2.5 കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസ്; വായ്പ എടുത്തിട്ടില്ലെന്നാണ് രാജ്പാൽ പറഞ്ഞതെന്ന് സഹോദരൻ

#Movies Desk
രാജ്പാൽ യാദവ് | ഫോട്ടോ: AFP
രാജ്പാൽ യാദവ് | ഫോട്ടോ: AFP

രണ്ടരക്കോടിയുടെ ചെക്ക് മടങ്ങിയ കേസിൽ തന്നെ ആരും സഹായിച്ചില്ലെന്ന ബോളിവുഡ് നടൻ രാജ്പാൽ യാദവിന്റെ വാക്കുകൾ തള്ളി ജ്യേഷ്ഠസഹോദരൻ ശ്രീപാൽ യാദവ്. ആരും സഹായിച്ചില്ലെന്ന് രാജ്പാലിന്റെ പേരിൽ പ്രചരിക്കുന്ന കാര്യം ഒരിക്കലും ശരിയാവാൻ വഴിയില്ലെന്ന് ശ്രീപാൽ യാദവ് പറഞ്ഞു. രാജ്പാൽ തന്റെ ഇളയസഹോദരനാണ്. ഒരുമുറിയിലാണ് ഒന്നിച്ചു താമസിച്ച് വളർന്നത്. അങ്ങനെ അവന് പറയാൻ കഴിയുമെന്ന് കരുതുന്നില്ല. ബുദ്ധിമുട്ടിയാൽപ്പോലും അവൻ ആരോടും യാചിക്കാൻ പോവാറില്ലെന്നും ശ്രീപാൽ യാദവ് പറഞ്ഞു. ശ്രീപാൽ യാദവിന്റെ മകളുടെ വിവാഹം നടക്കാനിരിക്കെ ചടങ്ങുകൾക്ക് രാജ്പാലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

അതേസമയം, കോടതിയിൽ കീഴടങ്ങാൻ പോവുന്നതിനുമുമ്പ് രാജ്പാൽ തന്നോട് സംസാരിച്ചിരുന്നുവെന്നും ശ്രീപാൽ യാദവ് പറഞ്ഞു. 'ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട, ചില നിയമനടപടികൾ പൂർത്തിയാക്കാൻ തനിക്കൊന്ന് കോടതി വരെ പോകണമെന്ന് അവൻ പറഞ്ഞിരുന്നു. താൻ യാതൊരു വായ്പയും എടുത്തിട്ടില്ലെന്ന വസ്തുത തെളിയിക്കുമെന്നാണ് രാജ്പാൽ എന്നോട് പറഞ്ഞത്. ഒരു ചിത്രത്തിനായി കുറച്ച് പണം മുടക്കിയിരുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട് ചില പേപ്പറുകളിൽ ഒപ്പുവെച്ചിരുന്നു. സിനിമ പരാജയപ്പെട്ടപ്പോൾ ആ ഒപ്പുകൾ കാണിച്ച് അവന്റെ കൈയിൽനിന്ന് നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടു'- അദ്ദേഹം കൂട്ടിച്ചേർത്തു.

2.5 കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിലാണ് ഡൽഹിയിലെ തിഹാർ ജയിലിൽ താരം കീഴടങ്ങിയത്. കീഴടങ്ങാനുള്ള സമയപരിധി നീട്ടിനൽകണമെന്ന നടന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി നിരസിച്ചതിനെത്തുടർന്നാണ് ഈ നടപടി ഉണ്ടായത്. തനിക്ക് പണമില്ലെന്നും മറ്റ് വഴികളില്ലെന്നുമാണ് ഈ പ്രതിസന്ധിയെക്കുറിച്ച് രാജ്പാൽ യാദവ് പ്രതികരിച്ചത്. ഒൻപതു കോടിയാണ് അദ്ദേഹത്തിന്റെ ആകെ കടം. സിനിമയിൽ എല്ലാവരും ഒറ്റയ്ക്കാണെന്നും തനിക്ക് സുഹൃത്തുക്കളില്ലെന്നും പ്രതിസന്ധി തനിയെ നേരിടണമെന്നും രാജ്പാൽ യാദവ് നേരത്തെ പറഞ്ഞിരുന്നു.

തന്റെ ആദ്യ സംവിധാന സംരംഭത്തിന് വേണ്ടി മുരളി പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും അദ്ദേഹം എടുത്ത അഞ്ച് കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതാണ് ഈ നിയമപ്രശ്‌നങ്ങൾക്ക് കാരണമായത്. ഒരു ദശകത്തിലേറെ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ, സെക്ഷൻ 138 പ്രകാരമുള്ള കുറ്റത്തിന് താരത്തിന് ആറ് മാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. യാതൊരു പരിഗണനയും ഇനി നൽകാനാവില്ലെന്ന് വ്യക്തമാക്കിയ ഡൽഹി ഹൈക്കോടതി, 2026 ഫെബ്രുവരിയിൽ താരത്തോട് ജയിലിൽ കീഴടങ്ങാൻ ഉത്തരവിടുകയായിരുന്നു.

2010-ൽ തന്റെ ആദ്യ സംവിധാന സംരംഭമായ 'അട്ടാ പട്ടാ ലാപ്പട്ടാ' (Ata Pata Laapata) എന്ന ചിത്രം നിർമിക്കുന്നതിനായാണ് ഡൽഹി ആസ്ഥാനമായുള്ള മുരളി പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് യാദവ് 5 കോടി രൂപ വായ്പ എടുത്തത്. എന്നാൽ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി. നടൻ നൽകിയ ഏഴ് ചെക്കുകൾ മടങ്ങിയതിനെത്തുടർന്ന്, 2018 ഏപ്രിലിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് സെക്ഷൻ 138 പ്രകാരം അദ്ദേഹത്തേയും ഭാര്യ രാധയെയും കോടതി ശിക്ഷിച്ചു.

നിയമനടപടികൾ നീണ്ടുപോയതോടെ മൊത്തം കടബാധ്യത ഏകദേശം 9 കോടി രൂപയായി ഉയർന്നു. കടം തീർക്കാൻ സമയം അനുവദിച്ചുകൊണ്ട് 2024 ജൂണിൽ ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ആറ് മാസത്തെ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, കോടതി നൽകിയ സമയപരിധികൾ പാലിക്കുന്നതിലും നൽകിയ ഉറപ്പുകൾ നിറവേറ്റുന്നതിലും രാജ്പാൽ യാദവ് ആവർത്തിച്ച് പരാജയപ്പെട്ടു. ഇക്കാര്യത്തിൽ അദ്ദേഹത്തിന് വേണ്ടത്ര ഗൗരവമില്ലെന്ന് നിരീക്ഷിച്ച കോടതി, വാഗ്ദാനങ്ങൾ ലംഘിക്കുന്നതിലും അതൃപ്തി രേഖപ്പെടുത്തി.

Content Highlights: Rajpal Yadav's Brother To NDTV On Rs 9-Crore Cheque-Bounce Case: "He Invested Money, Didn't Take Loans"