ദൃഢവും ഭൂതകാലവും എന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങൾ തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. ഭൂതകാലത്തിന്റെ തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും 'ഭൂതഭവനം' എന്നായിരുന്നു താൻ കഥയ്ക്ക് നൽകിയ പേരെന്നും ശ്രീലേഖ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ദൃഢം എന്ന സിനിമ കണ്ടു എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലേഖയുടെ പോസ്റ്റ് തുടങ്ങുന്നത്. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായാണ് കണ്ടത്. വർഷങ്ങൾക്ക് മുമ്പ് താൻ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'കരിങ്കുടി പോലീസ് സ്റ്റേഷൻ' എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂലകഥ എന്ന് പറഞ്ഞാൽ ഒരുതെറ്റുമില്ല എന്നും ശ്രീലേഖ പറഞ്ഞു. ശ്രവണകഥയുടെ യൂട്യൂബ് ലിങ്കും അവർ ഒപ്പം ചേർത്തിരുന്നു.
മൂന്ന് വർഷം മുമ്പ് യൂട്യൂബ് ചാനലിൽ പറഞ്ഞ അനുഭവകഥയുടെ മോഷണമാണ് ഭൂതകാലം എന്നാണ് ശ്രീലേഖയുടെ അടുത്ത ആരോപണം. ഇതിന്റെ യൂട്യൂബ് ലിങ്കും പോസ്റ്റിലുണ്ട്. രണ്ടു സിനിമകളിലേയും നായകനായ ഷെയ്ൻ നിഗത്തെ 'പറവ' കണ്ടപ്പോൾ മുതൽ തനിക്ക് ഇഷ്ടമാണ്. തനിക്കൊപ്പം ജോലി ചെയ്ത, താൻ സഹോദരനായി കാണുന്ന പോലീസുദ്യോഗസ്ഥനെ പോലെയാണ് ഷെയ്‌നിനെ കാണാൻ എന്നതാണ് ഇതിന് കാരണം എന്നും മുഹമ്മദ് എന്നാണ് ഈ പോലീസുകാരന്റെ പേരെന്നും അവർ കൂട്ടിച്ചേർത്തു.
ശ്രീലേഖയുടെ പോസ്റ്റ്
'ദൃഡം' (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച 'കരിങ്കുടി പോലീസ് സ്റ്റേഷൻ' എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.
ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.
എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് 'ഭൂതകാലം' എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.
ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ 'ഷെയിൻ നിഗം' ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ.
എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.
Content Highlights: Former IPS officer and BJP councilor R. Sreelekha claimed via Facebook that Shane Nigam's films Dridham and Bhoothakaalam are stolen from her stories. She alleged Dridham copied her short story 'Karinkudi Police Station' and Bhoothakaalam copied a video from her YouTube channel.