പുരുഷ സഹതാരത്തേക്കാൾ കുറഞ്ഞ പ്രതിഫലം കിട്ടിയ സന്ദർഭങ്ങളുണ്ട്, സ്വന്തം വിപണിമൂല്യം മനസിലാക്കി പ്രതിഫലം ചോദിക്കണം -പ്രിയാമണി

പ്രിയാമണി | ഫോട്ടോ: www.instagram.com/pillumani/
പ്രിയാമണി | ഫോട്ടോ: www.instagram.com/pillumani/

ലച്ചിത്ര വ്യവസായത്തിൽ നടീനടന്മാർക്ക് നൽകുന്ന പ്രതിഫലത്തിലെ വ്യത്യാസവുമായി ബന്ധപ്പെട്ട് പല താരങ്ങളും തങ്ങളുടെ അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെ പ്രതിഫലത്തെക്കുറിച്ചുള്ള തൻ്റെ സ്വന്തം അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടി പ്രിയാമണി. സിനിമയിൽ ലിംഗപരമായ വേതന വ്യത്യാസമുണ്ടെന്നത് സത്യമാണെന്ന് അവർ പറഞ്ഞു. സ്വന്തം വിപണിമൂല്യം എന്താണെന്ന് തിരിച്ചറിഞ്ഞ് പ്രതിഫലം ചോദിക്കണമെന്നും അവർ പറഞ്ഞു.

“അത് ശരിയാണ്. പക്ഷേ അത് കുഴപ്പമില്ല. നിങ്ങളുടെ വിപണി മൂല്യം എന്താണോ, അത് നിങ്ങൾ ചോദിക്കണം, അതിനനുസരിച്ച് നിങ്ങൾക്ക് പ്രതിഫലം ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ പുരുഷ സഹതാരത്തേക്കാൾ കുറഞ്ഞ പ്രതിഫലം എനിക്ക് ലഭിച്ച സമയങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും അത് എന്നെ അലട്ടുന്നില്ല. എൻ്റെ വിപണി മൂല്യവും എൻ്റെ വിലയും എനിക്കറിയാം. ഇതെൻ്റെ അഭിപ്രായവും അനുഭവവുമാണ്. ഞാൻ അർഹിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്ന പ്രതിഫലം ഞാൻ ആവശ്യപ്പെടും. അനാവശ്യമായ ഉയർന്ന നിരക്കിലുള്ള പ്രതിഫലം ഞാൻ ചോദിക്കില്ല,” പ്രിയാമണി പറഞ്ഞു. സിഎൻഎൻ ന്യൂസ്-18 ഷോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

ദീപിക പദുകോൺ, ആലിയ ഭട്ട്, കങ്കണ റണൗട്ട്, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര ജോനാസ്, തപ്‌സി പന്നു, റിച്ച ഛദ്ദ തുടങ്ങിയ താരങ്ങളെല്ലാം ഒരു സിനിമയുടെ വിജയത്തിൽ നായികമാർ തുല്യമായി സംഭാവന നൽകുമ്പോഴും പുരുഷ സഹതാരങ്ങൾ എങ്ങനെയാണ് കൂടുതൽ സമ്പാദിക്കുന്നതെന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ദീപികയെയും പ്രിയങ്കയെയും പോലുള്ള ചിലർ തങ്ങളുടെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി വിലപേശുന്നതിന് ഊന്നൽ നൽകിയപ്പോൾ, കങ്കണയെയും തപ്‌സിയെയും പോലുള്ളവർ ബോളിവുഡിൽ സ്ത്രീകളെ വ്യവസ്ഥാപിതമായി വിലകുറച്ച് കാണുന്നതിനെയാണ് എടുത്തുപറഞ്ഞത്.

മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് പ്രിയാമണി ഒടുവിൽ വേഷമിട്ടത്. മനോജ് ബാജ്‌പേയിയോടൊപ്പമുള്ള 'ഫാമിലി മാൻ സീസൺ 3'-യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

Content Highlights: Actress Priyamani candidly discusses her experiences with the gender pay gap in cinema, her market value, and the ongoing discussions about remuneration in the industry.