'തേന്മാവിൻ കൊമ്പത്ത്' കൂട്ടുകാരോടൊപ്പം കാണണം, ആ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം, ആഘോഷിക്കണം -പ്രിയദർശൻ

മലയാളത്തിലെ ക്ലാസിക് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ അടുത്ത മാസം 4K ദൃശ്യമികവിൽ വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. ഈയവസരത്തിൽ സംവിധായകൻ പ്രിയദർശൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. കൂട്ടുകാർക്കൊപ്പം ഈ ചിത്രം ബിഗ് സ്ക്രീനിൽ കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണമെന്നും അദ്ദേഹം കുറിച്ചു.
പ്രിയദർശന്റെ സോഷ്യൽ മീഡിയാ കുറിപ്പ്
ചില സിനിമകൾ കാലാതീതമായി പ്രേക്ഷമനസ്സിൽ നിലനിൽക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്, മോഹൻലാലുമായി ചേർന്ന് ഞാൻ ചെയ്ത 'തേൻമാവിൻ കൊമ്പത്ത്'. 2 ദേശീയ പുരസ്‌കാരങ്ങളും 5 സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാർഡ് സിനിമകൾക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയിൽ.
മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു വയസ്സുണ്ടായിരുന്ന കുഞ്ഞിന്, ഇന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ്. ഒരുപക്ഷേ നിങ്ങളിൽ പലരും ഈ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകും. എങ്കിലും തിയേറ്റർ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ.
എനിക്കൊരു അഭ്യർത്ഥനയുണ്ട്: കൂട്ടുകാരോടൊപ്പം ഈ സിനിമ കാണണം. ബിഗ് സ്‌ക്രീനിൽ, ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. ഉത്സവപ്രതീതിയോടെ ഈ ചിത്രം നിങ്ങൾ വീണ്ടും ആഘോഷിക്കും എന്നുറപ്പാണ്. ഒക്ടോബർ 8ന് ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിൽ.
8Kയിൽ സ്കാൻ ചെയ്ത ആദ്യ മലയാളചിത്രം
ഇതുവരെ റീ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി 8-കെ നിലവാരത്തിൽ സ്കാൻചെയ്ത ചിത്രമാകും ഇത്. മൂന്നരവർഷത്തിനിടെ 14 മലയാള ചിത്രങ്ങൾ റീ റിലീസ് ചെയ്തെങ്കിലും എല്ലാംപഴയ ഫിലിമിൽനിന്ന് 4-കെ നിലവാരത്തിൽ സ്കാൻചെയ്ത് റീ മാസ്റ്റർ ചെയ്തവയായിരുന്നു. ഈ സിനിമയുടെ ഏറെ പ്രത്യേകതകളുള്ള ദൃശ്യഭംഗി പ്രേക്ഷകർക്ക് പരമാവധി ആസ്വദിക്കാനായിട്ടാണ് 8-കെ നിലവാരത്തിൽ ഫിലിം സ്കാൻ ചെയ്തത്. ചിത്രത്തിന്റെ പഴയ ഫിലിംപ്രിന്റ് കണ്ടെത്താൻ പ്രയാസമായിരുന്നു. ഒടുവിൽ ചിത്രത്തിന്റെ നിർമാതാവ് എൻ. ഗോപാലകൃഷ്ണന്റെ മകൻ അനിൽകുമാർവഴിയാണ് ഫിലിം പ്രിന്റ് ലഭിച്ചത്. ചിത്രത്തിലെ ഒരു പ്രിന്റ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്നു. ചിത്രാഞ്ജലിയിലാണ് അനിൽകുമാർ ജോലിചെയ്തിരുന്നത്.
ലഭ്യമായ പ്രിന്റിന് കാലപ്പഴക്കത്തിന്റെ പ്രശ്നങ്ങളുള്ളതുകൊണ്ടുകൂടിയാണ് 8-കെയിൽ സ്കാൻ ചെയ്തത്. ചിത്രത്തിലെ ദൃശ്യങ്ങൾ, അതിലുടനീളമുള്ള വെളിച്ചവിന്യാസം എന്നിവ ഏറെ പ്രത്യേകതയുള്ളതാണ്. മികച്ച ക്യാമറമാനുള്ള ദേശീയപുരസ്കാരം ഈ സിനിമയിലൂടെ കെ.വി. ആനന്ദിന് ലഭിച്ചതാണ്.
തേന്മാവിൻ കൊമ്പത്ത് റി-റിലീസ് ഒക്ടോബർ എട്ടിന്
1994-ലാണ് തേന്മാവിൻ കൊമ്പത്ത് ആദ്യമായി തിയേറ്ററുകളിലെത്തിയത്. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും പ്രിയദർശനാണ്. ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, സോണിയ, സുകുമാരി, ശരത് സക്സേന എന്നിവരായിരുന്നു മറ്റുവേഷങ്ങളിൽ. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്‌സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. കെ.വി. ആനന്ദ് ഛായാഗ്രഹണവും ബേണി ഇഗ്നേഷ്യസ് സംഗീത സംവിധാനവും നിർവഹിച്ചു. റീ റിലീസിനായി ചിത്രം 4Kയിൽ റീ മാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്‌സും ചേർന്നാണ്.
Content Highlights: Director Priyadarshan shared an emotional note as his classic film Thenmavin Kombath, starring Mohanlal and Shobana, prepares for a grand 4K re-release on October 8 after being scanned in 8K resolution, urging fans to experience its magic together on the big screen.