'കൊമ്പന്മാർ കുത്തുകൂടുമ്പോൾ വിജയ് ദേവരകൊണ്ട കാരവാനിൽ, സംഭവം ലാസ്റ്റ് ഷോട്ടിന്റെ റീ ടേക്കിനിടെ'

പുതുപ്പള്ളി സാധുവിനെ ചിത്രീകരണത്തിനു മുൻപ്‌ തുണ്ടം വനമേഖലയിലെ മരപ്പാലം ഫോറസ്റ്റ് സ്റ്റേഷനു സമീപം മരത്തിൽ തളച്ചനിലയിൽ, വിജയ് ദേവരകൊണ്ട | Photo: Mathrubhumi, AFP
പുതുപ്പള്ളി സാധുവിനെ ചിത്രീകരണത്തിനു മുൻപ്‌ തുണ്ടം വനമേഖലയിലെ മരപ്പാലം ഫോറസ്റ്റ് സ്റ്റേഷനു സമീപം മരത്തിൽ തളച്ചനിലയിൽ, വിജയ് ദേവരകൊണ്ട | Photo: Mathrubhumi, AFP

കോതമംഗലം (എറണാകുളം): ഭൂതത്താൻകെട്ടിനു സമീപം വനമേഖലയിൽ സിനിമാ ചിത്രീകരണത്തിനിടെ കൊമ്പന്മാർ കുത്തുകൂടിയ സമയത്ത്‌ നായകൻ വിജയ് ദേവരകൊണ്ട കാരവാനിലായിരുന്നുവെന്ന് ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ. എന്നാൽ, താരം ചിത്രീകരണസ്ഥലത്ത് ഉണ്ടായിരുന്നില്ല. വിജയ് ദേവരകൊണ്ടയുടെ ഡ്യൂപ്പിനെ വെച്ചായിരുന്നു ആ സമയത്തെ ഷൂട്ടിങ്. ദേവരകൊണ്ട ചിത്രീകരണസ്ഥലത്തേക്ക് വരാനിരുന്നപ്പോഴാണ് ആനകൾ കുത്തുകൂടിയതെന്നും ജോമോൻ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യത്തെ തവണ കൊമ്പൻ മണികണ്ഠന്റെ കുത്തേറ്റിട്ടും നേരത്തെനിന്ന സ്ഥലത്തേക്ക് സാധു തിരിച്ചെത്തിയിരുന്നു. രണ്ടാമത്തെ കുത്ത്‌ കുറച്ച് ശക്തിയേറിയതായിരുന്നു. തുടർന്നാണ് പുതുപ്പള്ളി സാധു കാടുകയറിയത്. ആനയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്താണ് സംഭവമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വശത്തും കാടാണ്, നടുവിൽ ഒരു റോഡ് മാത്രമേയുള്ളൂ. എല്ലാവരും പേടിച്ചോടി. കൂടെ ജോലി ചെയ്യുന്ന ഒരാൾ കാമറയുമായി വീണു. ആർക്കും പരിക്കുകളൊന്നുമില്ല. കേരളത്തിൽ ഒരുമാസത്തെ ഷൂട്ടാണ് ചാർട്ട് ചെയ്തിരുന്നത്‌. പകുതിയേ പൂർത്തിയായിട്ടുള്ളൂ. രണ്ടുദിവസം കൂടിയേ ഇവിടെ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സമാധാനപരമായാണ് ഷൂട്ടിങ് പുരോഗമിച്ചതെന്നും ജോമോൻ പറഞ്ഞു.

ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് എത്തിച്ചിരുന്നത്. വൈകീട്ട് അഞ്ചുമണിയോടെ ചങ്ങലകൾ അഴിച്ചുമാറ്റി ആനകൾ റോഡ് കുറുകെ കടക്കുന്ന സീൻ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠൻ എന്ന കൊമ്പൻ, സാധു എന്ന കൊമ്പനെ കുത്തിയത്. കുത്തേറ്റ സാധു കാട്ടിലേക്ക് ഓടുകയായിരുന്നു.

Content Highlights: Jomon T John about Elephant incident in Vijay Devarakonda Movie