1200 കോടിയുടെ പ്രോജക്റ്റുകൾ കയ്യിലുണ്ട്, കഷ്ടകാലത്ത് കുട്ടികൾപോലും പണംതന്ന് സഹായിച്ചു -രാജ്പാൽ യാദവ്

9 കോടി രൂപയുടെ കടബാധ്യതയിലും ചെക്ക് മടങ്ങിയ കേസിലും നടൻ രാജ്പാൽ യാദവ് തിഹാർ ജയിലിൽ കീഴടങ്ങിയത് അടുത്തിടെയാണ്. കേസിൽ ഇടക്കാല ജാമ്യം കിട്ടിയ അദ്ദേഹം ഫെബ്രുവരി 16-ന് പുറത്തിറങ്ങി. ശനിയാഴ്ച അഭിഭാഷകന്റെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചു. കേസിനെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും രാജ്പാൽ യാദവ് സംസാരിച്ചു. അഡ്വ. ഭാസ്കർ ഉപാധ്യായയാണ് രാജ്പാലിന്റെ അഭിഭാഷകൻ.
അടുത്ത ഏഴ് വർഷത്തേക്ക് 1200 കോടി രൂപയിലധികം വരുന്ന പ്രോജക്റ്റുകളുണ്ടെന്ന് രാജ്പാൽ യാദവ് വെളിപ്പെടുത്തി. വരും കാലയളവിൽ 10 സിനിമകൾ ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിനിമകളല്ലാത്ത നാല് കരാറുകൾ താൻ ഉറപ്പാക്കിയിട്ടുണ്ട്. ഈ പ്രോജക്റ്റുകളിൽ ചിലത് 200 കോടി രൂപയുടെതാണ്. ഫീസും പ്രോജക്റ്റുകളിലെ ഓഹരിയും ചേർന്നതാണ് ഇതിന് വരുമാനമായി ലഭിക്കുക. 10 സിനിമകളും വരുന്നുണ്ടെന്നും യാദവ് പറഞ്ഞു. ജയിലിൽക്കഴിഞ്ഞ നാളുകളിൽ ആരാധകരുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും അകമഴിഞ്ഞ പിന്തുണ ലഭിച്ചെന്ന് രാജ്പാൽ യാദവ് വ്യക്തമാക്കി.
"കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കുട്ടികൾ പോലും എനിക്ക് സഹായവുമായെത്തി. സോഷ്യൽ മീഡിയ വഴി 1 കോടി രൂപ വരെയും അതിൽ കൂടുതലും എനിക്ക് ലഭിച്ചു. അവർക്ക് നന്ദി അറിയിച്ച് ഞാൻ ഒരു പ്രസ്താവന ഇറക്കും, കൂടാതെ ഞാൻ പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുന്ന 4-5 ആളുകളുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. അവരുടെ ബാങ്ക് വിശദാംശങ്ങൾ അയക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. എനിക്ക് അവരിൽ നിന്ന് സമയം മാത്രമേ ആവശ്യമുള്ളൂ. വാങ്ങിയത് എല്ലാവർക്കും ബഹുമാനത്തോടെ തിരികെ നൽകും. എന്നിരുന്നാലും, രാജ്യത്തുടനീളമുള്ള നിരവധി കുട്ടികൾ എന്നോടൊപ്പം നിന്നതിന്റെ കടം എനിക്ക് വീട്ടാൻ കഴിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
2010-ൽ ഒരു ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് നടൻ നിയമക്കുരുക്കിൽപ്പെട്ടത്. 'അട്ടാ പട്ടാ ലാപട്ടാ' (Ata Pata Laapata) എന്ന തന്റെ സംവിധാന സംരംഭത്തിനായി രാജ്പാലും ഭാര്യയും കൂടി ഒരു കമ്പനിയിൽനിന്ന് ഏകദേശം അഞ്ച് കോടി രൂപ വായ്പ എടുത്തിരുന്നു. എന്നാൽ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതോടെ വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചില്ല. തിരിച്ചടവിനായി നൽകിയ പല ചെക്കുകളും മടങ്ങിയതിനെത്തുടർന്ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.
വർഷങ്ങൾ പിന്നിട്ടപ്പോൾ പലിശയും പിഴയും ചേർന്ന് കുടിശ്ശിക തുക ഏകദേശം ഒമ്പത് കോടി രൂപയോളം എത്തി. എന്നാൽ ഡൽഹി ഹൈക്കോടതി നൽകിയ കാലാവധികൾ പലത് കഴിഞ്ഞിട്ടും ഈ തുക തിരിച്ചടയ്ക്കാൻ രാജ്പാലിന് സാധിച്ചില്ല. ഒടുവിൽ ഇനിയും സമയം നൽകാൻ കോടതി വിസമ്മതിച്ചതോടെ നടന് ആറ്മാസത്തെ തടവ് ശിക്ഷയ്ക്കായി ഫെബ്രുവരി അഞ്ചിന് തീഹാർ കോടതിയിൽ കീഴടങ്ങേണ്ടി വന്നു.
ഏകദേശം 9 കോടി രൂപയുടെ ബാധ്യതയാണ് നടനുള്ളതെന്നാണ് റിപ്പോർട്ട്. സംവിധായകൻ പ്രിയദർശൻ, സോനു സൂദ്, മിക്ക സിങ്, ഗുരു രൺധാവ തുടങ്ങിയ പ്രമുഖരും രാജ്പാലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Content Highlights: Actor Rajpal Yadav was released from Tihar Jail on interim bail, He held a press conference to discuss the legal case and his future, Announced upcoming projects, including 10 films, valued at over ₹1000 crore. Expressed gratitude for the overwhelming support received from fans and the public.