രാജ്പാൽ ഒരു പാവം മനുഷ്യൻ, ഇത് അറിവില്ലായ്മകൊണ്ട് സംഭവിച്ച അബദ്ധം -പ്രിയദർശൻ

#മൂവി ഡെസ്ക്
പ്രിയദർശൻ, രാജ്പാൽ യാദവ് | ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി, PTI
പ്രിയദർശൻ, രാജ്പാൽ യാദവ് | ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി, PTI

ബോളിവുഡ് താരം രാജ്പാൽ യാദവ് ചെക്ക് കേസിൽ തിഹാർ ജയിലിലായ സംഭവത്തിൽ പ്രതികരണം അറിയിച്ച് സംവിധായകൻ പ്രിയദർശൻ. രാജ്പാലിന് സംഭവിച്ചത് അറിവില്ലായ്മ കൊണ്ടുള്ള അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ അടുത്ത ചിത്രത്തിൽ രാജ്പാലിന് ഉയർന്ന പ്രതിഫലം നൽകാൻ ശ്രമിച്ചതായും പ്രിയദർശൻ വ്യക്തമാക്കി. പ്രിയദർശൻ ചെയ്ത ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാജ്പാൽ യാദവ്.

രാജ്പാൽ യാദവിനെ തനിക്ക് കഴിഞ്ഞ 20 വർഷത്തിലേറെയായി അറിയാമെന്ന് പ്രിയദർശൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ പ്രശ്നം തനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് തന്റെ എല്ലാ ചിത്രങ്ങളിലും രാജ്പാലിന് അവസരം നൽകിയിരുന്നത്. പരസ്യ ചിത്രങ്ങളിലും ഞാൻ അദ്ദേഹത്തെ സഹകരിപ്പിച്ചു. ആ പാവത്തിൻ്റെ അറിവില്ലായ്മയാണ് ഈ പ്രശ്നത്തിന് കാരണം. രാജ്പാൽ നല്ല മനസ്സുള്ള ഒരാളാണെന്നും പ്രിയദർശൻ പറഞ്ഞു.

"2000-ലെ ജംഗിൾ എന്ന ചിത്രത്തിലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത്, അദ്ദേഹത്തിൻ്റെ അഭിനയം എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തോടൊപ്പമുള്ള എൻ്റെ ആദ്യ ചിത്രം 2006-ലെ മാലാമൽ വീക്ക്ലി ആയിരുന്നു, അതിനുശേഷം അദ്ദേഹം എൻ്റെ മിക്ക ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എൻ്റെ അടുത്ത ചിത്രത്തിൻ്റെ നിർമ്മാതാക്കളോട് (ജൂബിലി ഫിലിംസ്) രാജ്പാലിൻ്റെ ഈ അവസ്ഥ കാരണം അദ്ദേഹം ആവശ്യപ്പെടുന്നതിലും കൂടുതൽ പ്രതിഫലം നൽകാൻ ഞാൻ ആവശ്യപ്പെട്ടു. ഇത് നിർമ്മാതാക്കൾ സമ്മതിച്ചിട്ടുണ്ട്. ഞങ്ങൾ അദ്ദേഹത്തെ രക്ഷിക്കാൻ ആഗ്രഹിക്കുന്നു. രാജ്പാൽ എൻ്റെ സിനിമയിൽ വില്ലൻ വേഷമാണ് ചെയ്യുന്നത്." പ്രിയദർശൻ കൂട്ടിച്ചേർത്തു.

2010-ൽ തന്റെ ആദ്യ സംവിധാന സംരംഭമായ 'അട്ടാ പട്ടാ ലാപട്ടാ' എന്ന സിനിമയ്ക്കായി ഡൽഹി ആസ്ഥാനമായുള്ള കമ്പനിയിൽ നിന്ന് 5 കോടി രൂപ കടം വാങ്ങിയതാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സിനിമ പരാജയപ്പെട്ടതോടെ ബാധ്യതകൾ വർദ്ധിക്കുകയും അത് നിയമപോരാട്ടത്തിലേക്ക് നീങ്ങുകയുമായിരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന ചെക്ക് ബൗൺസ് കേസുകളിൽ കൂടുതൽ സമയം അനുവദിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടർന്ന് ഫെബ്രുവരി 5-നാണ് താരം കീഴടങ്ങിയത്.

ഏകദേശം 9 കോടി രൂപയുടെ ബാധ്യതയാണ് നടനുള്ളതെന്നാണ് റിപ്പോർട്ട്. പ്രിയദർശനെ കൂടാതെ സോനു സൂദ്, മിക്ക സിങ്, ഗുരു രൺധാവ തുടങ്ങിയ പ്രമുഖരും രാജ്പാലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Actor Rajpal Yadav surrenders to Tihar Jail over cheque bounce case. Filmmaker Priyadarshan reveals efforts to help him with higher remuneration for his upcoming film.