എങ്ങനെയാണ് തലയോട്ടി അടിച്ചുതകർക്കുന്നതുപോലെയുള്ള രംഗങ്ങൾ പോപ്കോണും കഴിച്ച് ആസ്വദിക്കുക-രാധിക ആപ്തേ

അതിക്രമങ്ങളും രക്തച്ചൊരിച്ചിലും നിറഞ്ഞ മാസ് ആക്ഷൻ സിനിമകളോടുള്ള തന്റെ ശക്തമായ എതിർപ്പ് തുറന്നുപറഞ്ഞ് നടി രാധിക ആപ്തെ. തിയേറ്ററുകളിൽ തരംഗമാകുന്ന അമിത അക്രമദൃശ്യങ്ങളുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ താല്പര്യമില്ലെന്ന് അവർ വ്യക്തമാക്കി. ഇത്തരം സിനിമകൾ ബോക്സ് ഓഫീസിൽ വിജയം നേടുന്നുണ്ടെങ്കിലും അവയോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നാണ് രാധിക നിലപാടെടുത്തത്. അക്ക എന്ന പുതിയ വെബ്സീരീസിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാർത്താ ഏജൻസിയായ PTI-യോട് പ്രതികരിക്കുകയായിരുന്നു അവർ.
സിനിമകളിൽ കാണിക്കുന്ന കൊടും ക്രൂരതകളെ പ്രേക്ഷകർ ലളിതമായി കാണുന്നതിനെ രാധിക രൂക്ഷമായി ചോദ്യം ചെയ്തു. തലയോട്ടി അടിച്ചു തകർക്കുന്നതുപോലെയുള്ള ദൃശ്യങ്ങൾ തിയേറ്ററുകളിലിരുന്ന് ആളുകൾ പോപ്കോൺ കഴിച്ചുകൊണ്ട് കാണുന്നത് എങ്ങനെയാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. അമ്പതോളം ആളുകൾ മർദിക്കപ്പെടുന്നതും യുക്തിരഹിതമായ അക്രമങ്ങളും കാണുന്നത് അസംബന്ധമാണ്. ഇത്തരം ചിത്രങ്ങളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ തുറന്നടിച്ചു.
"ഇപ്പോൾ തരംഗമായിരിക്കുന്നത് അഹിംസയല്ല, ഹിംസയാണ്. ഞാൻ അതിനെ ശക്തമായി എതിർക്കുന്നു. ഞാൻ അതിക്രമം നിറഞ്ഞ സിനിമകൾ കാണാറില്ല. അവ എനിക്ക് അസംബന്ധമായാണ് തോന്നുന്നത്. 50 പുരുഷന്മാരോ സ്ത്രീകളോ ക്രൂരമായി മർദ്ദിക്കപ്പെടുമ്പോൾ, അതെങ്ങനെയാണ് പോപ്കോൺ കഴിച്ചുകൊണ്ട് ആസ്വദിക്കാനാകുക? അതെനിക്ക് മനസ്സിലാകുന്നില്ല. എന്റെ തലച്ചോറിന് അത് അംഗീകരിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ഞാൻ അതിന്റെ ഭാഗമാകാതിരിക്കാൻ ആഗ്രഹിക്കുന്നു." അവർ വിശദീകരിച്ചു.
2024-ൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെ തന്റെ ജീവിത മുൻഗണനകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് രാധിക വ്യക്തമാക്കി. ഒരു ദിവസം 16 മണിക്കൂർ ജോലി ചെയ്യുന്നതിന് പകരം 12 മണിക്കൂർ ജോലി സമയം ക്രമീകരിക്കാനാണ് താൻ ഇപ്പോൾ ആവശ്യപ്പെടുന്നത്. മകൾ വളരെ ചെറുതായതിനാൽ അവളോടൊപ്പം പരമാവധി സമയം ചെലവഴിക്കാനാണ് താൻ മുൻഗണന നൽകുന്നത്. അഭിനയം എന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും അല്ലാതെ അതുതന്നെയാണ് പൂർണ ജീവിതമെന്ന് താൻ കരുതുന്നില്ലെന്നും രാധിക ഓർമ്മിപ്പിച്ചു. ഭാവിയിൽ അഭിനയം പൂർണമായി നിർത്താനോ അല്ലെങ്കിൽ കൂടുതൽ സിനിമകൾ ചെയ്യാനോ സാധിച്ചേക്കാം. കാരണം ജീവിത സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
1980-കളുടെ പശ്ചാത്തലത്തിൽ രണ്ട് അധോലോക നായകരുടെ ശത്രുതയുടെ കഥ പറയുന്ന വെബ്സീരീസാണ് അക്ക. രാധിക ആപ്തെയ്ക്കൊപ്പം കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒക്ടോബർ 30-ന് റിലീസ് ചെയ്യുന്ന ഈ പരമ്പര വൈആർഎഫ് എന്റർടൈൻമെന്റും നെറ്റ്ഫ്ലിക്സും സംയുക്തമായാണ് നിർമിച്ചിരിക്കുന്നത്.
Content Highlights: Actor Radhika Apte expressed strong aversion to screen violence and current mass action trends in cinema, stating she avoids such films creatively and prioritizes reasonable working hours following the birth of her daughter, while promoting her upcoming Netflix period series Akka with Keerthy Suresh.