പ്രശ്നക്കാർ ഇനിയുമുണ്ട്, നിർമാതാവിനെ എങ്ങനെ കുഴപ്പിക്കാമെന്നാണ് പല താരങ്ങളുടേയും ചിന്ത -സുരേഷ് കുമാർ

കൊച്ചി: സിനിമാ മേഖലയിൽ കൂടുതൽ താരങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ. ഷെയ്ൻ നിഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയത് മറ്റുള്ളവർക്കുള്ള ഒരു മുന്നറിയിപ്പാണ്. രാസലഹരി ഉപയോഗിക്കുന്നവരുടെ പേര് സർക്കാരിന് കൈമാറിയിട്ടുണ്ട്. അഭിനയത്തിന് കൂടുതൽ വേതനം വാങ്ങുന്നവരെ മാറ്റി നിർത്തും. ഇവർക്ക് പകരം പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നും ജി. സുരേഷ് കുമാർ പറഞ്ഞു.
കൊച്ചിയിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേയാണ് രണ്ട് താരങ്ങളുടെ വിലക്ക് ഒരു മുന്നറിയിപ്പാണെന്ന് ജി. സുരേഷ് കുമാർ വ്യക്തമാക്കിയത്. ലഹരി ഉപയോഗിക്കുന്നവരും പ്രശ്നക്കാരുമായ നിരവധി പേരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരെയെല്ലാം മാറ്റിനിർത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. അങ്ങനെയുള്ളവരെ മലയാളസിനിമയിൽ വേണ്ട. രാവിലെ വന്ന് കാരവാനിൽ കയറി ലഹരി ഉപയോഗിച്ച് സിനിമയിലഭിനയിക്കാനിറങ്ങുക എന്നുപറയുന്നത് ഒരു ശരിയായ രീതിയല്ലെന്നും സുരേഷ് കുമാർ പറഞ്ഞു.
അഭിനയം കഴിഞ്ഞിട്ട് അവർ എവിടെ വേണമെങ്കിലും പോയി എന്തുവേണമെങ്കിലും ചെയ്തോട്ടെ. അതവരുടെ ഇഷ്ടം. അല്ലാതെ സെറ്റിൽ വന്ന് ഇതൊക്കെ ഉപയോഗിക്കുക എന്നൊക്കെ പറഞ്ഞാൽ നമ്മൾ അതനുവദിച്ച് കൊടുക്കില്ല. ഒരു നിർമാതാവിനെ എങ്ങനെ കുഴപ്പിക്കാം എന്ന ആലോചനയിലാണ് പല താരങ്ങളും. അതാരെന്ന് ഞാൻ പറയില്ല. സമയമാവുമ്പോൾ അവരുടെ പേര് പറയും. പുതുതലമുറയിൽ മര്യാദക്കാരായിട്ടുള്ള ഒത്തിരി യുവതാരങ്ങളുണ്ട്. പക്ഷേ ചിലർ വളരെ പ്രശ്നമാണ്. വിളിച്ചാൽ സമയത്ത് ഡബ്ബിങ്ങിന് വരില്ല. ആളുകൾ കാത്തിരിക്കുക, രാത്രിയാവുമ്പോൾ കയറിവരും. ഈ രണ്ടുപേർ മാത്രമല്ല ഇവിടെ പ്രശ്നക്കാർ.
സർക്കാർ ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കാൻ പാടില്ല. ശക്തമായ നടപടി സ്വീകരിക്കണം. എല്ലാവരും കൂടി ഇടപെട്ടാലേ ഈ ഇൻഡസ്ട്രി നന്നാവൂ. സർക്കാർ ഇത്തരം ആളുകളുടെ സ്വാധീനത്തിൽ വീഴുന്നുണ്ടെന്ന് തോന്നുന്നില്ല. അറിഞ്ഞാൽ എന്തായാലും നടപടിയെടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പോലീസായാലും ഈ മേഖലയിൽ കയറി ഒരു പ്രശ്നമുണ്ടാക്കേണ്ട എന്നുകരുതിയിട്ടായിരിക്കും. മലയാളസിനിമയിൽ താങ്ങാൻപറ്റാത്ത പ്രതിഫലമാണ് എല്ലാവരും വാങ്ങുന്നത്. പ്രതിഫലം കുറയ്ക്കണമെന്ന് അവരോട് അപേക്ഷിക്കും. ഇല്ലെങ്കിൽ എല്ലാം പൂട്ടിക്കെട്ടി അവിടെ നിൽക്കും. കുറച്ചുനാൾ ഇൻഡസ്ട്രി അങ്ങനെ നിൽക്കട്ടെയെന്ന് കരുതുമെന്നും സുരേഷ് കുമാർ പറഞ്ഞു.
Content Highlights: producer g suresh kumar interview, suresh kumar about ban on sreenath bhasi and shane nigam