'പടയപ്പ തിയേറ്ററില്‍ കാണേണ്ട ചിത്രം, രണ്ടാംഭാഗം വരും'; ടൈറ്റില്‍ പ്രഖ്യാപിച്ച് രജനീകാന്ത്

#Movies Desk
രമ്യാ കൃഷ്ണനും രജനീകാന്തും 'പടയപ്പ'യില്‍ | Photo: Mathrubhumi Archives
രമ്യാ കൃഷ്ണനും രജനീകാന്തും 'പടയപ്പ'യില്‍ | Photo: Mathrubhumi Archives

രജനീകാന്ത് നായകനായ കെ.എസ്.രവികുമാര്‍ ചിത്രം 'പടയപ്പ' തമിഴിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നാണ്. ഇറങ്ങിയ കാലത്ത്, തമിഴിലെ ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രങ്ങളിലൊന്നായിരുന്നു 'പടയപ്പ'. രജനീകാന്തിന് പുറമേ, ശിവാജി ഗണേശന്‍, രമ്യ കൃഷ്ണന്‍, സൗന്ദര്യ തുടങ്ങി വന്‍ താരനിര അടങ്ങിയ ചിത്രം. വെള്ളിയാഴ്ച ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പങ്കുവെച്ച ഒരു വീഡിയോയില്‍ ചിത്രത്തിന് രണ്ടാംഭാഗം വരുമെന്നാണ് രജനീകാന്തിന്റെ പ്രഖ്യാപനം.

50 കൊല്ലത്തെ സിനിമാ കരിയറില്‍, ‘പടയപ്പ’യല്ലാതെ മറ്റൊരു ചിത്രം കാണാന്‍ സ്ത്രീകള്‍ ഗേറ്റ് തകര്‍ത്തെത്തുന്നത് താന്‍ കണ്ടിട്ടില്ലെന്ന് രജനീകാന്ത് ഓര്‍ത്തെടുത്തു. ഇപ്പോള്‍, ‘2.0’, ‘ജയ്‌ലര്‍ 2’ എന്നീ ചിത്രങ്ങള്‍ കാണുമ്പോള്‍ എന്തുകൊണ്ട് 'പടയപ്പ'ക്ക് രണ്ടാംഭാഗമുണ്ടായിക്കൂടെന്ന് ചിന്തിക്കുകയാണെന്നും രജനീകാന്ത് പറഞ്ഞു. രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ 'നീലാംബരി' എന്നായിരിക്കും രണ്ടാംഭാഗത്തിനെന്നും രജനീകാന്ത് പറഞ്ഞു.

'കഥ ചര്‍ച്ച ചെയ്യുകയാണ്. 'പടയപ്പ' പോലെ ഒരു കഥ ലഭിച്ചാല്‍, 'നീലാംബരി' സംഭവിക്കും. 'പടയപ്പ' ഒരു ഒടിടിക്കും കൊടുത്തിട്ടില്ല. തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണിത്', രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.

രജനീകാന്തിന്റെ പിറന്നാള്‍ ദിനത്തിലാണ് 'പടയപ്പ' റീ- റിലീസ്. നിലവില്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ 'ജയ്‌ലര്‍ 2'-വിലാണ് രജനീകാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദ്യഭാഗത്തില്‍ രമ്യാ കൃഷ്ണനും പ്രധാനവേഷത്തിലുണ്ടായിരുന്നു. മോഹന്‍ലാലും ചിത്രത്തില്‍ നിര്‍ണായകവേഷം അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Superstar Rajinikanth confirms a sequel to the cult classic `Padayappa`. `Neelambari` is the likely title