ബോംബെ അധോലോകത്തിനുപോലും എന്റെ ആ ചിത്രങ്ങൾ ഇഷ്ടമായി, എനിക്കൊരു ഭീഷണിയും വന്നില്ല -രാം ഗോപാൽ വർമ

മുംബൈ അധോലോകവുമായി ബന്ധപ്പെട്ട് കൗതുകകരമായ വെളിപ്പെടുത്തലുമായി സംവിധായകൻ രാം ഗോപാൽ വർമ. 1990-കളിൽ ബോളിവുഡ് സിനിമാ പ്രവർത്തകർക്ക് അധോലോകത്തിൽ നിന്ന് വലിയ ഭീഷണികൾ നേരിട്ടിരുന്നെങ്കിലും തനിക്ക് അത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അധോലോക സംഘാംഗങ്ങൾ തന്റെ സിനിമകളെ സ്നേഹിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് വർമ ഇക്കാര്യം പറഞ്ഞത്.
തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ സിനിമകളായ സത്യ, കമ്പനി എന്നിവ മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് രാം ഗോപാൽ വർമ നിർമ്മിച്ചത്. സാധാരണയായി ഗ്യാങ്സ്റ്റർ സിനിമകൾ എടുക്കുമ്പോൾ അധോലോകത്തുനിന്ന് ഭീഷണി കോളുകൾ വരാറുണ്ടെങ്കിലും, തനിക്ക് അത്തരത്തിൽ ഒരു അനുഭവവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 'സത്യ', 'കമ്പനി' എന്നീ സിനിമകൾ യാഥാർത്ഥ്യത്തോട് ചേർന്നുനിന്നതിനാൽ അവർ തന്നെ ഉപദ്രവിക്കാൻ ആഗ്രഹിച്ചില്ലെന്നും താൻ അവരുടെ ഒരു 'ആത്മമിത്രത്തെ' പോലെയായെന്നും വർമ പറഞ്ഞു.
തന്റെ ആത്മകഥയായ 'ഗൺസ് & തൈസ്' ആദ്യം അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന് സമർപ്പിച്ചതായി വർമ ഓർത്തെടുത്തു, എന്നാൽ പിന്നീട് പ്രസാധകർ ആ സമർപ്പണം നീക്കം ചെയ്തു. വ്യവസായത്തിലെ മറ്റുള്ളവരെ അപേക്ഷിച്ച് തന്റെ അനുഭവം വളരെ വ്യത്യസ്തമായിരുന്നുവെന്നും, അന്നൊക്കെ പലർക്കും അധോലോകത്തിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
‘ദാവൂദ് ഇബ്രാഹിം ഇല്ലായിരുന്നെങ്കിൽ, എനിക്ക് സത്യയും കമ്പനിയും പോലെ രണ്ട് ഐതിഹാസിക ചിത്രങ്ങൾ നിർമിക്കാൻ കഴിയുമായിരുന്നില്ല. ആ പുസ്തകം എനിക്ക് എങ്ങനെയാണ് അദ്ദേഹത്തിന് സമർപ്പിക്കാതിരിക്കാൻ കഴിയുക? അദ്ദേഹം കാരണമാണ് ഞാൻ ജീവിക്കുന്നത്. അധോലോകത്തുനിന്ന് ഭീഷണിപ്പെടുത്തുന്ന കോളുകൾ ലഭിക്കാത്ത ഏക വ്യക്തി ഞാനായിരുന്നു. കാരണം അവർ സത്യയും കമ്പനിയും ഇഷ്ടപ്പെട്ടിരുന്നു. അവർ എന്നെ ശല്യപ്പെടുത്താൻ ആഗ്രഹിച്ചില്ല.’-രാം ഗോപാൽ വർമ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് രാം ഗോപാൽ വർമ പുതിയ ചിത്രം പ്രഖ്യാപിച്ചത്. സിൻഡിക്കേറ്റ് എന്ന് പേരിട്ട ചിത്രം തന്റെ എല്ലാ സിനിമാ പാപങ്ങളേയും കഴുകിക്കളയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Director Ram Gopal Varma revealed that despite the 1990s being a dangerous time for Bollywood, he never received threats from the underworld because mobsters actually loved and respected his realistic portrayals in films like Satya and Company.