'പ്രൊഡ്യൂസർമാർ ശമ്പളം നൽകിയില്ല, കരാർ ഒപ്പിട്ടില്ല'; ആദ്യ സിനിമയിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് രാധിക ആപ്തെ

അഭിനയരംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുമ്പോൾ തന്റെ ആദ്യ സിനിമയുടെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി രാധിക ആപ്തെ. ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തിയ 2005-ലെ വാ! ലൈഫ് ഹോ തോ ഐസി! എന്ന ചിത്രത്തിലെ അനുഭവങ്ങൾ താൻ മറക്കാൻ ആഗ്രഹിക്കുന്നുവെന്ന് രാധിക തുറന്നുപറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ കരിയറിലെ മോശം തുടക്കത്തെക്കുറിച്ച് സംസാരിച്ചത്.
സിനിമയുടെ നിർമ്മാതാക്കൾ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് രാധിക പറഞ്ഞു. ‘വളരെ മോശം പ്രൊഡ്യൂസർമാരായിരുന്നു. എനിക്ക് താമസസൗകര്യം ഒരുക്കിയില്ല, പറഞ്ഞ പ്രതിഫലം നൽകിയില്ല. ഞാനും അമ്മയും കരാറിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ, 'ഊർമിള മാതോന്ദ്കർ പോലും കരാറിൽ ഒപ്പിട്ടിട്ടില്ല' എന്നായിരുന്നു അവരുടെ മറുപടി. ഞങ്ങളെ അവർ ശരിക്കും ബുദ്ധിമുട്ടിച്ചു’- രാധിക വ്യക്തമാക്കി.
സിനിമയുടെ സംവിധായകനായ മഹേഷ് മഞ്ജരേക്കർ നല്ല വ്യക്തിയായിരുന്നെന്നും അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് താൻ സിനിമയിലെത്തിയതെന്നും രാധിക പറഞ്ഞു. പ്രൊഡക്ഷൻ ടീമിന്റെ പെരുമാറ്റം അത്രയും മോശമായതിനാലാണ് ആ ചിത്രം തന്റെ കരിയറിന്റെ ഭാഗമായി കണക്കാക്കാൻ ആഗ്രഹിക്കാത്തതെന്നും രാധിക കൂട്ടിച്ചേർത്തു.
രാധിക കോളേജിൽ പഠിക്കുമ്പോൾ അഭിനയിച്ച ബ്രെയിൻ സർജൻ എന്ന നാടകം കണ്ടാണ് മഹേഷ് മഞ്ജരേക്കർ സിനിമയിലേക്ക് ക്ഷണിച്ചത്. ആ സിനിമയ്ക്ക് ശേഷം പഠനം പൂർത്തിയാക്കാൻ വേണ്ടി താരം അഭിനയത്തിൽ നിന്നും വിട്ടുനിന്നു. വർഷങ്ങൾക്ക് ശേഷമാണ് രാധിക വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്.
നിലവിൽ ടിസ്ക ചോപ്ര സംവിധാനം ചെയ്ത സാലി മൊഹബത്ത് എന്ന സൈക്കോളജിക്കൽ ത്രില്ലറിലെ അഭിനയത്തിന് രാധികയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Content Highlights: Radhika Apte opens up about traumatic experiences during her debut film `Va! Life Ho Toh Aisi!`,