‘എന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് തോന്നിയാൽ നോ പറയും, അക്കാര്യം തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ല’

സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നത് കേവലം തെന്നിന്ത്യന് ചിത്രങ്ങളില് മാത്രമുള്ള കാര്യമല്ലെന്ന് നടി റാഷി ഖന്ന. വടക്കേ ഇന്ത്യന് ചിത്രങ്ങളിലും ഇത് വ്യാപകമായി കാണാറുണ്ടെന്ന് നടി പറഞ്ഞു. സൂമിന് നല്കിയ അഭിമുഖത്തിലാണ് തെന്നിന്ത്യന് ചിത്രങ്ങളെക്കുറിച്ചുള്ള വിമര്ശനത്തിന് നടി മറുപടി നല്കിയത്.
'അത് തെന്നിന്ത്യന് ചിത്രങ്ങളില് മാത്രമുള്ള കാര്യമില്ല. വടക്കേ ഇന്ത്യന് ചിത്രങ്ങളിലും ധാരാളമായി ഞാന് കണ്ടിട്ടുണ്ട്. അത് അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചുനില്ക്കുന്ന കാര്യമാണ്. ചിലര്ക്ക് അതില് ബുദ്ധിമുട്ടുണ്ടാവില്ല, എന്നാല് ചിലര്ക്ക് അങ്ങനെയല്ല. ഞാന് തെന്നിന്ത്യയില് ഒരുപാട് വാണിജ്യസിനിമകള് ചെയ്തിട്ടുണ്ട്. ഹിന്ദിയില് നല്ല ഉള്ളടക്കമുള്ള ചിത്രങ്ങള് ചെയ്യണമെന്നാണ് ആഗ്രഹം. വാണിജ്യസിനിമകള് ചെയ്യുന്നതില് വിരോധമൊന്നുമില്ല, എന്നാല് എനിക്കും പരിമിതിയുണ്ട്. ഓരോ അഭിനേതാവിന്റേയും പരിമിതികള് വ്യത്യസ്തമാണ്. അതാണ് അവര് ആരാണെന്നത് നിര്വചിക്കുന്നത്', നടി പറഞ്ഞു.
'ഞാന് ചെയ്യുന്ന കാര്യത്തില് സംതൃപ്തിയുണ്ടാവുക എന്നത് വളരേ പ്രധാനമാണ്. പരിധിവിടുന്നുവെന്നും എന്നെ മോശമായി ചിത്രീകരിക്കുന്നുവെന്നും തോന്നിയാല്, ഞാന് നോ പറയും. ഓരോ അഭിനേതാവിനും അവരുടേതായ കംഫര്ട്ട് സോണ് ഉണ്ട്, ഞാന് ആരേയും ജഡ്ജ് ചെയ്യാറില്ല', നടി കൂട്ടിച്ചേര്ത്തു.
'120 ബഹാദൂര്' ആണ് റാഷി ഖന്ന ഒടുവില് അഭിനയിച്ച ചിത്രം. ഫര്ഹാന് അക്തര് നായകനായ ചിത്രത്തില്, അദ്ദേഹത്തിന്റെ ഭാര്യാ കഥാപാത്രമായാണ് റാഷി ചിത്രത്തില് വേഷമിട്ടിരിക്കുന്നത്. തീയേറ്ററുകളില് മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇതുവരെ 15 കോടിയോളം കളക്ഷന് നേടിയിട്ടുണ്ട്.
Content Highlights: Raashii Khanna says objectification of women is ‘not just a South thing’