'നമ്മുടെ രാജ്യത്ത് മനുഷ്യജീവന് ഇത്ര വിലയേ ഉള്ളോ?'; മുംബൈ മെട്രോ അപകടത്തിൽ ഗായകൻ രാഹുൽ വൈദ്യ

#Entertainment Desk
രാഹുൽ വൈദ്യ | Photo: Facebook
രാഹുൽ വൈദ്യ | Photo: Facebook

മുംബൈ മെട്രോ നിർമാണത്തിനിടെ കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഗായകൻ രാഹുൽ വൈദ്യ. മെട്രോ ലൈൻ 4-ന്റെ നിർമാണത്തിനിടെയാണ് മുളുണ്ടിൽ, കോൺക്രീറ്റ് സ്ലാബ് റോഡിലെ വാഹനങ്ങൾക്ക് മുകളിലേക്ക് വീണ് ഒരാൾ മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് മുംബൈയെ നടുക്കിയ അപകടമുണ്ടായത്.

സംഭവം വളരെ ദൗർഭാഗ്യകരമാണെന്ന് രാഹുൽ വൈദ്യ പറഞ്ഞു. ഇപ്പോൾ നിങ്ങൾക്ക് എത്ര വലിയ പിഴ വേണമെങ്കിലും ചുമത്താം. എന്നാൽ എത്ര പണം നൽകിയാലും നഷ്ടപ്പെട്ട ജീവൻ തിരിച്ചുകിട്ടില്ല. എങ്ങനെയാണ് നമ്മുടെ രാജ്യത്ത് മനുഷ്യജീവന് ഇത്ര വിലയില്ലാതായത്? -രാഹുൽ ചോദിച്ചു.

'ഇത്തരമൊരു അപകടം സംഭവിക്കുമെന്ന് ഞാൻ എല്ലായ്‌പ്പോഴും ഭയപ്പെട്ടിരുന്നു. കാരണം, അടിസ്ഥാന സൗകര്യവികസനം നടത്തുമ്പോൾ സുരക്ഷയുടെ കാര്യത്തിൽ മതിയായ ശ്രദ്ധ നൽകുന്നില്ല. ഓരോ തവണയും നിർമാണത്തിലിരിക്കുന്ന മെട്രോയുടെ താഴേക്കൂടെ പോകുമ്പോൾ ഞാൻ എന്റെ ഡ്രൈവറോട് അതിവേഗം പോകാനും പരമാവധി ഇടതുവശം ചേർന്ന് പോകാനും പറയും. എന്തെങ്കിലും സംഭവിച്ചാൽ രക്ഷപ്പെടാൻ നേരിയ സാധ്യതയെങ്കിലുമുണ്ടാകാൻ വേണ്ടിയാണ് അത്.' -രാഹുൽ വൈദ്യ പറഞ്ഞു.

Content Highlights: Singer Rahul Vaidya has lashed out at authorities following a fatal accident in Mulund, where a concrete slab from Metro Line 4 collapsed onto vehicles, killing one person and injuring three. Expressing his deep concern over the lack of safety protocols during infrastructure development, Vaidya questioned the low value placed on human lives in India and revealed his own constant fear while traveling near construction zones. "I tell my driver to speed up whenever we pass under a Metro site!"