‘പി.ടി കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തിയത് വിരുന്നുസത്കാരത്തിന്’; പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പോലീസ്

#സ്വന്തം ലേഖകന്‍
പി.ടി. കുഞ്ഞുമുഹമ്മദ് | ഫോട്ടോ: മാതൃഭൂമി
പി.ടി. കുഞ്ഞുമുഹമ്മദ് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഇടതുസഹയാത്രികനും മുന്‍എംഎല്‍എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ വൈകി നടപടിയുമായി പോലീസ്. പരാതിക്കാരിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. തുടര്‍ന്ന് സംവിധായകനെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് കന്റോണ്‍മെന്റ് പോലീസിന്റെ തീരുമാനം.

ഐഎഫ്എഫ്‌കെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ സംവിധായകന്‍ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍ മുറിയില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്രപ്രവര്‍ത്തകയുടെ പരാതി. മുറിയില്‍ വിരുന്നു സത്കാരത്തിനായാണ് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ച് വരുത്തിയത്. തുടര്‍ന്ന് അതിക്രമം നടത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചലച്ചിത്ര പ്രവര്‍ത്തക ആദ്യം പരാതി നല്‍കിയത്. നവംബര്‍ 27-ന് ഇ- മെയിലായി പരാതി നല്‍കുകയായിരുന്നു. ഡിസംബര്‍ രണ്ടിന് മാത്രമാണ് പരാതി പോലീസിന് കൈമാറിയത്. തുടര്‍ന്നും വൈകി ഡിസംബര്‍ എട്ടിന് മാത്രമാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ കേസെടുക്കാന്‍ ഗുരുതരകാലതാമസമുണ്ടായെന്ന് വിമര്‍ശനമുണ്ട്. പരാതിയെ സാധൂകരിക്കുന്ന പ്രാഥമിക തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Content Highlights: Police will soon record the statement of the complainant in the sexual assault case against PT Kunju Muhammed, former MLA and director