'ഗോവിന്ദ ചാമിമാരെ സൃഷ്ടിക്കുന്നവര്, ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങള്'- അനുശ്രീക്കും സീമാ ജി നായര്ക്കുമെതിരെ പി.പി ദിവ്യ

ലൈംഗികാരോപണം നേരിടുന്ന കോണ്ഗ്രസ് നേതാവ് രാഹുല് മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടിമാരായ അനുശ്രീയേയും സീമ ജി നായരേയും രൂക്ഷമായി വിമര്ശിച്ച് കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യ. രാഹുല് മാങ്കൂട്ടത്തില് ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നതില് അനുശ്രീയേയും സീമയേയും പോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുന്നുവെന്നും ദിവ്യ വ്യക്തമാക്കി.
ഫെയ്സ്ബുക്കില് പങ്കുവെച്ച കുറിപ്പിലൂടെയാണ് അവര് നടിമാര്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. 'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങള്' എന്ന് പറഞ്ഞാണ് അവര് കുറിപ്പ് തുടങ്ങുന്നത്. അനുശ്രീയുടേയും സീമ ജി നായരുടേയും ചിത്രങ്ങളും ദിവ്യ കുറിപ്പിനൊപ്പം പങ്കുവെച്ചു.
പിപി ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങള്...
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില് ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുല് മാങ്കൂട്ടത്തില് ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെണ്കുട്ടിയോടാണ്... സഹോദരീ നിങ്ങള് ധൈര്യമായി പരാതി നല്കണം. കേരള ജനത കൂടെയുണ്ടാവും. ഇല്ലെങ്കില് ഈ കേരളത്തിലെ കോണ്ഗ്രസ് ഓഫീസുകള് രാഹുല് മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയില് അവര് ഞെളിഞ്ഞിരിക്കും. സീമാ ജി നായരും അനുശ്രീമാരും സംരക്ഷണം ഒരുക്കും.
ഇരയോടാണ്, നിങ്ങള് ധൈര്യമായി ഇറങ്ങു. അമ്മയെയും പെങ്ങളെയും ഭാര്യയെയും തിരിച്ചറിയാന് സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാര്ട്ടിയിലും പെട്ട) മനുഷ്യര് നിനക്കൊപ്പം ഉണ്ടാകും. ഈ സര്ക്കാരും.
Content Highlights: rahul mamkootathil sexual allegation pp divya criticizes anusree and seema g nair