ബദരീനാഥ് ധാമിലെത്തി രജനീകാന്ത്, ഊഷ്മളമായി സ്വീകരിച്ച് ക്ഷേത്രസമിതി; വീഡിയോ

ബദരീനാഥ് ധാമിലെത്തിയ രജനീകാന്ത് | സ്ക്രീൻ​ഗ്രാബ് \ ANI
ബദരീനാഥ് ധാമിലെത്തിയ രജനീകാന്ത് | സ്ക്രീൻ​ഗ്രാബ് \ ANI

സൂപ്പർതാരം രജനികാന്ത് തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ പുണ്യസ്ഥലമായ ബദരീനാഥ് ധാമിലെത്തി. അടുത്ത മാസം ശൈത്യകാലത്തിനായി ക്ഷേത്രനട അടയ്ക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ സന്ദർശനം. രജനികാന്തിന്റെ സന്ദർശനം ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്രസമിതി സ്ഥിരീകരിച്ചു.

ക്ഷേത്രത്തിലെത്തിയ രജനികാന്തിനെ ക്ഷേത്രസമിതി ഊഷ്മളമായി സ്വീകരിച്ചു. ഛാർ ധാം തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരീനാഥ് ധാമിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് നട അടയ്ക്കുന്നതിന് മുമ്പായി ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തർ എത്താറുണ്ട്. ക്ഷേത്രദർശനം നടത്തുന്ന നടന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബദരീനാഥ് ധാം സന്ദർശനത്തിന് മുന്നോടിയായി രജനികാന്ത് സുഹൃത്തുക്കളോടൊപ്പം ഋഷികേശിലും എത്തിയിരുന്നു. വെള്ള കുർത്തയും മുണ്ടും ധരിച്ച നടൻ വഴിയോരത്ത് നിന്ന് ലളിതമായ ഭക്ഷണം ആസ്വദിക്കുന്ന ചിത്രം നേരത്തെ വൈറലായിരുന്നു.

ക്ഷേത്രസമിതിയുടെ അറിയിപ്പ് പ്രകാരം, ബദരീനാഥ് ധാമിന്റെ നട ശൈത്യകാലത്തിനായി നവംബർ 25-ന് ഉച്ചകഴിഞ്ഞ് 2:56-ന് അടയ്ക്കും. ഈ വാർഷിക അടച്ചിടലോടെ തീർത്ഥാടന കാലത്തിന് അവസാനമാകും, വസന്തകാലത്താണ് ക്ഷേത്രം വീണ്ടും തുറക്കുക. ഈ വർഷം, സമീപത്തുള്ള കേദാർനാഥ് ധാമിലെ നട ഒക്ടോബർ 23-ന് ശൈത്യകാലത്തിനായി അടയ്ക്കും. മഞ്ഞുവീഴ്ചയും കഠിനമായ കാലാവസ്ഥയും കാരണം പ്രവേശനം നിയന്ത്രിക്കുന്നതിന് മുമ്പായി പ്രാർത്ഥനകൾ അർപ്പിക്കാൻ തീർത്ഥാടകർ ഈ സമയത്ത് എത്താറുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' എന്ന ചിത്രത്തിലാണ് രജനികാന്തിനെ അടുത്തിടെ കണ്ടത്. നാഗാർജുന, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരുൾപ്പെടെ വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. നെൽസൺ സംവിധാനംചെയ്യുന്ന ജയിലർ 2 ആണ് രജനീകാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. കമൽഹാസനുമൊത്ത് അദ്ദേഹം ഒരു ചിത്രം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.

Content Highlights: Superstar Rajinikanth offered prayers at Badrinath Dham before the temple`s winter closure. He was welcomed by the temple committee and seen in Rishikesh prior.