‘നായികയാവാന്‍ കഴിയാത്തതിനാല്‍ ഐറ്റം സോങ് ചെയ്യുന്നു, ഒറിജിനല്‍ ഞാന്‍തന്നെ’- തമന്നയെ പരിഹസിച്ച് രാഖി സാവന്ത്

തുടര്‍ച്ചയായി ഐറ്റം നമ്പറുകള്‍ ചെയ്യുന്ന നടി തമന്ന ഭാട്ടിയയ്‌ക്കെതിരെ പരിഹാസയുമായി രാഖി സാവന്ത്. സിനിമയിലെ യഥാര്‍ത്ഥ ഐറ്റം ഗേള്‍ താനാണെന്നും തമന്നയെപ്പോലുള്ള നടിമാര്‍ ഇപ്പോള്‍ തന്റെ പാത പിന്തുടരുകയാണെന്നും രാഖി പറയുന്നു. ഒരുകാലത്ത് താന്‍ സ്‌ക്രീനില്‍ കൊണ്ടുവന്ന ആവേശവും ഊര്‍ജവും ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങള്‍ക്കില്ലെന്നും രാഖി പറഞ്ഞു.
'ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം സോങ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഹീറോയിന്‍ എന്ന നിലയിലുള്ള കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ ഞങ്ങളുടെ വയറ്റത്തടിച്ച് ഐറ്റം സോങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി. നാണമില്ലേ! ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഇനി ഞങ്ങള്‍ നായികമാരാകും’ - ഒരു അഭിമുഖത്തില്‍ രാഖി സാവന്ത് പരിഹാസത്തോടെ പറഞ്ഞു.
ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ദി ബാ**ഡ്സ് ഓഫ് ബോളിവുഡി’ലാണ് അടുത്തിടെ തമന്ന ഐറ്റം ഡാന്‍സ് ചെയ്തത്. 'ഗഫൂര്‍' എന്ന ഈ ഗാനം വൈറലാകുകയും ചെയ്തു. ഈ ഗാനത്തെക്കുറിച്ച് തമന്ന അടുത്തിടെ പ്രതികരിച്ചിരുന്നു. 'അദ്ദേഹത്തിന് (ആര്യന്‍ ഖാന്) കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടുമുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ ഒരുപാട് സ്‌നേഹം ലഭിച്ചു. 'ഗഫൂര്‍' വളരെ രസകരമായിരുന്നു. ഫറാ ഖാന്‍ കൊറിയോഗ്രാഫി ചെയ്തപ്പോള്‍ അതൊരു മാന്ത്രിക അനുഭവമായി. ഈ ഗാനം ഒരു ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ഫറ, ഛായാഗ്രാഹകന്‍ രവി വര്‍മ്മന്‍, കാര്യങ്ങള്‍ നിയന്ത്രിച്ച ആര്യന്‍ എന്നിവരുടെ പിന്തുണ കാരണം ഞങ്ങള്‍ക്കത് സാധിച്ചു’ - അവര്‍ പറഞ്ഞിരുന്നു.
രജനികാന്തിന്റെ 'ജയിലറി'ലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഡാന്‍സ് ഹിറ്റുകളിലൊന്നായ 'കാവാലാ' എന്ന ഗാനത്തിനു ശേഷം, 'സ്ത്രീ 2' വിലെ 'ആജ് കി രാത്' എന്ന ഗാനത്തിലും അജയ് ദേവ്ഗണിനൊപ്പം 'റെയ്ഡ് 2' ലും തമന്ന ഐറ്റം ഡാന്‍സ് ചെയ്തിരുന്നു. ഡയാന പെന്റിക്കൊപ്പം 'ഡു യു വാനാ പാര്‍ട്ണര്‍' എന്ന വെബ് സീരീസില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട 35-കാരിയായ താരം ഇപ്പോള്‍ 'വ്വാന്‍: ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഇതില്‍ ആദ്യമായി സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പം അവര്‍ അഭിനയിക്കുകയാണ്.
Content Highlights: Rakhi Sawant returns to India, calling herself the `original item girl` and criticizing Tamannaah Bhatia for following her footsteps in item songs. Tamannaah, meanwhile, shines with recent hits and new ventures.