മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു, ഉമ്മൻചാണ്ടിയുടെ അപരനെ അവതരിപ്പിച്ച് ശ്രദ്ധേയൻ

കളമശ്ശേരി: പ്രശസ്ത മിമിക്രി കലാകാരൻ രഘു കളമശ്ശേരി (56) അന്തരിച്ചു. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചി നേവൽബേസ് ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അപരനെ അവതരിപ്പിച്ചാണ് ഏറെ പ്രശസ്തനായത്.
മിമിക്രി മേഖലയിൽ 35 വർഷമായി സജീവമായിരുന്ന രഘു നിരവധി കലാ ട്രൂപ്പുകളിൽഅംഗമായിരുന്നു. കൊച്ചിൻ ഹരിശ്രീ യിലൂടെയാണ് മിമിക്രി കലാകാരനായത്. ഓണക്കാലത്ത് ഇറങ്ങിയിരുന്ന ‘ദേ മാവേലി കൊമ്പത്ത്’ പോലുള്ള നിരവധി കോമഡി കാസറ്റുകളിൽ സജീവ സാന്നിധ്യമായിരുന്നു. മിമിക്രിയുടെ മാറ്റമനുസരിച്ച് അപരന്മാരുടെ കാലം വന്നപ്പോൾ അപരന്മാരുടെ പ്രധാന റോളുകളിലേക്ക് രഘുവും മാറി.
ഏഷ്യാനെറ്റിന്റെ 1000 എപ്പിസോഡുകൾ പിന്നിട്ട സിനിമാല ഹാസ്യപരമ്പരയിലാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അപരനെ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയത്.
മലയാളം സീരിയലിലും സിനിമയിലുമായി ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു. ദിലീപ്, എൻ.എഫ്. വർഗീസ്, ഹരിശ്രീ അശോകൻ, ഏലൂർ ജോർജ് തുടങ്ങിയവർക്കൊപ്പം വേദികൾ പങ്കിട്ടിട്ടുണ്ട്.
ദാമുവിന്റെയും ശാരദയുടെയും മകനാണ്. കളമശ്ശേരി ചന്ദനപുറത്ത് വീട്ടിലായിരുന്നു താമസം. ഭാര്യ: ബിനു. മക്കൾ: ദേവി, ദിയ, ദേവ. സഹോദരങ്ങൾ: സുരേഷ്, ഷാജി, ഉഷ, ഇന്ദിര, പരേതരായ സുധാകരൻ, ബാബു, തങ്കപ്പൻ.
Content Highlights: Renowned Mimicry Artist Raghu Kalamassery Passes Away at 56