നിറം കുറവാണെന്ന തോന്നലുണ്ടായിരുന്നു, അതുപറഞ്ഞ് കമൽഹാസൻ ഇന്നും കളിയാക്കും -രാധിക ശരത്കുമാർ

സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് തന്റെ ചർമത്തിന്റെ നിറത്തെച്ചൊല്ലി അനുഭവിച്ച അരക്ഷിതാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി നടി രാധിക ശരത്കുമാർ. കമൽ ഹാസനൊപ്പമുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ തന്റെ നിറത്തെക്കുറിച്ചുള്ള ആശങ്കകൾ എങ്ങനെയാണ് ആത്മവിശ്വാസത്തെ ബാധിച്ചതെന്ന് ഒരു അഭിമുഖത്തിൽ അവർ തുറന്നുപറഞ്ഞു. അക്കാലത്തെ സിനിമാ മേഖലയിലെ സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചും രാധിക തന്റെ ഓർമ്മകൾ പങ്കുവെച്ചു.
കെ.വിശ്വനാഥ് ഒരുക്കിയ ചിത്രത്തിന്റെ സെറ്റിൽനിന്നുള്ള ഓർമയാണ് രാധിക ശരത്കുമാർ പങ്കുവെച്ചത്. കമൽഹാസനെ പിന്നിൽനിന്ന് ആലിംഗനം ചെയ്യേണ്ട രംഗമായിരുന്നു ചിത്രീകരിച്ചിരുന്നതെന്ന് രാധിക പറഞ്ഞു. കമൽഹാസന്റെ അരികിൽ നിൽക്കുമ്പോൾ തന്റെ നിറം വളരെ കുറവാണെന്ന തോന്നൽ വല്ലാതെ അസ്വസ്ഥയാക്കി. ഇക്കാരണത്താൽ ആ രംഗം ചെയ്യാൻ മടിക്കുകയും ആ രംഗത്തോട് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇത് സെറ്റിലുണ്ടായിരുന്നവർക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നും രാധിക ഓർത്തെടുത്തു.
താൻ അസ്വസ്ഥയാകുന്നത് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ കെ. വിശ്വനാഥ് കാര്യമെന്താണെന്ന് അന്വേഷിച്ചു. തുടർന്ന് അദ്ദേഹം ഒരു പെർഫ്യൂം ബോട്ടിൽ എടുത്ത് കമൽഹാസന് ചുറ്റും സ്പ്രേ ചെയ്തു. ഇത് അവിടെയുണ്ടായിരുന്ന എല്ലാവരെയും അദ്ഭുതപ്പെടുത്തി.
പിന്നീട് രാധിക തന്റെ മടിയുടെ യഥാർത്ഥ കാരണം കമൽ ഹാസനോട് വിശദീകരിച്ചു. "നിങ്ങൾ നല്ല വെളുത്ത നിറമുള്ള ആളാണ്, എന്റെ കൈകൾക്ക് എന്റെ മുഖത്തേക്കാൾ രണ്ട് ഷേഡ് നിറം കുറവാണ്" എന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. കമൽ ഹാസനെ കെട്ടിപ്പിടിക്കുമ്പോൾ അത് വളരെ മോശമായി തോന്നുമെന്ന് താൻ ഭയപ്പെട്ടതായും അവർ വെളിപ്പെടുത്തി. എന്നാൽ കമൽ ഹാസൻ ഈ ആശങ്കയെ നിസ്സാരമായി തള്ളിക്കളഞ്ഞു.
ഇന്നും തന്നെ കാണുമ്പോൾ നിറത്തെക്കുറിച്ചുള്ള ഈ ചിന്തയെക്കുറിച്ച് അദ്ദേഹം തമാശയായി ഓർമിപ്പിക്കാറുണ്ടെന്ന് രാധിക പറഞ്ഞു. സിനിമയിൽ കൂടുതൽ വെളുത്ത നിറമുള്ള നടിമാർ എത്തിത്തുടങ്ങിയ ആ കാലഘട്ടത്തിൽ, തന്റെ നിറത്തെ അംഗീകരിച്ച് ആത്മവിശ്വാസം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു താനെന്നും രാധിക ഓർത്തെടുത്തു.
Content Highlights: Radhika Sarathkumar on Complexion Insecurities & Kamal Haasan's Gentle Reassurance