'ബിസ്കറ്റിനും ബിരിയാണിക്കും കൈനീട്ടാത്ത ഒരുവൻ'; ലോറൻസിന്റെ ‘തെരുവുനായ’ പരാമർശത്തെ വിമർശിച്ച് ചേരൻ

#മൂവി ഡെസ്ക്
ചേരൻ, രാഘവാ ലോറൻസ് | ഫോട്ടോ: വി. രമേഷ്\ മാതൃഭൂമി, Facebook
ചേരൻ, രാഘവാ ലോറൻസ് | ഫോട്ടോ: വി. രമേഷ്\ മാതൃഭൂമി, Facebook

നടനും നർത്തകനും സംവിധായകനുമായ രാഘവ ലോറൻസ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നടൻ വിജയ് രൂപീകരിച്ച 'തമിഴക വെട്രി കഴകം' (TVK) പാർട്ടിക്കുള്ള തന്റെ പിന്തുണയും അദ്ദേഹം അറിയിച്ചു. എന്നാൽ, ഈ പ്രഖ്യാപനത്തിന് പിന്നാലെ നടന്ന ഒരു വാർത്താസമ്മേളനത്തിൽ അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. ഈ വിഷയത്തിൽ അദ്ദേഹം വിശദീകരണം നൽകിയെങ്കിലും സംവിധായകൻ ചേരൻ ഉൾപ്പെടെ നിരവധി പേർ ലോറൻസിനെ വിമർശിച്ചു.

പുതിയ സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കവേ, ലോറൻസ് ഒരു വീട് മാറുന്നതിനോട് അതിനെ ഉപമിക്കുകയുണ്ടായി. ഒരു പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ അവിടുത്തെ പൈപ്പുകൾക്കോ ഫാനുകൾക്കോ ഉള്ള പ്രശ്നങ്ങൾ തിരിച്ചറിയാൻ സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, റോഡിലുള്ള തെരുവുനായ്ക്കൾ നമ്മെ നോക്കി കുരച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ചില തെരുവ് നായകൾ ബിസ്ക്കറ്റ് കഴിക്കില്ല, ബിരിയാണിയേ കഴിക്കൂ. അതിന് ഇഷ്ടമുള്ളതുപോലെയുള്ള ഭക്ഷണം നമ്മൾ കൊടുക്കണം. തെരുവ് നായകളുടെ കാര്യം ഇങ്ങനെയാണെങ്കിൽ, നിങ്ങൾ ഒരു നാടിനെത്തന്നെ വിശ്വസിച്ച് അവരുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുകയാണ്. മാറ്റം വേണമെന്ന് കരുതിയാണ് നിങ്ങൾ അവർക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ഇപ്പോൾ ആ മാറ്റം വന്നിട്ടുണ്ട്, അവർക്ക് കുറച്ച് സമയം അനുവദിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ സർക്കാരിന് പ്രവർത്തിക്കാൻ സമയം നൽകണമെന്നാണ് ലോറൻസ് ഇതിലൂടെ അർത്ഥമാക്കിയത്.

ഈ അഭിമുഖത്തിന്റെ ചുരുക്കിയ വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലോറൻസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. തമിഴ്‌നാട്ടിലെ ജനങ്ങളെ അദ്ദേഹം 'തെരുവുനായ്ക്കളോട്' ഉപമിച്ചു എന്ന രീതിയിലാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്. ജനാധിപത്യത്തിൽ സർക്കാരിനെ ചോദ്യം ചെയ്യുന്നത് നായ കുരയ്ക്കുന്നത് പോലെയല്ലെന്നും, ഇത് അധികാരത്തിന്റെ അഹങ്കാരമാണെന്നും ആരോപിച്ച് എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിരവധി പേർ രംഗത്തെത്തി.

വിമർശനങ്ങൾ ശക്തമായതോടെ വിശദീകരണവുമായി ലോറൻസ് തന്നെ രംഗത്തെത്തി. താൻ ജനങ്ങളെ തെരുവുനായ്ക്കളോട് ഉപമിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വിശദീകരിച്ചു. ജനങ്ങളെ താൻ സ്വന്തം അമ്മയ്ക്ക് തുല്യമായാണ് കാണുന്നതെന്നും അത്തരത്തിൽ തരംതാഴ്ത്തി സംസാരിക്കാൻ താൻ ക്രൂരനല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്ന കാര്യം സൂചിപ്പിക്കാൻ മാത്രമാണ് ആ ഉദാഹരണം നൽകിയതെന്നും, ജനങ്ങളെ എവിടെയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് നടനും സംവിധായകനുമായ ചേരൻ പ്രതികരിച്ചത്. "എന്തൊരു ബുദ്ധിപരമായ വിശദീകരണം ലോറൻസ്. നിങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ജനങ്ങളെ തെരുവ് നായകളായി ചിത്രീകരിക്കുന്നതിനെയും, ബിസ്ക്കറ്റും ബിരിയാണിയും കൊടുത്ത് ജനങ്ങളെ കുരയ്ക്കാൻ വിടാതെ നോക്കണമെന്ന് പറഞ്ഞ് ഒരു വോട്ടറുടെ വികാരത്തെ കേവലമായി അപമാനിക്കുന്ന നിങ്ങളുടെ പ്രസംഗത്തെയും ഞാൻ ശക്തമായി അപലപിക്കുന്നു.

ജനങ്ങളുടെ പ്രതിഷേധ ശബ്ദങ്ങളെ എന്തെങ്കിലും കൊടുത്ത് വായ്‌ മൂടിക്കെട്ടണം എന്ന് നിങ്ങൾ പറയുന്നതിൽ നിന്നും നിങ്ങളുടെ രാഷ്ട്രീയ യാത്ര എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായി. ഇതുവരെ നിങ്ങളിൽ ഉണ്ടായിരുന്നതായി കരുതിയ മനുഷ്യത്വത്തെപ്പോലും സംശയിക്കാൻ പ്രേരിപ്പിക്കുന്നതാണ് നിങ്ങളുടെ ഈ സംസാരം. എങ്കിലും നിങ്ങൾക്കും ഈ ജനങ്ങൾ വോട്ട് ചെയ്യും, അതുകൊണ്ട് വിഷമിക്കേണ്ടതില്ല. എന്ന്, ബിസ്ക്കറ്റിനും ബിരിയാണിക്കും വേണ്ടി കൈനീട്ടി നിൽക്കാത്ത ജനങ്ങളിൽ ഒരുവൻ." ചേരൻ പറഞ്ഞതിങ്ങനെ.

തന്റെ മുഴുവൻ വീഡിയോയും കണ്ടതിന് ശേഷം മാത്രം കാര്യങ്ങൾ വിലയിരുത്തണമെന്ന് ലോറൻസ് ആരാധകരോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിരിക്കുകയാണ്. നിലവിൽ 'കാഞ്ചന 4' എന്ന ഹൊറർ കോമഡി ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. കൂടാതെ ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ ബെൻസ് എന്ന ചിത്രത്തിലൂടെയും അദ്ദേഹം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlights: Actor-director Raghava Lawrence faced intense backlash from the public and director Cheran after using a controversial "stray dog" analogy to describe critics of the new government while announcing his political support for Vijay's TVK party.