രജനീകാന്ത് ആത്മകഥ എഴുതുന്നു, സ്ഥിരീകരിച്ച് മകൾ, ജീവിതം സിനിമയാക്കാനുള്ള ആലോചനകളും

#മൂവി ഡെസ്ക്
രജനീകാന്ത് | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി
രജനീകാന്ത് | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി

ചെന്നൈ: തന്റെ ജീവിതയാത്രകളെ അക്ഷരങ്ങളിൽ ചാലിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത് ആത്മകഥ എഴുതുന്നു. താരവുമായി അടുത്തബന്ധമുള്ള വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവിലെ ബസ് കണ്ടക്ടർ വേഷത്തിൽനിന്ന് സൂപ്പർസ്റ്റാർ പദവിയിലേക്കുയർന്ന ജീവിതയാത്രയിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയായിരിക്കും രജനിയുടെ രചന. അദ്ദേഹത്തിന്റെ ജീവിതം പലർക്കും പ്രചോദനമാകുമെന്ന തോന്നലാണ് ഉദ്യമത്തിനു പിന്നിൽ.

സ്ഥിരോത്സാഹത്തിലൂടെയും കഴിവിലൂടെയും തമിഴ് സിനിമയുടെ അവിഭാജ്യഘടകമായി മാറിയ വ്യക്തിയാണ് രജനീകാന്ത്. ബാല്യകാലത്തെ അനുഭവങ്ങളിൽ തുടങ്ങി സിനിമയിലെത്തിയതും പ്രശസ്തി കൈവരിച്ചതും ഉൾപ്പെടെയുള്ള വിവരങ്ങൾ രജനി ആത്മകഥയിൽ കുറിക്കുമെന്നാണ് അറിയുന്നത്. ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങൾ, പോരാട്ടങ്ങൾ, സങ്കടകരമായ അനുഭവങ്ങൾ തുടങ്ങിയവയും പുസ്തകത്തിൽ ഇടംപിടിക്കും.

രജനിയുടെ ജീവിതകഥ സിനിമയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മകൾ സൗന്ദര്യയും രജനീകാന്ത് ആത്മകഥാരചന തുടങ്ങിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ രജനീകാന്ത്, നെൽസൺ ദിലീപ് കുമാർ സംവിധാനംചെയ്യുന്ന ‌ജയിലർ 2 എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. തുടർന്ന് കമൽഹാസൻ നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കും.

Content Highlights: Superstar Rajinikanth is writing his autobiography detailing his inspirational journey from a bus conductor in Bengaluru to a cinema legend, with daughter Soundarya confirming the memoir alongside plans for a movie biopic.