realizing his mistake midway through his speech, Chennithala directly asked the audience to shout out the correct name of the actor. The audience responded in unison with "Nivin Pauly," after which Chennithala corrected himself and praised the actor's onscreen fight against corruption. Highlighting his role in combating social evils, Ramesh Chennithala officially declared Nivin Pauly as a Vigilance Commando at the event.