'എന്റെ വീടിന് പോലും ഞാന് തറക്കല്ലിട്ടിട്ടില്ല, ഇനി ഇതിന്റെ പണി പൂര്ത്തിയാകുന്നതുവരെ ടെന്ഷനാണ്'-രാഹുല് മാങ്കൂട്ടത്തിലിനൊപ്പം അനുശ്രീ

രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ 'സ്മൈല് ഭവന' പദ്ധതിയുടെ പുതിയ വീടിന്റെ തറക്കല്ലിടല് ചടങ്ങില് മുഖ്യാതിഥിയായി നടി അനുശ്രീ. പാലക്കാട് നടന്ന പരിപാടിയില് തറക്കല്ലിടല് കര്മം നടി ഉദ്ഘാടനം ചെയ്തു. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാര്ഥ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്ന് അനുശ്രീ വ്യക്തമാക്കി.
'ഒരു വീട് എന്നുള്ളത് എത്രത്തോളം ആവശ്യമുള്ള ഘടകമാണെന്ന് എല്ലാവര്ക്കും അറിയാം. ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. ഇത്രയും നല്ലൊരു ചടങ്ങിന്റെ ഭാഗമാകാന് കഴിഞ്ഞതില് സന്തോഷം. ഏറ്റവും ഭംഗിയായി തന്നെ ഈ വീട് പൂര്ത്തിയാക്കാന് കഴിയട്ടെ. ഇതിന്റെ നിര്മാണം പൂര്ത്തിയായി എന്ന് അറിയുന്നതുവരെ എനിക്ക് ഇനി ടെന്ഷനാണ്.
ഇത് എന്റെ ആദ്യത്തെ അനുഭവമാണ്. എന്റെ വീടിനുപോലും ഞാന് കല്ലിട്ടിട്ടില്ല. ഞാന് പാലക്കാട്ടുകാരിയും തൃശ്ശൂര്കാരിയുമൊക്കെയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ടാണ് പാലക്കാടിനോട് എനിക്ക് ഒരു പ്രത്യേക സ്നേഹം. വീണ്ടും നിങ്ങളെയൊക്കെ കാണാന് കഴിയട്ടെ. വീട് പൂര്ത്തിയാകുമ്പോള് എത്താം.'-അനുശ്രീ വ്യക്തമാക്കി.
ചുവപ്പ് സാരിയുടുത്താണ് അനുശ്രീ ചടങ്ങിനെത്തിയത്. ആരാധകര്ക്കൊപ്പം സെല്ഫിയെടുത്തതിനും അവരോട് സംസാരിച്ചതിനും ശേഷമാണ് നടി തിരിച്ചുപോയത്.
Content Highlights: rahul mamkoottathil housing project smile chief guest actress anusree