'കല്‍ക്കി 2'-ല്‍ ദീപികയ്ക്ക് പകരം പ്രിയങ്ക ചോപ്ര എത്തുമോ?; ചൂടുപിടിച്ച് ചര്‍ച്ചകള്‍

'കല്‍ക്കി- 2'-ല്‍ നിന്നും ദീപികാ പദുക്കോണ്‍ തന്റെ പിന്മാറ്റം പ്രഖ്യാപിച്ചതു മുതല്‍ ചിത്രത്തിലെ നടിയുടെ പകരക്കാരി ആരായിരിക്കുമെന്നറിയാന്‍ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും നിര്‍മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ദീപികാ പദുക്കോണിന് പകരക്കാരിയായി ചിത്രത്തില്‍ പ്രിയങ്ക ചോപ്ര വരുമെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്ന അഭിപ്രായം.
ലോകമെമ്പാടും പ്രിയങ്ക ചോപ്രയ്ക്കുള്ള ആരാധക പിന്തുണയും ഒരു പ്രധാന ഘടകമായതിനാല്‍ നിര്‍മാതാക്കള്‍ പ്രിയങ്കയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്കയെ കൂടാതെ ആലിയ ഭട്ട്, സായ് പല്ലവി, അനുഷ്‌ക ഷെട്ടി എന്നിവരെയും നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പരിഗണിക്കുന്നുണ്ട്.
പ്രഭാസടക്കമുള്ള വന്‍ താരനിരയില്‍ അണിനിരക്കാനും ചിത്രത്തിന്റെ തുടര്‍ച്ചയെ വലിയ വിജയത്തിലേക്ക് നയിക്കാനും കഴിവുള്ള ഒരു നടിയെയാണ് നിര്‍മാതാക്കള്‍ പരിഗണിക്കുന്നതെന്നാണ് വിവരം.
'കല്‍ക്കി 2'-ല്‍ നിന്നുള്ള ദീപികയുടെ പിന്മാറ്റം
2025 തുടക്കത്തിലാണ് കല്‍ക്കി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അവരുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ 'കല്‍ക്കി 2'-ല്‍ നിന്നുള്ള ദീപികയുടെ പിന്മാറ്റം പ്രഖ്യാപിച്ചത്. 'കല്‍ക്കി' പോലുള്ള ഒരു സിനിമയ്ക്ക് 'കമ്മിറ്റ്‌മെന്റ് ആവശ്യമാണ്' എന്നതിനാല്‍ ദീപിക ഇനി പ്രോജക്റ്റിന്റെ ഭാഗമല്ലെന്നാണ് പ്രഖ്യാപനത്തില്‍ പറഞ്ഞത്.
'#Kalki2898AD യുടെ വരാനിരിക്കുന്ന സീക്വലില്‍ ദീപികാ പദുക്കോണ്‍ ഭാഗമായിരിക്കില്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ശ്രദ്ധാപൂര്‍വമായ പരിഗണനയ്ക്ക് ശേഷം, ഞങ്ങള്‍ പിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. ആദ്യ സിനിമയുടെത് നീണ്ട യാത്രയായിട്ടും, ഞങ്ങള്‍ക്ക് ജോലിയില്‍ പാര്‍ട്‌നര്‍ഷിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. Kalki 2898 AD പോലുള്ള ഒരു സിനിമയ്ക്ക് ആ സമര്‍പ്പണവും അതില്‍ കൂടുതലും ആവശ്യമാണ്. അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ എല്ലാ ആശംസകളും നേരുന്നു,' കുറിപ്പില്‍ പറയുന്നു.
ദീപിക തന്റെ പ്രതിഫലത്തില്‍ 25 ശതമാനം വര്‍ധനവും എട്ട് മണിക്കൂര്‍ ജോലി സമയവും ആവശ്യപ്പെട്ടതിനാലാണ് 'കല്‍ക്കി 2' നിര്‍മാതാക്കള്‍ നടിയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പിന്നീട് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍മാതാക്കള്‍ ഈ രണ്ട് ആവശ്യങ്ങളും നടിയുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദീപിക അത് അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Speculation mounts as Priyanka Chopra is reportedly considered to replace Deepika Padukone in Prabhas` highly anticipated film, Kalki 2. Get the latest updates here.