പാരസൈറ്റ് ബോറടിപ്പിച്ചു, പകുതിയായപ്പോഴേക്കും ഉറങ്ങിപ്പോയി: രാജമൗലി

-
-

ഓസ്കാര്‍ പുരസ്കാരം നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് തന്നെ ബോറടിപ്പിച്ചുവെന്ന് സംവിധായകന്‍ രാജമൗലി. ചിത്രം പകുതിയായപ്പോഴേക്കും താൻ  ഉറങ്ങിപ്പോയിയെന്നും ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി പറഞ്ഞു.

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ മികച്ച സിനിമയ്ക്കും മികച്ച സംവിധായകനുമടക്കം നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദക്ഷിണ കൊറിയന്‍ ചിത്രമാണ് പാരസൈറ്റ്.

സാമൂഹിക അസമത്വമാണ് പാരസൈറ്റിലൂടെ ബോന്‍ ജൂന്‍ ഹോ ചര്‍ച്ചയ്ക്ക് വച്ചത്. ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍ ഉന്നതിയില്‍ ജീവിക്കുന്നവരെ പ്രീണിപ്പിക്കുന്ന കാപട്യത്തിലേക്ക് ചിത്രം വെളിച്ചം വീശുന്നു. കൊറിയന്‍ സമൂഹത്തിലെ ഗ്രാമീണ പ്രാന്ത പ്രദേശങ്ങളിലെ സാമൂഹ്യ വ്യവസ്ഥയുടെ പശ്ചാത്തലത്തിലൂടെയാണ് കഥ സഞ്ചരിച്ചത്. ധനികരായ പാര്‍ക്ക് കുടുംബത്തില്‍ ജോലിക്കാരായി നുഴഞ്ഞു കയറുന്ന കിം കുടുംബത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സമൂഹത്തിലെ ഒരു വിഭാഗം അധ്വാനിക്കാന്‍ തയ്യാറാകാതെ പരാന്ന ഭോജികളായി നിലനില്‍ക്കുന്നു എന്ന ആക്ഷേപമാണ് പാരസൈറ്റിലൂടെ സംവിധായകന്‍ ഉന്നയിച്ചത്. 

അതേസമയം രാം ചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ആർ ആർ ആർ ആണ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം. 

Content highlights : Rajamouli Found Oscar Winning Movie Parasite Boring

Content Highlights: